Connect with us

Gulf

യു എ ഇ; സമാധാനപരമായ അതിജീവനത്തിന്റെ മികച്ച മാതൃക: ശൈഖ് മുഹമ്മദ്‌

Published

|

Last Updated

ദുബൈ: രാജ്യം സമാധാനപരമായ അതിജീവനത്തിന്റെ മികച്ച മാതൃകയാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. വൈ പി ഒ (യംഗ് പ്രസിഡന്റ്‌സ് ഓര്‍ഗനൈസേഷന്‍)യുടെ മിന മേഖലയെ പ്രതിനിധീകരിക്കുന്ന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശൈഖ് മുഹമ്മദ്.
സൗഹാര്‍ദത്തിന് മുന്തിയ പരിഗണന രാജ്യം നല്‍കുന്നതിനാലാണ് ഇരുനൂറില്‍പരം രാജ്യങ്ങളിലെ പൗരന്മാര്‍ യു എ ഇയില്‍ വസിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
രൂപീകൃതമായതു മുതല്‍ മേഖലാ വിഷയങ്ങളിലും രാജ്യാന്തര പ്രശ്‌നങ്ങളിലും വളരെ പ്രധാനപ്പെട്ട പങ്കാണ് യു എ ഇ വഹിച്ചുവരുന്നത്. 140 രാജ്യങ്ങളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ ചുക്കാന്‍പിടിക്കുന്നുണ്ട്. ഭാവിയെ കണ്ടുകൊണ്ട് ഗുണമേന്മ ഉറപ്പാക്കിയുള്ള പദ്ധതികളില്‍ നിന്ന് രാജ്യത്തിനൊപ്പം ലോകത്തിനും നേട്ടമുണ്ടാവാനാണ് യു എ ഇ പ്രവര്‍ത്തിക്കുന്നത്. ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ബൃഹത്തായ പദ്ധതികളും തന്ത്രങ്ങളുമായാണ് യു എ ഇ മുന്നേറുന്നത്. രാജ്യത്തിന്റെ പുരോഗതിയില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണ്. യുവാക്കളെ പ്രചോദിപ്പിക്കണം. അവരുടെ സ്വപ്‌നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും നാം മുന്തിയ പരിഗണന നല്‍കണം. എന്നാലേ ഏത് രാജ്യത്തിനും പുരോഗതിയിലേക്ക് കുതിക്കാനാവൂ.
യാഥാര്‍ഥ്യത്തിലേക്കുള്ള വീക്ഷണം എന്ന പേരിലുള്ള സമ്മേളനം വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂം ഒപ്പമുണ്ടായിരുന്നു. രണ്ടുദിവസത്തെ സമ്മേളനത്തില്‍ 130 രാജ്യങ്ങളില്‍നിന്നായി 2,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ബിസിനസ്, രാഷ്ട്രീയം, തത്വചിന്ത, മാനുഷികത എന്നീ വിഷയങ്ങളില്‍ ലോകത്തെ പ്രഗത്ഭരായ ചിന്തകരാണ് വൈ പി ഒ എഡ്ജില്‍ പ്രഭാഷണം നടത്തുന്നത്.
ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ വൈ പി ഒ എഡ്ജ് ലോസ് ആഞ്ചല്‍സില്‍ നിന്നുള്ള മൈക് മോഹറിന് മികച്ച സേവനം കാഴ്ച വെക്കുന്ന പ്രതിഭക്കുള്ള രാജ്യാന്തര പുരസ്‌കാരം റേ ഹിക്കോക്ക് സമ്മാനിച്ചു.
രാജ്യാന്തര സൗഹൃദത്തിനുള്ള ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ റീം അല്‍ ഹാഷിമി, ദുബൈ ട്രേഡ് സെന്റര്‍ സി ഇ ഒ ഹിലാല്‍ സഈദ് അല്‍ മറി, ദുബൈ പ്രോട്ടോകോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സഈദ് സുലൈമാന്‍ പങ്കെടുത്തു.

Latest