National
വിസി തിരിച്ചെത്തി: ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം
ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അവധിയില്‍ പ്രവേശിച്ച വൈസ് ചാന്‍സിലര്‍ അപ്പറാവു തിരിച്ചെത്തിയതിനെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സംഘര്‍ഷം. വിസിയുടെ ഓഫിസിലെ ടിവി അടക്കമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ത്തു. വിസിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് വിദ്യാര്‍ഥികള്‍ തള്ളിക്കയറി.
അപ്പാറാവുവിനെ പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. വിസിയുടെ വസതിയ്ക്ക് പുറത്തും ഓഫീസിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കനത്ത പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ചില വിദ്യാര്‍ഥികള്‍ക്ക് നേരിയ പരുക്കേറ്റു. അപ്പറാവുവിന്റെ മടങ്ങിവരവില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും, പ്രതിഷേധ യോഗം ചേരുകയും ചെയ്തിരുന്നു. ലൈബ്രറിയും അടച്ചിട്ടിരിക്കുകയാണ്.
രണ്ടു മാസത്തെ അവധിക്ക് ശേഷമാണ് അപ്പാറാവു ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയത്. ജനുവരി 17നാണ് സര്‍വകലാശാല ഹോസ്റ്റലില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിതിന്റെ മരണത്തിന് കാരണമായത് വിസിയുടെ നടപടികള്‍ ആണെന്നാണ് ആരോപണം. വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായിരുന്നു.