Business
സാമ്പത്തിക കുറ്റകൃത്യത്തിന് പിടി വീഴുമ്പോള്‍
യു എ ഇ തടവറകളില്‍ 1,200 ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സാമ്പത്തിക കുറ്റകൃത്യത്തിനാവണം മിക്കവരും ശിക്ഷിക്കപ്പെട്ടത്. കൂട്ടത്തില്‍, പ്രമുഖരും ഉണ്ട്. ബേങ്കില്‍നിന്ന് വായ്പ വാങ്ങി തിരിച്ചടക്കാത്തവര്‍, വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചവര്‍ എന്നിങ്ങനെ ജയിലില്‍ അടക്കപ്പെട്ടവരില്‍ ഏറെപ്പേരും സ്വയം കുഴിച്ച കുഴിയില്‍ വീണവരാണ്. അവരില്‍ പലര്‍ക്കും പശ്ചാത്താപവുമുണ്ട്. ചെയ്തത് ശരിയല്ലെന്ന കുറ്റബോധമുണ്ട്. പക്ഷേ നിയമം, നിയമത്തിന്റെ വഴിയേ പോകും. ദീര്‍ഘകാലം പുറംലോകം കാണാതെ കഴിയേണ്ടിവരും.
ചിലര്‍ സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമാകാം വീഴ്ച വരുത്തിയത്. വ്യാപാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ വായ്പ വാങ്ങുകയും തിരിച്ചടക്കാന്‍ കഴിയാതെ വരികയും ചെയ്ത കുറേപേരുണ്ട്. സാമ്പത്തിക മാന്ദ്യം കാരണം കണക്കുകൂട്ടലുകള്‍ പിഴച്ചതിന് അവരെ കുറ്റം പറയാന്‍ കഴിയില്ല. എന്നാലും ജാഗ്രത വേണമായിരുന്നു. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നത് ഓര്‍ക്കേണ്ടതായിരുന്നു.
ചുരുക്കം ചിലര്‍ ജന്മനാ കുറ്റവാസനയുള്ളവരാണ്. ബേങ്കില്‍നിന്ന് വന്‍തോതില്‍ വായ്പ വാങ്ങി, കടന്നുകളയുന്ന അത്തരക്കാര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നു. അവരെ പിടികൂടാന്‍ ബേങ്കുകള്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യയെപ്പോലെ വലിയ രാജ്യത്ത് ഒളിച്ചുകഴിയാന്‍ ധാരാളം ഇടങ്ങളുണ്ടാകും. എന്നിരുന്നാലും കുടുംബവേരുകള്‍ കണ്ടുപിടിക്കാനും നടപടി കൈക്കൊള്ളാനും ഇന്റര്‍പോളിന് പ്രയാസമുണ്ടാകില്ല.
ഇതിനിടെ സാമ്പത്തിക മേഖലയില്‍ ഇന്ത്യ-യു എ ഇ ഭരണകൂടങ്ങള്‍ ധാരാളം കരാറുകളില്‍ ഈയിടെ ഒപ്പുവെച്ചു. അതിലൊന്ന് യു എ ഇയില്‍ ബേങ്ക് വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ഇന്ത്യയില്‍ കോടതി നടപടി സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണ്. യു എ ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വഴി ഇന്ത്യന്‍ കോടതിയില്‍ കേസ് നല്‍കാന്‍ യു എ ഇ ബേങ്കുകള്‍ക്ക് അവസരം ലഭിച്ചു. ഇന്ത്യയില്‍വെച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാനും കരാര്‍ വഴിയൊരുക്കും. എന്നുകരുതി ഇടപാടുകളില്‍ സത്യസന്ധതയില്ലായ്മ തെറ്റും ആപത്കരവുമാണ്.
ബേങ്കുകളില്‍നിന്ന് വായ്പ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ജയിലിലായ ജ്വല്ലറി ശൃംഖലയുടമ ഇനിയും മോചിതനായിട്ടില്ല. 110 കോടി ഡോളറിന്റെ ആസ്തിയുള്ള ആളായിരുന്നു. കടബാധ്യത 15 കോടി ഡോളര്‍ മാത്രമേ വരൂ. എന്നിട്ടും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ബേങ്ക് ഓഫ് ബറോഡ, എസ് ബി ഐ തുടങ്ങിയവ നല്‍കിയ ഹരജിയിലായിരുന്നു അറസ്റ്റ്.
സാമ്പത്തിക മാന്ദ്യം ലോകമെങ്ങും അലയടിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ഇനിയും വരാം. ഇന്ത്യയില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മല്യ ബേങ്കുകള്‍ക്ക് വന്‍ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. വാണിജ്യപ്രമുഖരില്‍ പലരും ബേങ്കുകളില്‍നിന്ന് വന്‍തോതില്‍ വായ്പ വാങ്ങുന്നവരാണ്. ഇന്ത്യയിലായാലും വിദേശത്തായാലും നിയമം കര്‍ശനമാകുകയാണ്.