International
ട്രംപിന് രണ്ടിടത്ത് പരാജയം; യു എസില്‍ മത്സരം കനക്കുന്നു
വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള പോരാട്ടം മുറുകുന്നു. സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി രംഗത്തുള്ള ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് പരാജയപ്പെട്ടതോടെയാണ് മത്സരം കനത്തത്. തലസ്ഥാനമായ വാഷിംഗ്ടണിലും വ്യോമിംഗിലുമാണ് ട്രംപ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.
ഫ്‌ളോറിഡാ സെനറ്ററായ മാര്‍ക്കോ റൂബിയോ വാഷിംഗ്ടണില്‍ വെന്നിക്കൊടി പാറിച്ചു. 37.3 ശതമാനം വോട്ട് നേടി റൂബിയോ ഒന്നാമതെത്തിയപ്പോള്‍ 35.5 ശതമാനം വോട്ട് നേടിയ ഒഹിയോ ഗവര്‍ണര്‍ ജോണ്‍ കാസിച്ച് രണ്ടാമതെത്തി. 13.8 ശതമാനം വോട്ടുമാത്രം നേടിയ ട്രംപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാഷിംഗ്ടണ്‍ പൊതുവേ ഡെമോക്രാറ്റിക് പക്ഷത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് എന്നതാണ് ട്രംപ് അനുകൂലികള്‍ സമാധാനിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിത്വ തിരഞ്ഞെടുപ്പില്‍ വാഷിംഗ്ടണും നിര്‍ണായകമാണെന്ന് ട്രംപ് വിരുദ്ധര്‍ പറയുന്നു.
പടിഞ്ഞാറന്‍ സംസ്ഥാനമായ വ്യോമിംഗിലും ട്രംപ് മൂന്നാമതായി. ടെക്‌സാസ് സെനറ്ററായ ടെഡ് ക്രൂസ് 66.3 ശതമാനം വോട്ട് നേടി ഒന്നാമതെത്തിയപ്പോള്‍ 19.5 ശതമാനം വോട്ടുമായി റൂബിയോ ആണ് രണ്ടാമത്. 7.2 ശതമാനം വോട്ട് മാത്രം നേടാനായ ട്രംപ് ഇവിടെയും മൂന്നാംസ്ഥാനത്തായി. ചിക്കാഗോയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ട്രംപിന്റെ കാമ്പയിന്‍ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. ട്രംപിന്റെ പ്രകോപനപരമായ സമീപനമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് എതിരാളികള്‍ വ്യക്തമാക്കുമ്പോള്‍ പ്രക്ഷോഭകരെ പഴിക്കുകയാണ് ട്രംപ്. മുസ്‌ലിം വിരുദ്ധ പ്രസ്താവനയാല്‍ കുപ്രസിദ്ധമായ ട്രംപിന് ഏല്‍ക്കുന്ന തിരിച്ചടി വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടുന്നത്.
മറ്റൊരു വോട്ടെടുപ്പില്‍ ഉത്തര മാരിയാനാ ദ്വീപുകളില്‍ ഡെമോക്രാറ്റിക് ചേരിയില്‍ നിന്ന് ഹിലാരി ക്ലിന്റണ്‍ വിജയിച്ചു. വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് ആണ് ഇവിടെ ഹിലാരിക്ക് തൊട്ടു പിറകിലെത്തിയത്. ഡെമോക്രാറ്റിക് ചേരിയില്‍ ഹിലാരി സുരക്ഷിതമായ നിലയിലാണ് ഇപ്പോഴുള്ളത്.