Connect with us

International

ലിബിയന്‍ പ്രതിസന്ധി: ബ്രിട്ടനെയും ഫ്രാന്‍സിനെയും വിമര്‍ശിച്ച് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ലിബിയന്‍ ഇടപെടലിനെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരെയും ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കെതിരെയും ആഞ്ഞടിച്ചു. അമേരിക്കയുടെ വളരെ അടുത്ത സഖ്യരാജ്യങ്ങളാണ് രണ്ടും. ലിബിയന്‍ നേതാവായിരുന്ന ഗദ്ദാഫിയുടെ ഭരണം നിലംപൊത്തിയ ശേഷം ഈ രണ്ട് നേതാക്കളും കൈകൊണ്ട തീരുമാനങ്ങളുടെ പേരിലാണ് ഒബാമ ഇവരെ വിമര്‍ശിച്ചത്. അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വളരെ അപൂര്‍വമായ ഈ വിമര്‍ശം ഒബാമ നടത്തിയത്. നാറ്റോയുടെ നേതൃത്വത്തിലുള്ള സഖ്യം 2011ല്‍ ലിബിയയില്‍ ഇടപെട്ടപ്പോള്‍ കാമറൂണ്‍ പുറംതിരിഞ്ഞുനിന്നു. സാര്‍ക്കോസി തന്റെ രാജ്യത്തെ സേവിച്ചുകൊണ്ടും നിന്നു- ഒബാമ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒബാമയുടെ വിമര്‍ശത്തെ, യു എസ് പ്രസിഡന്റില്‍ നിന്ന് ബ്രിട്ടീഷ് നേതാവിനേറ്റ അവിചാരിത ആക്രമണമെന്ന് ബ്രിട്ടീഷ് മാധ്യമം ദി ഇന്‍ഡിപെന്‍ഡന്റ് വിശേഷിപ്പിച്ചു. അപ്രതീക്ഷിതമെന്നാണ് ദി ടൈംസ് ഇതിനെ പരാമര്‍ശിച്ചത്.
മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയയിലെ ഭരണം അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ ബോംബാക്രമണത്തിലൂടെ അവസാനിച്ചിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ തനിക്ക് കൂടുതല്‍ വിശ്വാസമുണ്ടായിരുന്നു. ഗദ്ദാഫിയുടെ ഭരണ ശേഷം ലിബിയക്ക് മുന്‍ഗണന നല്‍കി. എന്നാല്‍ സൈനിക നടപടി അവസാനിച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ ലിബിയയില്‍ നിന്ന് ശ്രദ്ധതിരിച്ചു. മറ്റു ചില കാര്യങ്ങളുടെ പേരിലായിരുന്നു ഈ പിന്‍മാറ്റമെന്നും ഒബാമ വിമര്‍ശിച്ചു.
ലിബിയയിലെ പ്രശ്‌നത്തിന്റെ പേരില്‍ കാമറൂണിനെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഒബാമയുടെ ഏറ്റവും അടുത്ത പങ്കാളിയാണ് അദ്ദേഹമെന്ന് യുഎസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി. ഫ്രാന്‍സ് നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.