Connect with us

Malappuram

തേക്കിന്‍ നാട്ടിലെ പോര്‍ക്കളത്തില്‍ ആരെല്ലാം?

Published

|

Last Updated

നിലമ്പൂര്‍: രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള നിലമ്പൂര്‍ മണ്ഡലം പക്ഷെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലതുപക്ഷത്തോടൊപ്പമാണ് കൂടുതല്‍ കാലവും നിലയുറപ്പിച്ചത്. ഒരു കാലത്ത് സംസ്ഥാനത്ത് സി പി എമ്മിന്റെ പാര്‍ട്ടി അംഗങ്ങള്‍ കൂടുതലുണ്ടായിരുന്ന നിലമ്പൂര്‍ മണ്ഡലം അഞ്ചു പതിറ്റാണ്ടിനിടെ മൂന്ന് തവണയാണ് ഇടതുപക്ഷത്തേക്ക് നീങ്ങിയത്. 1965ല്‍ നിലമ്പൂര്‍ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ സഖാവ് കുഞ്ഞാലിയെയാണ് മണ്ഡലം നിയമസഭയിലേക്കയച്ചത്. നിലമ്പൂരിന്റെ രാഷ്ട്രീയ ചാണക്യന്‍ ആര്യാടന്‍ മുഹമ്മദായിരുന്നു എതിരാളി. 1967ലും സഖാവ് കുഞ്ഞാലിക്ക് മുന്നില്‍ ആര്യാടന്‍ മുഹമ്മദ് തോല്‍വിയുടെ രുചിയറിഞ്ഞു.

1969ല്‍ കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതോടെ രാജ്യത്ത് ആദ്യമായി ഒരു എം എല്‍ എ വെടിയേറ്റ് മരിക്കുന്ന നിലമ്പൂര്‍ ചരിത്രത്തില്‍ ഇടം നേടി. കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ആര്യാടന് തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. 1969ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം പി ഗംഗാധരനിലൂടെയാണ് നിലമ്പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ആദ്യമായി ലഭിച്ചത്. 1970ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പിലും എം പി ഗംഗാധരന്‍ വിജയം ആവര്‍ത്തിച്ചു. 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ സൈതാലികുട്ടിയെ തോല്‍പ്പിച്ച് ആര്യാടന്‍ മുഹമ്മദ് നിലമ്പൂരിന്റ എം എല്‍ എ ആയി ആദ്യമായി നിയമസഭയിലെത്തി. എന്നാല്‍ 1979ല്‍ അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ആര്യാടന്‍ മുഹമ്മദ് ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമൊപ്പം ഇടതുപക്ഷത്തേക്ക് ചാഞ്ഞു.

പൊന്നാനി ലോകസഭ മണ്ഡലത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന ജി എം ബനാത്ത് വാലക്കെതിരെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു. 54,000 വോട്ടുകള്‍ക്ക് ബനാത്ത് വാല ആര്യാടനെ പരാജയപ്പെടുത്തി. പക്ഷെ പ്രതികൂലികളെ തകര്‍ത്തറിഞ്ഞ് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ആര്യാടന്‍ വനം, തൊഴില്‍ മന്ത്രിയായി. 1980ല്‍ എ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സി ഹരിദാസ് യു ഡി എഫ് സ്ഥാനാര്‍ഥിയായ ടി കെ ഹംസയെ പരാജയപ്പെടുത്തി. പിന്നീട് ആര്യാടന് വേണ്ടി രാജിവെക്കുകയും ചെയ്തു.
സഖാവ് കുഞ്ഞാലിയുടെ കൊലയാളിയെന്ന് വിളിച്ച നിലമ്പൂരിലെ സഖാക്കള്‍ 1980 ലെ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ വിജയിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ മുല്ലപള്ളി രാമചന്ദ്രനെ 17,401 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ തോല്‍പ്പിച്ചത്. 1981 ഡിസംബറില്‍ ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷം വിട്ട് യു ഡി എഫില്‍ തിരിച്ചെത്തിയതോടെ ആര്യാടനും ഇടതിനോട് വിടചൊല്ലി. 1982 ലെ തിരഞ്ഞെടുപ്പില്‍ ആര്യാടനു കാലിടറി.

