National
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ വിമതര്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: എം എല്‍ എമാരുടെ കൂറുമാറ്റത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന ഉത്തരാഖണ്ഡില്‍ വിമത എം എല്‍ എമാരെ അനുനയിപ്പിക്കാന്‍ ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തായി. സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതിന്റെ ദൃശ്യങ്ങളാണ് 28ന്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്നത്.
പ്രതിസന്ധിയിലായ സര്‍ക്കാറിനെതിരെ പുതിയ ആരോപണം ആയുധമാക്കുകയാണ് ബി ജെ പിയും വിമത എം എല്‍ എമാരും. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ മുഖ്യമന്ത്രി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് വിമത എം എല്‍ എമാര്‍ ആരോപിച്ചു. ഗവണ്‍മെന്റിന്റെ കുത്സിത പ്രവര്‍ത്തികളിലൂടെ തങ്ങളെ വരുതിയിലാക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഈ മാസം 23നാണ് ഈ സംഭവം നടന്നതെന്ന് എം എല്‍ എമാര്‍ പറയുന്നു. അഴിമതിയാരോപണം ഉന്നയിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുള്‍പ്പടെയുള്ള ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാരാണ് ഹരീഷ് റാവത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 70 അംഗ നിയമസഭയില്‍ 36 എം എല്‍ എമാരുടെ ബലത്തിലാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ രൂപവത്കരിച്ചത്. പ്രതിപക്ഷമായ ബി ജെ പിക്ക് നിയമസഭയില്‍ 28 എം എല്‍ എമാരുണ്ട്. വിമതരായ ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ 37 പേരുടെ അംഗബലത്തോടെ സര്‍ക്കാറുണ്ടാക്കാനാകുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.
അതേസമയം, ഭരണം നിലനിര്‍ത്താന്‍ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു. വിമത എം എല്‍ എമാര്‍ പുറത്തുവിട്ട സിഡി വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി വിമത എം എല്‍ എമാര്‍ രംഗത്തെത്തിയത്. ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അതിന്റെ ആധികാരികത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.