Connect with us

Articles

കെ സോമപ്രസാദും രോഹിത് വെമുലയും

Published

|

Last Updated

 

കെ സോമപ്രസാദും രോഹിത് വെമുലയും തമ്മിലെന്ത്? ചില സമാനതകളുണ്ട് ഇരുവര്‍ക്കുമിടയില്‍; അന്തരങ്ങളുണ്ട്. ദളിത് പിന്നാക്ക വിഭാഗത്തിന്റെ വക്താക്കളാണ് രണ്ട് പേരും. ദളിതരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സോമ പ്രസാദ് കേരള പട്ടിക ജാതി ക്ഷേമ സമിതി സെക്രട്ടറിയാണ്. സി പി എം നേതാവാണ്. മതേതര ഇന്ത്യയുടെ നൊമ്പരമായി മാറിക്കഴിഞ്ഞ രോഹിത് വെമുല അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ പ്രമുഖ സാരഥിയും തീപ്പോരി നേതാവുമായിരുന്നു. അതേ സമയം ആദ്യഘട്ടത്തില്‍ സി പി എം അനുഭാവിയായിരുന്ന രോഹിതിന്് ചില ദുരനുഭവങ്ങളെ തുടര്‍ന്നാണ് എസ് എഫ് ഐ വിട്ട് കീഴാള ജാതിക്കാരുടെ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനില്‍ ചേര്‍ന്നത്. തുടര്‍ന്ന് ജാതി വിവേചനത്തിനെതിരെ ശക്തമായി പോരാടിയ മിടുക്കനായ ഈ വിദ്യാര്‍ഥിക്ക് അപ്പേരില്‍ തന്നെ ജീവന്‍ ഒടുക്കേണ്ടിയും വന്നു.

എന്നാല്‍ ഇത്തവണ കേരളത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് കെ സോമപ്രസാദിനെ തിരഞ്ഞെടുത്തതിലൂടെ സി പി എം സംസ്ഥാന ഘടകം അദ്ദേഹത്തിന് മുന്തിയ പരിഗണന നല്‍കുകയുണ്ടായി. വിജയം ഉറപ്പായ രാജ്യസഭാ സീറ്റിലേക്ക് ഒരു പട്ടികജാതിക്കാരന്‍ നിര്‍ദേശിക്കപ്പെടുന്നത് മറ്റു പല പാര്‍ട്ടിക്കാര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റിയെന്നു വരില്ല. അദ്ധ്വാനിച്ച് ജയിച്ചുവന്നോട്ടെ എന്ന് വെച്ച് ഏതെങ്കിലുമൊരു ജയസാധ്യതയില്ലാത്ത സീറ്റിലോ സംവരണ സീറ്റിലോ മത്സരിപ്പിക്കുന്ന പോലെയല്ലല്ലോ രാജ്യസഭയിലേക്ക് ജയം ഉറപ്പുള്ള സീറ്റില്‍ നിര്‍ത്തുന്നത്.

പട്ടിക ജാതിക്കാരെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ മുന്‍ നിരയിലേക്കെത്തിക്കുന്നതിനെ കുറിച്ചു പറയുമ്പോള്‍ പാര്‍ട്ടി ഭേദമന്യേ എല്ലാ രാഷട്രീയ നേതാക്കള്‍ക്കും നൂറ് നാവാണ്. അരികുവത്കരിക്കപ്പെട്ട കീഴാള വിഭാഗങ്ങളെ രാഷ്ട്രീയത്തിന്റെ ഉന്നത പടവുകളിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൈപിടിച്ചുയര്‍ത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു എല്ലാവരും വാചാലരാകും. എന്നാല്‍, തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇതെല്ലാം മറക്കും. അങ്ങനെ അവര്‍ ഭരണകൂടത്തിന്റെ ചുറ്റുവട്ടത്തിന് പുറത്താകും. പാര്‍ട്ടിയുടെ ഉന്നത പദവികളിലും ദളിതരും ദുര്‍ബലരും തഴയപ്പെടും. പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ദളിതര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയെന്നവകാശപ്പെടാന്‍ കഴിയുന്ന ഏത് പാര്‍ട്ടിയാണ് ഇന്ന് രാജ്യത്തുള്ളത്? തീവ്ര ഇടതുപക്ഷ സംഘടനകളില്‍ പോലും താഴെ തട്ടിലുള്ള ദളിതര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു വരാറില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനും വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. “അമ്പത്തൊന്ന് വര്‍ഷത്തിനിടക്ക് ഒരൊറ്റ ദളിത് പോളിറ്റ് ബ്യൂറോ അംഗം പോലും സി പി എമ്മിന് ഇല്ലാതെ പോയതെന്ത് കൊണ്ടെ”ന്ന് രോഹിത് വെമുലക്ക് ചോദിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പ്രഭാഷണത്തിനിടെ സ്വകാര്യ മേഖലയില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് സംവരണം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സീതാറാം യെച്ചൂരി പറഞ്ഞതിനോട് ഫേസ് ബുക്കില്‍ പ്രതികരിക്കവെയാണ് രോഹിത് വെമുല ഈ ചോദ്യമെടുത്തിട്ടത്. “ഓരോരുത്തരില്‍ നിന്നും കഴിവനുസരിച്ചു, ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ചു” എന്ന കാറല്‍ മാര്‍ക്‌സിന്റെ വാചകത്തിന്റെ പൊരുളെന്തെന്ന് വിവരിക്കാന്‍ സഖാക്കള്‍ ഒരു സെഷന്‍ സംഘടിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം തുടര്‍ന്നെഴുതുകയുണ്ടായി. എസ് എഫ് ഐ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന രോഹിതിന് സുഹൃത്തുക്കളായ സഖാക്കളില്‍ നിന്ന് ജാതിയുടെ പേരില്‍ അവഗണന നേരിടേണ്ടി വന്നിരുന്നു.

ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം കൊണ്ട് കൂടിയാണ് രോഹിത് എസ് എഫ് ഐ വിട്ടതെന്ന് യൂനിവേഴ്‌സിറ്റിയിലെ എസ് എഫ് ഐ ഭാരവാഹി തന്നെ തുറന്നു പറഞ്ഞതാണ്. അംബേദ്കറുടെ പൂനെ ഫാക്ടിനോട് രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വീകരിച്ച നിലപാടും ഇവിടെ സ്മരിക്കപ്പെടാകുന്നതാണ്. അടിച്ചമര്‍ത്തപ്പെട്ട കീഴാള വര്‍ഗങ്ങള്‍ക്ക് പ്രത്യേക വോട്ടവകാശം വ്യവസ്ഥ ചെയ്യുന്ന 1832ലെ പൂനെ ഫാക്ടിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവും കോണ്‍ഗ്രസുമെല്ലാം എതിര്‍ ക്കുകയാണുണ്ടായത്.

ജനങ്ങള്‍ക്കിടയില്‍ വിഭജനത്തിനിത് ഇടയാക്കുമെന്നായിരുന്നു വിയോജിപ്പിന് ചൂണ്ടിക്കാട്ടിയ കാരണമെങ്കിലും കീഴാളര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്നതിലുള്ള അസഹ്യതയായിരുന്നു യഥാര്‍ഥ കാരണം. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഒരു തിരുത്തും സ്വയം വിമര്‍ശപരമായ നീക്കവുമായി ആണ് സോമപ്രസാദിന്റെ തിരഞ്ഞെടുപ്പെങ്കില്‍ അത് ചരിത്രപരമായിരിക്കും.

തിരഞ്ഞെടുപ്പ് കാലത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദളിത് പരിഗണന പട്ടികജാതി സംവരണ സീറ്റില്‍ ഒതുങ്ങാറാണ് പതിവ്. അതും പരിഗണനയെന്ന് പറയാനാകുമോ? മറ്റുള്ളവര്‍ക്ക് മത്സരിക്കാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ട് മാത്രമാണണല്ലോ ഗത്യന്തരമില്ലാതെ അത്തരം സീറ്റുകള്‍ അവര്‍ക്ക് വിട്ടുകൊടുക്കുന്നത്. ജനറല്‍ സീറ്റുകള്‍ വിശേഷിച്ചു വിജയസാധ്യതയുള്ളവ ദളിതര്‍ക്കോ കീഴാള ജാതിക്കാര്‍ക്കോ വിട്ടു കൊടുത്ത സംഭവം അപൂര്‍വമാണ്. കോണ്‍ഗ്രസും സി പി എമ്മും വിജയം ഉറപ്പുള്ള എത്ര ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിച്ചിട്ടുണ്ട്?

