Connect with us

Kerala

കടക്കെണിയില്‍ കുടുങ്ങിയ കര്‍ഷകന്‍ വീട്ടുമുറ്റത്ത് ചിതയൊരുക്കി ജീവനൊടുക്കി

Published

|

Last Updated

തൊടുപുഴ: കടക്കെണിയില്‍ കുടുങ്ങിയ കര്‍ഷകന്‍ വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കി. ശാന്തമ്പാറ പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയന്‍ (64) ആണ് വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടില്‍ സ്വയം ഒരുക്കിയ ചിതയില്‍ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് മാസമായി ഇയാള്‍ വിറക് ശേഖരിച്ച് വീടിന് മുറ്റത്ത് പാറയോട് ചേര്‍ന്ന് മൂലയില്‍ കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വീട്ടുകാരും സമീപത്തുള്ളവരും ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും മഴക്കാലത്തിന് മുമ്പ് വിറക് ശേഖരിക്കുകയാണെന്നാണ് പറഞ്ഞത്.
വെള്ളിയാഴ്ച സമീപത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠാമഹോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയശേഷം ഭാര്യയെയും മകനെയും മകന്റെ കുടുംബത്തെയും നിര്‍ബന്ധിച്ച് എസ്റ്റേറ്റ് പൂപ്പാറയിലെ ബന്ധുവീട്ടിലേക്ക് അയച്ചു. ഇതിന് ശേഷമാണ് വീട്ടുമുറ്റത്ത് ചിതയൊരുക്കി ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കനലും മനുഷ്യന്റെ അസ്ഥികഷണങ്ങളും കണ്ട അയല്‍ക്കാരന്‍ വിജയന്റെ വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരെത്തി പരിശോധന നടത്തിയപ്പോള്‍ സമീപത്തു നിന്നും പെട്രോളും മണ്ണെണ്ണയും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ മൂന്ന് പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുക്കുകയായിരുന്നു.
സ്വന്തമായി രണ്ടേക്കര്‍ സ്ഥലത്ത് ഏലം കൃഷി ചെയ്തായിരുന്നു വിജയനും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാല്‍ ഭാര്യ ശ്യാമളക്ക് ഹൃദ്രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ ബൈപാസ് സര്‍ജറി നടത്തേണ്ടി വന്നു. പത്ത് ലക്ഷത്തിലധികം രൂപ പലരില്‍ നിന്നായി കടം വാങ്ങിയാണ് ഇത് ചെയ്തത്. യഥാസമയം ഈ തുക തിരികെ നല്‍കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കൃഷിയിടം പണയം നല്‍കി സ്വകാര്യ വ്യക്തിയുടെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ കടം വാങ്ങി. ഇതോടെ വരുമാന മാര്‍ഗം അടയുകയും നിത്യ ചെലവ് പോലും ബുദ്ധിമുട്ടിലാവുകയും ചെയ്തു. തിരിച്ചെടുക്കുന്നതിനു മാര്‍ഗമില്ലാതെ ആകെയുള്ള സ്വത്തായ സ്ഥലം നഷ്ടപ്പെടുമോ എന്ന ആശങ്ക മൂലം വിജയന്‍ ഏറെ നാളായി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയാണെന്ന് പലപ്പോഴും പറയാറുളള വിജയന്‍ അടുത്തിടെ ഭക്തിയില്‍ അഭയം തേടിയതായും സുഹൃത്തുക്കള്‍ പറയുന്നു.
തന്റെ ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്നും മോക്ഷം തേടിയുള്ള യാത്രയാണിതെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ മാസം 15 ന് തയ്യാറാക്കിയ കത്തില്‍ താന്‍ ചിതയൊരുക്കിയ രീതിയും പൂജാദികര്‍മ്മങ്ങള്‍ സ്വയം നടത്തുമെന്നും വിവരിക്കുന്നു. ചിതയുടെ സമീപത്ത് നിന്നും കര്‍പ്പൂരം, ചന്ദനത്തിരി, രാമച്ചം എന്നിവയും കണ്ടുകിട്ടിയിട്ടുണ്ട്. മൃതദേഹം പൂര്‍ണമായും കത്തി ചാരമായിരുന്നു. ചിത ഒരുക്കും മുമ്പ് വിജയന്‍ സ്വന്തം ശരീരം വിറകുമായി ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നതായി സംശയമുണ്ട്. ആരെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതൊഴിവാക്കാന്‍ വീട്ടിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം പൂര്‍ണമായും ഒഴുക്കികളയുകയും സമീപത്തെ കുടിവെള്ള ഹോസുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുമെന്ന് ആത്മഹത്യാകുറിപ്പിലും സൂചിപ്പിച്ചിരുന്നു. മൂന്ന് മാസക്കാലമായി നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിജയന്‍ തന്റെ മരണം ദൈവനിയോഗമാണെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. ശാന്തമ്പാറ പോലീസ് കേസെടുത്തു. ഭാര്യ: ശ്യാമള. മക്കള്‍. രാജേഷ്, രതീഷ്, ബിന്ദു. മരുമക്കള്‍. ദീപ, വിജയകുമാര്‍.

Latest