National
രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു
ഹൈദരാബാദ്:ദലിതനായതിന്റെ പേരില്‍ നേരട്ട പീഡനങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു. സര്‍വകലാശാല കാമ്പസില്‍ നടന്ന 119ാമത് സാവിത്രി ഭായി ഫുലെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ബുദ്ധമതം സ്വീകരിച്ച വിവരം രാധിക വെമുല അറിയിച്ചത്. ഭാവിയില്‍ ഡോ. ബി ആര്‍ അംബേദ്കറുടെയും മറ്റ് ദലിത് നേതാക്കളുടെയും പാത പിന്തുടരും. മരണം വരെ ദലിത് സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളില്‍ പങ്കാളിയാവുമെന്നും രാധിക പറഞ്ഞു.
സര്‍വകലാശാലയില്‍ എത്തുമ്പോഴെങ്കിലും ദലിതനെന്ന നിലയിലുള്ള പീഡനത്തില്‍ നിന്ന് രോഹിത് രക്ഷപ്പെടുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍, അവിടെയും രക്ഷയുണ്ടായില്ല. ജോലി സ്ഥലത്തും ദത്തെടുക്കപ്പെട്ട കുടുംബത്തിലും ദലിത് ആയതിനാല്‍ ഏറെ ദുരിതങ്ങള്‍ സഹിക്കേണ്ടി വന്നു. ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ച ശേഷം മക്കളെ വളര്‍ത്താന്‍ വളരെയധികം കഷ്ടപ്പെട്ടു. ദത്തെടുക്കപ്പെട്ട കുടുംബത്തില്‍ താനും മക്കളും ഏറെ ദുരിതങ്ങള്‍ സഹിച്ചു. തയ്യല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ലെന്നും രാധിക പറഞ്ഞു.
രോഹിതിന്റെ മരണശേഷം നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ അമ്മ രാധിക വെമുലയും സഹോദരന്‍ രാജ വെമുലയും സജീവമായിരുന്നു.