Kerala
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കെ സി ജോസഫ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ സി ജോസഫ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തുടര്‍ പദ്ധതികള്‍ക്കും വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്കും കുടിവെള്ള വിതരണത്തിന് പോലും കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ആരോപിച്ചു. അസാധാരണമായ നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അനാവശ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇത് അതീവ ഗുരുതരമായ സാഹചര്യം സംജാതമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം ആദ്യം തന്നെ ജില്ലാ ആസൂത്രണ സമിതികള്‍ യോഗം ചേര്‍ന്ന് അംഗീകരിച്ചവയാണ്. അല്ലാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അംഗീകരിച്ചവയല്ല. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഈ നിയന്ത്രണങ്ങള്‍ വഴി പദ്ധതി ചെലവ് ഗണ്യമായി കുറയുന്ന സാഹചര്യമുണ്ടാകുമെന്നും കെ സി ജോസഫ് പറഞ്ഞു.
സംസ്ഥാനത്തെ 1205 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആകെ പദ്ധതി വിഹിതത്തിന്റെ 44.45 ശതമാനം പണം ചെലവഴിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുകൂടി കഴിഞ്ഞവര്‍ഷത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായി. 947 ഗ്രാമപഞ്ചായത്തുകള്‍ 1546.73 കോടി രൂപ ചെലവഴിച്ചു. ആകെ വിഹിതത്തിന്റെ 48.75 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 47 ശതമാനം ആയിരുന്നു പദ്ധതി ചെലവ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 375.57 കോടി രൂപ (51.24 ശതമാനം) ചെലവിട്ടു. കഴിഞ്ഞ വര്‍ഷം ഇത് 48 ശതമാനമായിരുന്നു. ജില്ലാ പഞ്ചായത്തുകളില്‍ 367.54 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. ആകെ പദ്ധതി വിഹിതത്തിന്റെ 40.46 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം 39 ശതമാനം മാത്രമായിരുന്നു പദ്ധതി ചെലവ്. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികള്‍ ഇതുവരെ 287.63 കോടി രൂപ (38.36 ശതമാനം) ചെലവിട്ടു. മുന്‍വര്‍ഷം ഇത് 36 ശതമാനമായിരുന്നു.
അതേസമയം കോര്‍പറേഷനുകളിലെ പദ്ധതി ചെലവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞു. ആറ് കോര്‍പറേഷനുകളില്‍ 182.62 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. ആകെ വിഹിതത്തിന്റെ 28.29 ശതമാനം മാത്രം. ഈ മാസം നിര്‍ണായകമായതിനാല്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ല.
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപവരെയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപവരെയും ജില്ലാപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും 20 ലക്ഷം രൂപയും ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. അങ്കണവാടി പോഷകാഹാര വിതരണത്തെ പോലും ബാധിക്കുന്ന സ്ഥിതിയാണ്. ഇതു ഗൗരവമേറിയ കാര്യമാണെന്ന് കമ്മീഷനെ അറിയിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി പി ഐ ഷേഖ് പരീത് ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തി. നേരത്തെ തുടക്കമിട്ട് ഇപ്പോള്‍ നടന്നുവരുന്ന തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.