National
ഹൈദരബാദില്‍ കന്‍ഹയ്യകുമാറിനു നേരെ ഷൂസ് ഏറ്
ഹൈദരാബാദ്: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യകുമാറിനു നേര്‍ക്ക് ഷൂസ് എറിഞ്ഞു. ഹൈദരാബാദില്‍ ചടങ്ങനിടെയാണ് കന്‍ഹയ്യക്കുനേര്‍ക്ക് ഷൂസ് ഏറുണ്ടായത്. കന്‍ഹയ്യയെ പോലെ ദേശവിരുദ്ധരായവരെ സംസാരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കന്‍ഹയ്യ സംസാരിക്കുന്നതിനിടെയാണ് സദസില്‍ നിന്നൊരാള്‍ ഷൂ എറിയുകയായിരുന്നു. സമ്മേളനം അല്‍പനേരത്തേക്ക് തടസപ്പെട്ടു. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ, ഇതൊന്നും കണ്ട് താന്‍ ഭയപ്പെടില്ല എന്നയിരുന്നു കന്‍ഹയ്യയുടെ മറുപടി. ഷൂസ് എറിഞ്ഞ ആളെ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ കന്‍ഹയ്യയെ ക്യാമ്പസില്‍ കടക്കാന്‍ അനുവദിച്ചിരുന്നില്ല. ഹൈദരാബാദ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് കന്‍ഹയ്യ കാമ്പസിലെത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ആക്രമണം നേരിടുകയാണെന്ന് കന്‍ഹയ്യ സര്‍വകലാശയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരല്ലേ രാഷ്ട്രീയം കളിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ട അതിനുള്ള തിരക്കഥ തയ്യാറാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കന്‍ഹയ്യ കുമാര്‍ പറഞ്ഞു.