Kerala
ആനക്കയം പാലം: എതിര്‍പ്പുമായി വനംവകുപ്പ്
കോതമംഗലം :ആനക്കയത്ത് പാലത്തിനുള്ള അനുമതിനല്‍കില്ലെന്ന് വനംവകുപ്പ്. നെടുമ്പാശ്ശേരി- കൊടൈക്കനാല്‍ ഹൈവേ ത്രിശങ്കുവില്‍. നെടുമ്പാശ്ശേരിയില്‍ നിന്നും കൊടൈക്കനാലിലേക്ക് മലയാറ്റൂര്‍, മാങ്കുളം, മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന വനമേഖലകളിലൂടെ കടന്നുപോകുന്ന ഹൈവേ ജനങ്ങളുടെ ഏറെകാലത്തെ പ്രതീക്ഷയാണ്.ഹൈവേയുടെ ഭാഗമായി പ്രധാനപാലം വരുന്നത് ഇടമലയാര്‍- കുട്ടമ്പുഴ ആറുകളുടെ സംഘമസ്ഥാനമായ ആനക്കയത്താണ.് ഇവിടെ പാലത്തിന് ടെഡര്‍ നടപടികള്‍ നാല് വര്‍ഷം മുമ്പെ പൂര്‍ത്തിയായങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായില്ല.വനം വകുപ്പിന്റെ എതിര്‍പ്പായിരുന്നു കാരണം.
പിന്നീട് പല ഇടപെടലുകളും ഉണ്ടായെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു നീക്കവും നടന്നില്ല. എന്നാല്‍ അടുത്തിടെ ജനപ്രധിനിധികളും നാട്ടുകാരും സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ ദിവസം ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകയത്ത് എത്തിയിരുന്നു. വനംവകുപ്പ് സെക്രട്ടറി പി.മാര പാണ്ഡ്യന്റെ നേതൃത്വത്തില്‍ ഡി എഫ് ഒ മാരായ നരേന്ദ്രബാബു,ഒ വിജയാനന്ദ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് എത്തിയത് പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥസംഘം ആനകയത്ത് പാലം നിര്‍മിക്കാന്‍ ഒരു കാരണവശാലും അനുമതിനല്‍കില്ലന്ന് അറിയിക്കുകയായിരുന്നു. മറ്റേതെങ്കിലും ഭാഗത്ത് പാലം നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കാനും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നെടുമ്പേശേരി കൊടൈക്കനാല്‍ ഹൈവേയുടെ ഭാഗമായ ഇവിടെയല്ലാതെ മറ്റെങ്ങും പാലനിര്‍മിക്കാനുള്ള സാധ്യതകളും ഇല്ലന്നുള്ള നാട്ടുകാരുടെ പരാതിയും ഉദ്യോഗസ്ഥര്‍ പരിഗണിച്ചിട്ടില്ല. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊടൈക്കനാലിലേക്കും മൂന്നാറിലേക്കും യാത്രാദൂരം കുറക്കുന്നതാണ് നിര്‍ദിഷ്ട ഹൈവേ. വര്‍ഷങ്ങള്‍ക്ക് മുന് സര്‍വേ പൂര്‍ത്തിയാക്കിയ ഈ പാത 2006-2007 സാമ്പത്തികവര്‍ഷമാണ് അംഗീകാരം നല്‍കിയത്.
നെടുംമ്പാശ്ശേരിയില്‍ നിന്നും കാലടി, ചന്ദ്രപ്പുര, തുണ്ടം, വടാട്ടുപാറ, ആനക്കയം, കുട്ടംപുഴ, പൂയംകുട്ടി,പീണ്ടിമേട്, പെരുംമ്പന്‍കുത്ത്,മൂന്നാര്‍,കുണ്ടള, കോവില്ലൂര്‍, കൊട്ടാക്കമ്പൂര്‍, കടവരിയിലെത്തി തുടര്‍ന്ന് തമിഴ്‌നാട്ടിലെ പൂണ്ടി, ക്ലാവര വഴി കൊടൈക്കനാലില്‍ എത്തുന്നതാണ് ഈ പാത. ഇത് പൂര്‍ത്തിയാകുന്നതോടെ നെടുമ്പാശ്ശേരി -കൊടൈക്കനാല്‍ ദൂരം125 കി.മി ലാഭിക്കാനാകും. മൂന്നാറില്‍ നിന്ന് കൊടൈക്കാനാലിലേക്കുള്ള ദൂരവും 100 കി മി കുറയും.
