Kerala
നെല്‍വയല്‍ നികത്താനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: കൊച്ചിയിലെ പുത്തന്‍വേലിക്കരയിലും തൃശൂരിലെ മടത്തുപടിയിലുമായി 127 ഏക്കര്‍ നെല്‍വയല്‍-തണ്ണീര്‍ത്തട ഭൂമി നികത്തി ഐടി വ്യവസായം തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയ റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് റദ്ദാക്കി. വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഇടപാടില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് നിക്ഷിപ്തമാക്കിയ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് നികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
തൃശൂര്‍ ജില്ലയിലെ മടുത്തുപടി വില്ലേജിലെ 32.41 ഏക്കറും എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജിലെ 95.44 ഏക്കറും ചേര്‍ന്നതാണ് വിവാദ ഭൂമി. സന്തോഷ് മാധവനും സംഘവും കൈവശപ്പെടുത്തിയ ഈ ഭൂമി ബെംഗളൂരുവിലെ ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല്‍, പോക്കുവരവ് റവന്യൂ വകുപ്പ് എതിര്‍ത്തു. ഭൂമിയില്‍ പുറമ്പോക്കും മിച്ചഭൂമിയും ഉള്‍പ്പെട്ടിരുന്നു എന്നും 18 ഏക്കറോളം ശരിയായ രേഖകളില്ലാതെ സന്തോഷ് മാധവനും കൂട്ടാളികളും കൈവശപ്പെടുത്തിയെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. മുമ്പ് ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ച കമ്പനി തന്നെ ഇപ്പോള്‍ പേരുമാറ്റി ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം.