National
ഉത്തരാഖണ്ഡ്: അഞ്ച് ഭരണകക്ഷി എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്ന് ബി ജെ പി
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഈ മാസം 28ന് അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍, മുന്നണിയില്‍ നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്ന് ബി ജെ പിയുടെ അവകാശവാദം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണമുന്നണിയില്‍ നിന്ന് ഇനിയും അഞ്ച് എം എം എമാര്‍ ബി ജെ പിക്കൊപ്പം ചേരുമെന്ന് പാര്‍ട്ടി വക്താവ് മുന്നാ സിംഗ് ചൗഹാന്‍ പറഞ്ഞു. ഇവരില്‍ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവരും ഉണ്ടാകുമെന്നും അവര്‍ ബി ജെ പിക്കൊപ്പം ചേരാന്‍ അവസരം കാത്തുനില്‍ക്കുകയാണെന്നും മുന്നാ സിംഗ് ചൗഹാന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് കൂടാതെ, ആറ് അംഗങ്ങള്‍ മാത്രമുള്ള അവരുടെ സഖ്യകക്ഷി പൂരോഗമന ജനാധിപത്യ മുന്നണിയില്‍ നിന്നും എം എല്‍ എമാര്‍ മറുകണ്ടം ചാടുമെന്ന് പറഞ്ഞ ബി ജെ പി വക്താവ് പക്ഷേ അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇപ്പോള്‍ വിമത ശബ്ദം ഉയര്‍ത്തിയ ഒമ്പത് പേര്‍ക്ക് മാത്രമല്ല കോണ്‍ഗ്രസിലെ പല എം എല്‍ എമാര്‍ക്കും ഹരീഷ് റാവത്തിന്റെ ഏകാധിപത്യ രീതിയില്‍ പ്രതിഷേധമുണ്ട്. അവസരം വരുമ്പോള്‍ ഇവര്‍ തങ്ങള്‍ക്ക് അനുകൂല നിലപാടെടുക്കും. ചട്ടപ്രകാരം സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ജ്വലിന് വിമത എം എല്‍ എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധ നിയമ പ്രകാരം അയോഗ്യനാക്കാന്‍ കഴിയില്ലെന്നും ചൗഹാന്‍ പറഞ്ഞു. പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറുകയോ ചെയ്താല്‍ മാത്രമാണ് എം എല്‍ എമാരെ ഈ നിയമ പ്രകാരം അയോഗ്യരാകാന്‍ കഴിയൂ. എന്നാല്‍, ഈ ഒമ്പത് എം എല്‍ എമാരും ഈ രണ്ട് കാര്യവും ചെയ്യാത്തിടത്തോളം കൂറുമാറ്റ നിരോധ നിയമത്തിന് വിധേയമാകില്ല. ധനവിനിയോഗ ബില്‍ ശബ്ദ വോട്ടോടെയാണ് പാസ്സായതെന്ന് സ്പീക്കര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ വിപ്പ് ലംഘിച്ചെന്ന് എം എല്‍ എമാര്‍ക്കെതിരെയുള്ള ആരോപണം നിലനില്‍ക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.