National
കുടിവെള്ളത്തിനായി സംഘര്‍ഷം; നിരോധനാജ്ഞ
മുംബൈ: മണ്‍സൂണ്‍ എത്താന്‍ ഇനിയും നാല് മാസത്തിലേറെ കാത്തിരിക്കണം. പക്ഷേ, മഹാരാഷ്ട്രയിലെ മറാത്താവാഡയിലുള്ള ലാതൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. കുടിവെള്ളത്തിനു വേണ്ടി സംഘര്‍ഷം രൂക്ഷമായതോടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണിവിടെ. മെയ് 31 വരെ ജില്ലയിലെ ഇരുപത് ജലസംഭരണികളുടെ പരിസരത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേര്‍ന്ന് നില്‍ക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. ജില്ലയിലെ ജലസംഭരണികള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകുയും ക്രമസമാധാനം ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ടാങ്കറുകളില്‍ ജലം നിറക്കുന്ന സ്ഥലങ്ങള്‍, പൊതു കിണറുകള്‍, ടാങ്കറുകള്‍ പോകുന്ന വഴികള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
പൊതു കിണറുകളുടെ സമീപം ഏത് സമയവും സംഘര്‍ഷം പതിവാണ്. അടുത്തിടെ ജലവുമായി പുറപ്പെട്ട ടാങ്കര്‍ ലോറികള്‍ ചിലര്‍ തട്ടിയെടുത്ത സംഭവം വരെ ലാതൂരില്‍ ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
അണക്കെട്ടുകള്‍ വറ്റിയതോടെ പൈപ്പ് വഴിയുള്ള ജലവിതരണം മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍ത്തിവെച്ചിട്ട് ഒരു മാസം കഴിഞ്ഞു. ടാങ്കറുകള്‍ വഴി ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതോടെ അര്‍ധരാത്രിയിലും വെള്ളവുമായി വരുന്ന ലോറികള്‍ക്കായി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കാത്തിരിക്കുന്നത് സാധാരണ കാഴ്ചയാണ്. ലാതുര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ എഴുപത് ടാങ്കര്‍ ലോറികളാണ് ജലവിതരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ആകെ ഇരുനൂറ് ടാങ്കര്‍ ലോറികള്‍ ഇതിനായി ഗ്രാമവികസന വകുപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ലോറികളും പ്രതിദിനം ആറോ എഴോ തവണ ജലവിതരണം നടത്തുന്നുണ്ട്. എന്നാല്‍, ഇത് കുടിക്കാന്‍ പോലും അപര്യാപ്തമാണ്. ജലക്ഷാമം രൂക്ഷമായതോടെ 1.5 ലക്ഷത്തോളം ജനങ്ങള്‍ അയല്‍ ജില്ലകളിലേക്ക് പലായനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അണക്കെട്ടുകളിലെല്ലാം തന്നെ സംഭരണശേഷിയേക്കാള്‍ ആറ് ശതമാനം വെള്ളം കുറവാണിപ്പോള്‍. മേഖലയിലെ ഏറ്റവും വലിയ അണക്കെട്ടായ ജയക്‌വാഡിയില്‍ രണ്ട് ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. തെര്‍ണ നദിയിലുള്ള മകാനി അണക്കെട്ടില്‍ നിന്നാണ് ഇപ്പോള്‍ വെള്ളം സംഭരിക്കുന്നത്.