എല്‍ ഡി എഫ് സ്വതന്ത്രനായി രംഗത്തുവന്ന ഡി സി സി പ്രസിഡണ്ടായിരുന്ന ടി കെ ഹംസയോടാണ് ആര്യാടന്‍ നാലാം തിരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയത്. എന്നാല്‍ 1987ലെ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ദേവദാസ് പൊറ്റകാടിനെ പരാജയപ്പെടുത്തി ആര്യാടന്‍ വീണ്ടും നിലമ്പൂരിന്റെ നിയമ സഭ പ്രതിനിധിയായി മാറി. പിന്നീട് നിലമ്പൂരിന്റൈ രാഷ്ട്രീയം ആര്യാടന്‍ മുഹമ്മദെന്ന അതികായനെ ആശ്രയിക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ 29 വര്‍ഷമായി ആര്യാടനെ മാത്രമാണ് നിലമ്പൂര്‍ നിയമ സഭയിലേക്കയച്ചത്. എതിരാളികള്‍ പലരും വന്നെങ്കിലും വിജയം ആര്യാടനെ കൈവിട്ടില്ല. നിരവധി പ്രതികൂല സഹചര്യങ്ങളുണ്ടായിട്ടും മണ്ഡലം നിലനിര്‍ത്താന്‍ ആര്യാടനു സാധിച്ചു. ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം ദേശീയതലത്തില്‍ പ്രകടമായ കോണ്‍ഗ്രസ് വിരോധം സംസ്ഥാനത്തും പ്രതിഫലിച്ചു.

1996ലെ തിരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന്റെ പല കേന്ദ്രങ്ങളും ഇടതോട്ട് ചെരിഞ്ഞു. പക്ഷെ നിലമ്പൂരിനെ വലതുപക്ഷത്ത് നിലനിര്‍ത്താന്‍ ആര്യാടനു സാധിച്ചു. 91ല്‍ എല്‍ ഡി എഫ് സ്വതന്ത്രന്‍ മമ്പാട് അബ്ദുര്‍റഹിമാന്‍ മാസ്റ്ററേയും 96ല്‍ എല്‍ ഡി എഫ് സ്വതന്ത്രന്‍ പ്രൊഫ: തോമസ് മാത്യുവിനേയും 2001ല്‍ ഐ എന്‍ എല്ലിലെ പ്രൊഫ: പി അന്‍വര്‍ മാസ്റ്ററേയും 2006ല്‍ സി പി എമ്മിലെ പി ശ്രീരമകൃഷ്ണനേയും 2011ല്‍ തോമസ് മാത്യുവിനേയും പരാജയപ്പെടുത്തിയാണ് ആര്യാടന്‍ ജൈത്രയാത്ര നടത്തിയത്. എന്നാല്‍ ആര്യാടന്‍ മുഹമ്മദ് മാറിനില്‍ക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആര്യാടന്റെ മകന്‍ ഷൗക്കത്ത്, കെ പി സി സി സെക്രട്ടറി വി വി പ്രകാശ് എന്നിവരെയാണ് യു ഡി എഫ് പരിഗണിക്കുന്നത്. എല്‍ ഡി എഫിന് വേണ്ടി പി വി അന്‍വര്‍, പ്രൊഫ. തോമസ് മാത്യു എന്നിവരിലൊരാളേയും രംഗത്തിറക്കും.

നാല് തവണ മന്ത്രിയായും 31 വര്‍ഷം എം എല്‍ എയായുമായ നിലമ്പൂരിന്റെ സ്വന്തം കുഞ്ഞാകാക്ക് വികസന പട്ടിക ഏറെ നിരത്താനുണ്ടെങ്കിലും എതിരാളികള്‍ക്ക് നിരവധി പോരായ്മകള്‍ ചൂണ്ടികാണിക്കാനുണ്ട്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം, മിനി സിവില്‍ സ്റ്റേഷന്‍, കസ്തൂരി രംഗന്‍ ആശങ്ക, നിലമ്പൂര്‍ ബൈപ്പാസ് തുടങ്ങിയവയാണ് മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങള്‍.
നിലമ്പൂരിന്റെ എം എല്‍ എമാര്‍
1965 കെ കുഞ്ഞാലി ( സി പി എം 7161)
1967 കെ കുഞ്ഞാലി ( സി പി എം 9789)
1969 എം പി ഗംഗാധരന്‍ (കോണ്‍ഗ്രസ് 5574)
1970 എം പി ഗംഗാധരന്‍ (കോണ്‍ഗ്രസ് 2811)
1977 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 7715)
1980 സി ഹരിദാസ് (കോണ്‍ഗ്രസ് 6423)
1980 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 17841)
1982 ടി കെ ഹംസ (എല്‍ ഡി എഫ് സ്വത. 1566)
1987 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 10333)
1991 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 7684)
1996 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 6693)
2001 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 21620)
2006 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 18070)
2011 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് 5598)

---- facebook comment plugin here -----

Latest