തിരഞ്ഞെടുപ്പുകളില്‍ പട്ടിക ജാതിക്കാര്‍ക്കായി പ്രത്യേക മണ്ഡലങ്ങള്‍ നീക്കിവെക്കാന്‍ തുടങ്ങിയതോടെയാണ് പല പാര്‍ട്ടിക്കാരും അവരെ മത്സര രംഗത്തിറക്കാന്‍ തുടങ്ങിയത് തന്നെ. ഈ സാഹചര്യത്തില്‍ നിന്ന് വിലയിരുത്തുമ്പോഴാണ് കെ സോമപ്രസാദിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയ സി പി എം നിലപാട് പ്രശംസനീയമാകുന്നത്. വിജയം ഉറപ്പുള്ള ഈ തിരഞ്ഞെടുപ്പില്‍, ഉന്നത സ്ഥാനീയര്‍ ഏറെയുണ്ടായിരിക്കെ രാഷ്ട്രീയ രംഗത്ത് അത്ര പ്രശസ്തനല്ലാതിരുന്നിട്ടും അദ്ദേഹത്തെ നിയോഗിക്കാന്‍ പാര്‍ട്ടി സന്നദ്ധനായി. എം എ ബേബി രാഷ്ട്രീയ പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റുകയാണെന്നും അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുമെന്നും വാര്‍ത്തളുണ്ടായിരുന്നു. മാത്രമല്ല, എം പി വീരേന്ദ്ര കുമാറിനെയും എ കെ ആന്റണിയെയും രാജ്യസഭയിലേക്ക് പറഞ്ഞയക്കാന്‍ എതിര്‍ മുന്നണി തീരുമാനിക്കുമ്പോഴാണ് സോമപ്രസാദിനെ തിരഞ്ഞെടുക്കാന്‍ ഇടതു മുന്നണി ആര്‍ജവം കാണിച്ചത് എന്നതുകൂടി കാണേണ്ടതുണ്ട്.

ഇത് ഒരൊറ്റപ്പെട്ട സംഭവമാണോ അതോ പുതിയൊരു കാല്‍വെപ്പാണോ എന്നതാണ് ചിന്തനീയം. രോഹിത് വെമുലയും കന്‍ഹയ്യയും ഉയര്‍ത്തിയ പുതിയ ആവേശത്തിന്റെ പരിണിത ഫലമാകട്ടെ ഇതെന്ന് പ്രത്യാശിക്കുക. വിമോചനത്തിനായുള്ള കീഴാള മുന്നേറ്റങ്ങളെയെല്ലാം അരാഷ്ട്രീയമെന്നോ സ്വത്വവാദമെന്നോ പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ഇനി സാധ്യമല്ല. അത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ പരമായി ഉയര്‍ന്ന ദളിതര്‍ക്കിടയില്‍ സവര്‍ണ മേധാവിത്വത്തിനെതിരായ പോരാട്ട ചിന്ത ശക്തിപ്രാപിച്ചു വരുന്നുണ്ട്. ഹൈദരാബാദ് യൂനിവേഴിസിറ്റിയിലെയും ജെ എന്‍ യുവിലെയും സംഭവങ്ങളും വെമുലയും കന്‍ഹയ്യയും രാജ്യത്തെ ജനമനസ്സുകളില്‍ നേടിയ സ്ഥാനവും ഇതിലേക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.

ഫാസിസത്തിനെതിരായ ഐക്കണുകളായി അവര്‍ ഇന്ത്യയിലാകെ വാഴ്ത്തപ്പെടുന്നു. രാജ്യത്തെ സാമൂഹിക വേദികളിലും ഉന്നത വിദ്യാഭ്യാസ മണ്ഡലങ്ങളിലും താണ ജാതിക്കാര്‍ കല്‍പ്പിക്കപ്പെട്ട വിലക്കിനും വിവേചനത്തിനുമെതിരായ പ്രതിഷേധം ഇനിയും അടിച്ചമര്‍ത്താനാകാത്ത വിധം ശക്തി പ്രാപിച്ചിരിക്കുന്നു എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ചെറിയ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഇത്തരം വിവേചനങ്ങള്‍ വേണ്ടത്ര തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. അതേസമയം, വളര്‍ന്ന മനസ്സുകള്‍ക്ക് അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും അനുഭവപ്പെടുന്ന അന്യവത്കരണവവും ഇടപെടലുകളിലെ വിവേചനത്തിന്റെ ചുവയും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഇനിയും അത് കണ്ടില്ലെന്ന് നടിക്കുകയോ, എല്ലാം ക്ഷമിച്ചു അടങ്ങിയൊതുങ്ങി ജീവിക്കുകയോ ചെയ്യുന്ന ഭീരുത്വമല്ല, ശക്തമായി പ്രതിരോധിക്കാനുള്ള പോരാട്ട മനഃസ്ഥിതിയാണ് രാജ്യത്ത് ഇനി വളര്‍ന്നു വരേണ്ടതെന്ന തിരിച്ചറിവും അവര്‍ കൈവരിക്കുന്നു. അത് മനസ്സിലാക്കി മുന്നേറാനുള്ള വിവേചനവും വിശാലമനസ്‌കതയുമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകേണ്ടത്. ഇത് തിരിച്ചറിയുന്നില്ലെങ്കില്‍ തങ്ങളുടെ കാല്‍കീഴിലെ മണ്ണ് അറിയാതെ നീങ്ങിപ്പോകുകയും അടിതെറ്റി വീഴുകയും ചെയ്യും.

 

Latest