Gulf
സ്‌കീ ദുബൈയിലെ പെന്‍ഗ്വിന്‍ കുടുംബത്തിലേക്ക് നാലു നവാഗതര്‍
ദുബൈ: സ്‌കീ ദുബൈയിലെ പെന്‍ഗ്വിന്‍ കുടുംബത്തിന് സന്തോഷമേകി നാലു നവാഗതര്‍ കൂടി എത്തി. ജെന്റൂ വിഭാഗത്തില്‍പെട്ട പീറ്റര്‍ എന്ന പെന്‍ഗ്വിന്‍ കുഞ്ഞുള്‍പെടെ നാലെണ്ണമാണ് വിരിഞ്ഞിറങ്ങിയിരിക്കുന്നത്. സ്‌കീ ദുബൈയുടെ സ്‌നോ പെന്‍ഗ്വിന്‍ ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഡിസംബറില്‍ മുട്ടകള്‍ വിരിയാനായി സൂക്ഷിച്ചത്. ലിറ്റ്മിറ്റ്, ആപ്പിള്‍, പീക്കണ്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പെട്ടവയാണ് വിരിഞ്ഞിറങ്ങിയ മറ്റ് മൂന്നു പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍. പീറ്ററിന്റെ അച്ഛന്‍ സ്‌നീസും അമ്മ സിമും ഉത്കണ്ഠയോടെയായിരുന്നു അടയിരിക്കല്‍ കാലം കഴിച്ചുകൂട്ടിയത്. രണ്ടു പേരും കൂടിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ സദാ ജാഗരൂകരായിരുന്നുവെന്ന് വാര്‍ത്ത പുറത്തുവിട്ട് സ്‌കീ ദുബൈ അധികൃതര്‍ വെളിപ്പെടുത്തി. പിന്നീടാണ് മറ്റ് മൂന്നു കുഞ്ഞുങ്ങള്‍ പിറന്നത്. ഇവ ബാലാരിഷ്ടതകള്‍ പിന്നിട്ട് വരികയാണ്. പീറ്റര്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സ്‌കീ ദുബൈ പെന്‍ഗ്വിന്‍ വിഭാഗം തലവന്‍ പീറ്റര്‍ ഡിക്കിന്‍സണ്‍ വ്യക്തമാക്കി. ഇപ്പോള്‍ എട്ടു കിലോ ഗ്രാം ഭാരമായിട്ടുണ്ട്. ഓരോ ദിവസവും ഭാരം പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലാണ് മുതിര്‍ന്ന പെന്‍ഗ്വിനുകള്‍ക്കൊപ്പം പീറ്റര്‍ നീന്താന്‍ ആരംഭിച്ചത്. ഇത് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണ്. പദ്ധതി വന്‍ വിജയമായിരിക്കയാണ്. 2012 ഫെബ്രുവരിയിലാണ് സ്‌കീ ദുബൈയില്‍ പെന്‍ഗ്വിന്‍ വിഭാഗം തുറന്നത്. അന്ന് 10 വീതം കിംഗ് പെന്‍ഗ്വിനുകളും ജെന്റൂ പെന്‍ഗ്വിനുകളുമായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോള്‍ പുതിയ നാലു കുഞ്ഞുങ്ങള്‍ ഉള്‍പെടെ 28 പെന്‍ഗ്വിനുകളാണ് ഇവിടെയുള്ളതെന്നും പീറ്റര്‍ ഡിക്കിന്‍സണ്‍ പറഞ്ഞു.