ഇപ്പോള്‍ മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള യാത്ര മറയൂര്‍, ഉടുമല്‍പേട്ട, പളനി വഴിയും ബോഡിനായിക്കനൂര്‍, തേനി, പെരിയകുളം വഴിയുമാണ്. ഇതിനേക്കാള്‍ എളുപ്പവും സുഖമവുമായ യാത്രാ സൗകര്യം ഒരുക്കി സമയവും ദൂരവും ലാഭിക്കുംകയും ആയിരുന്നു ഹൈവെ കൊണ്ട് ഉദ്ദേശ്ശിച്ചത്. ഹൈവേയുടെ മൂന്നാര്‍ മുതല്‍ കേരള അതിര്‍ത്തിയിലെ കടവരി വരെ നിലവില്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
ചന്ദ്രപ്പുര മുതല്‍ മൂന്നാര്‍ വരെ ഹൈവേ കടന്നുപോകുന്നത് വനമേഖലയിലൂടെയാണ്. പണ്ട് ആലുവ- മൂന്നാര്‍ രാജപാതയുടെ ഭാഗമായിരുന്നുവെങ്കിലും 1924 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ഇവിടെ വനമായി മാറിക്കഴിഞ്ഞു. പഴയ രാജപാത പുനര്‍നിര്‍മ്മിച്ച് ഹൈവെയാക്കി മാറ്റാമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ പാത കടന്നു പോകുന്ന പ്രദേശം വനമാണെന്നും ആയതിനാല്‍ ഇത് അനുവദിക്കാനാകില്ലെന്ന നിലപാടാണ് തുടക്കത്തില്‍ വനം വകുപ്പ് സ്വീകരിച്ചത്.
ഹൈവേ യാഥാര്‍ത്യമാകേണ്ടത് ആവിശ്യമാണന്ന് ചൂണ്ടിക്കാട്ടി പാതകടന്ന് പോകുന്ന പ്രദേശങ്ങളിലെ ജനപ്രധിനിധികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തിയതിന്റെ ഫലമായിട്ടാണ് തുടര്‍ നടപടികള്‍ ഇപ്പോള്‍ ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായിആനക്കയത്തെ പാലം നിര്‍മിക്കനായിരുന്നു നീക്കം ഇതിന്റെ ഭാഗമായിട്ടാണ് വനംവകുപ്പ് സെക്രട്ടറിയോട് പരിശോധന നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വനംവകുപ്പ് സെക്രട്ടറി പാലത്തിന് ഒരു കാരണവശാലും അനുമതി നല്‍കാന്‍ കഴിയില്ലന്ന് അറിയിച്ചതോടെ നെടുമ്പാശ്ശേരി- കൊടൈക്കനാല്‍ ഹൈവേ ത്രിശങ്കുവിലായായിരിക്കുകയാണ.്
എറണാകുളം- ഇടുക്കി ജില്ലകളിലെ അവികസിത മേഖലകളിലൂടെ കടന്ന് പോകുന്ന ഈ പാത വന്‍വികസന സാധ്യതകള്‍ക്കും വിനോദസഞ്ചാര സാധ്യതകള്‍ക്കും കാരണമാകുമായിരുന്നു വനംവകുപ്പിന്റെ നിലപാട് കൊണ്ട് അനിശ്ചിതത്തിലായ പാത യാഥാര്‍ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ ഉന്നത ഇടപെടല്‍ വേണമെന്ന ആവശ്യമാണ് പാത കടന്ന് പോകുന്ന മേഖലയിലെ ജനങ്ങള്‍ക്കുള്ളത്.