Connect with us

National

കാശ്മീരില്‍ പി ഡി പി- ബി ജെ പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി:രണ്ട് മാസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കാശ്മീരില്‍ മെഹബൂബ മുഫ്തി നേതൃത്വം നല്‍കുന്ന പി ഡി പി- ബി ജെ പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കാര്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ പി ഡി പിയെയും ബി ജെ പിയെയും കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഇതോടെ ജമ്മു കാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മെഹബൂബ മുഫ്തി.

മെഹബൂബ മന്ത്രിസഭയില്‍ ബി ജെ പി നേതാവ് നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രിയായി തുടരും. കഴിഞ്ഞ മുഫ്തി മുഹമ്മദ് സഈദിന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന നിര്‍മല്‍ സിംഗ് തത്സ്ഥാനത്ത്് തുടരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ശ്രീനഗറില്‍ ചേര്‍ന്ന ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍മല്‍ സിംഗിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. പി ഡി പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ മെഹബൂബ മുഫ്തിയെ പിന്തുണക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. പി ഡി പി. എം എല്‍ എമാര്‍ മെഹബൂബ മുഫ്തിക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. പാര്‍ട്ടിയുടെ നിയമസഭാ നേതാവായി തിരഞ്ഞെടുത്ത വിവരവും എം എല്‍ എമാര്‍ കൂടിക്കാഴ്ചയില്‍ ഗവര്‍ണറെ അറിയിച്ചിരുന്നു.

മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയിലായ ജമ്മു കാശ്മീരില്‍ കഴിഞ്ഞ ജനുവരി ഏഴ് മുതല്‍ ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലായിരുന്നു. പിതാവിന്റെ മരണ ശേഷം ബി ജെ പിയുമായി ചേര്‍ന്ന് ഭരണം തുടരാന്‍ പാര്‍ട്ടി അധ്യക്ഷ കൂടിയായ മെഹബൂബ മുഫ്തി തുടക്കത്തില്‍ താത്പര്യക്കുറവ് കാണിച്ചിരുന്നുവെങ്കിലും അനിശ്ചിതത്വം നീളുകയും പാര്‍ട്ടിയില്‍ രൂക്ഷമായ അഭിപ്രയഭിന്നത ഉടലെടുക്കുയും ചെയ്തതോടെയാണ് ബി ജെ പിയുമായി കൂട്ടു ചേര്‍ന്ന് ഭരണം തുടരാന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹ്ബൂബ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ചര്‍ച്ചയില്‍ മെഹ്ബൂബ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നാണ് ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, പി ഡി പി നേരത്തെയുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സര്‍ക്കാര്‍ രൂപവത്കരണവുമായി മുന്നോട്ടുപോയതെന്നാണ് പി ഡി പിയുടെ വിശദീകരണം. സര്‍ക്കാര്‍ രൂപവത്കരണത്തിനായി ചര്‍ച്ചയുടെ അന്തിമഘട്ടത്തില്‍ പി ഡി പി ചെറിയ തോതില്‍ വിട്ടുവീഴ്ചക്ക് തയ്യാറായെന്നാണറിയുന്നത്.

അതേസമയം, കാശ്മീര്‍ ഭരണത്തിനായി വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങട്ടെയെന്നുമായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള ചില ബി ജെ പി നേതാക്കളുടെ അഭിപ്രായം. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഗുണകരമാകില്ലെന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായ കണക്കിലെടുത്താണ് മെഹ്ബൂബയെ വീണ്ടും ചര്‍ച്ചക്കായി ക്ഷണിച്ചത്.

ഇതോടെ മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തിന് ശേഷം പാര്‍ട്ടിയില്‍ തന്റെ ആധിപത്യം ഉറപ്പിക്കുക കൂടിയാണ് മെഹബൂബ ചെയ്തത്. നിലവില്‍ പാര്‍ട്ടി അധ്യക്ഷ കൂടിയായ ഇവര്‍ പാര്‍ട്ടിയുടെ അവസാന വാക്കായി മാറുന്ന കാഴ്ചയാണ് കണ്ടത്. നിലവില്‍ അനന്തനാഗില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് മെഹബൂബ. രണ്ടാം തവണയാണ് ഇവര്‍ ലോക്‌സഭാംഗമാകുന്നത്. 2004ലും 2014 ലും ഇവര്‍ അനന്തനാഗില്‍ നിന്നാണ് ലോക്‌സഭയിലെത്തിയരുന്നത്. ഇതിനിടെ 2008ല്‍ ഷോപ്പിയാനിലെ വാച്ചി സെഗ്‌മെന്റില്‍ നിന്ന് ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest