National
ഉത്തരാഖണ്ഡ് പ്രതിസന്ധി:മുന്‍ മുഖ്യമന്ത്രിയുടെ മകനെ പുറത്താക്കി
ന്യൂഡല്‍ഹി:വിതമ പ്രശ്‌നം രൂക്ഷമായ ഉത്തരാഖണ്ഡില്‍ ഭരണപരമായ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിന് ഗവര്‍ണര്‍ കത്ത് നല്‍കി. ഈ മാസം പതിനെട്ടിന് നിയമസഭയില്‍ നടന്ന സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി ഡിയും ഗവര്‍ണര്‍ കെ കെ പോള്‍ കൈമാറി. അതേസമയം, വിമതരും കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ നേതൃത്വത്തിലാണ് വിമത എം എല്‍ എമാര്‍ രാഷ്ട്രപതിയെ കണ്ടത്.
ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സമയപരിധി വെക്കണമെന്ന് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി കൈലാഷ് പറഞ്ഞു. അതിനിടെ, കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ, മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി എന്നിവരും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.
ഭരണം നിലനിര്‍ത്താനും പിടിച്ചടക്കാനുമുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ വിമത സംഘത്തിലെ സൂത്രധാരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകനായ സാകേത് ബഹുഗുണയെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. കൂറുമാറി കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ വിമത സംഘത്തിലെ സൂത്രധാരനാണ് എം എല്‍ എയായ സാകേത് ബഹുഗുണ. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
ജനറല്‍ സെക്രട്ടറി അനില്‍ ഗുപ്തയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുവരും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി. കോണ്‍ഗ്രസ് ഭരണത്തെ വെട്ടിലാക്കി മറു കണ്ടം ചാടിയ ക്യഷി വകുപ്പ് മന്ത്രി ഹരാക് സിംഗ് റാവത്തിനെ ശനിയാഴ്ച മുഖ്യമന്ത്രി ഹരിഷ് റാവത്ത് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒപ്പം വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ഒമ്പത് ഡി സി സി കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു.
ഈ മാസം 25ന് നിയമസഭ ചേരാനിരിക്കെ 28നകം സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഹരീഷ് റാവത്ത് സര്‍ക്കാറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂറുമാറിയ ഒമ്പത് എം എല്‍ എ മാര്‍ക്ക് സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുജ്വാള്‍ നേരത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
എഴുപതംഗ നിയമസഭയില്‍ 36 എം എല്‍ എ മാരുടെ പിന്തുണയുള്ള ഹരീഷ് റാവത്ത് സര്‍ക്കാറില്‍ നിന്ന് ഒമ്പത് എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. കേവല ഭൂരിപക്ഷത്തിനു പുറമെ ആറ് എം എല്‍ എ മാരുടെ പിന്തുണ കൂടി സര്‍ക്കാറിന് ലഭിച്ചിരുന്നു.