Idukki
വണ്‍, ടു, ത്രി.. ഉടുമ്പഞ്ചോല ഇളക്കാന്‍ മണിയാശാന്‍ വരുന്നു
കാടിളക്കുന്ന ഒരു ഒറ്റയാനാണ് ഇത്തവണ ഉടുമ്പഞ്ചോലയില്‍ എല്‍ ഡി എഫിന് വേണ്ടി കളത്തിലിറങ്ങുക എന്നാണ് കേള്‍വി. മറ്റാരുമല്ല, സാക്ഷാല്‍ എം.എം മണി. അങ്ങനെയെങ്കില്‍ അതൊരു ആഘോഷമായിരിക്കും. കാരണം ആള്‍ക്കൂട്ടത്തെ എങ്ങനെ ഇളക്കണം എന്ന് മണിയാശാനെപ്പോലെ അറിയാവുന്നവര്‍ പാര്‍ട്ടിയില്‍ വിരളം. ജനത്തെ ഇളക്കിമറിച്ച വാക്കുകളുടെ പേരില്‍ ജയിലിലേക്ക് പോയ ഏക ആളാണ് എം എം മണി. പ്രശസ്തിയും കുപ്രസിദ്ധിയും ഒരു പോലെ നേടിക്കൊടുത്ത മണക്കാട്ടെ ആ വണ്‍, ടു, ത്രി പ്രസംഗവും ജയില്‍വാസവുമാണ് ഇടുക്കിയില്‍ മാത്രമറിഞ്ഞിരുന്ന മണിയെ കേരളം മുഴുവന്‍ അറിയുന്ന നേതാവാക്കിയത്. ഇപ്പോള്‍ വടക്കേ മലബാറില്‍ നിന്നു പോലും മണിയാശാനെ തേടി സഖാക്കള്‍ ഇടുക്കിയിലേക്ക് മലകയറിയെത്തുന്നു. അവിടെ പോയി ഒന്ന് പ്രസംഗിക്കാമോ എന്ന് ആരാഞ്ഞ്.
ജാതകത്തില്‍ വിശ്വാസമില്ലാത്ത മണിയാശാന് പക്ഷെ ഒരു ജാതകദോഷമുണ്ട്. വാക് പ്രവാഹത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുമെങ്കിലും വോട്ടില്‍ തോല്‍ക്കും. രണ്ട് തവണയേ ബാലറ്റ് യുദ്ധത്തിന് ആശാന്‍ ഇറങ്ങിയിട്ടുളളൂ. രണ്ടിലും രക്ഷപ്പെട്ടില്ല. കേരളം എല്‍ ഡി എഫിനൊപ്പം നിന്ന 2006ല്‍ ഇതേ ഉടുമ്പഞ്ചോലയില്‍ തോറ്റു. എല്‍ ഡി എഫ് നേടിയ 2000ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടിമാലി ഡിവിഷനില്‍ കാലിടറി.
മൂന്നു വട്ടം തുടര്‍ച്ചയായി മണ്ഡലം പിടിച്ച കെ കെ ജയചന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതോടെയാണ് ഉടുമ്പഞ്ചോലയില്‍ മണിയെ പരിഗണിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് ഉടുമ്പഞ്ചോല. മണ്ഡലം മുഴുവനായും പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതാണ് ജനത്തെ ആശങ്കയിലാഴ്ത്തിയത്. അതിന്റെ അലയൊലികള്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുകയും ചെയ്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തപ്പോള്‍ എല്‍ ഡി എഫിലെ അഡ്വ.ജോയ്‌സ് ജോര്‍ജിന് ഉടുമ്പഞ്ചോലയില്‍ ലഭിച്ചത് 22692 വോട്ടുകളുടെ ‘ഭൂരിപക്ഷം.
തോട്ടം തൊഴിലാളികളും തമിഴ് വോട്ടര്‍മാരും ഏറെ ഉള്‍പ്പെട്ട മണ്ഡലമാണിത്.1987ല്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യു സ്റ്റീഫന് വോട്ടുതേടി എം ജി ആര്‍ എത്തിയെന്നത് തമിഴ് വോട്ടര്‍മാരുടെ സ്വാധീനം വ്യക്തമാക്കുന്നു. ഇരുമുന്നണികളെയും മാറിമാറി വരിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. ഇതുവരെ നടന്ന 12 തിരഞ്ഞെടുപ്പില്‍ ആറു തവണ വീതം യു ഡി എഫും എല്‍ ഡി എഫും ജയിച്ചു. കഴിഞ്ഞ മൂന്നുതവണയായി വിജയം എല്‍ ഡി എഫിനൊപ്പമാണ്.
പക്ഷെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം എല്‍ ഡി എഫിന് അത്ര സുഖകരമല്ല. നെടുങ്കണ്ടം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നേടിയെങ്കിലും പത്ത് പഞ്ചായത്തില്‍ ആറും യു ഡി എഫ് കൈയടക്കി. എസ് എന്‍ ഡി പിക്ക് ശക്തമായ വേരോട്ടമുളള സേനാപതിയിലും രാജകുമാരിയിലും പരമ്പരാഗത സി പി എം വോട്ടുകള്‍ ബി ജെ പി – വെളളാപ്പളളി സഖ്യത്തിലേക്ക് ഒഴുകിയെന്നാണ് സൂചന.
ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ്, ഇബ്‌റാഹിംകുട്ടി കല്ലാര്‍, ഇ എം ആഗസ്തി, സേനാപതി വേണു എന്നിവരാണ് യു ഡി എഫ് പട്ടികയിലുള്ളത്. ഐ ഗ്രൂപ്പിനാണ് സീറ്റെന്നാണ് സങ്കല്‍പ്പം.എങ്കില്‍ അവസാനത്തെ മൂന്നുപേരില്‍ ആരെങ്കിലുമാകും സ്ഥാനാര്‍ഥി.