Connect with us

Kerala

പോസ്റ്റര്‍ വിപ്ലവം ഫലം കണ്ടില്ല; വിമര്‍ശന ശരങ്ങളേറ്റവര്‍ മത്സര രംഗത്തേക്ക്

Published

|

Last Updated

കൊച്ചി: മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പോസ്റ്റര്‍ യുദ്ധമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇക്കുറി സംസ്ഥാനത്ത് നടക്കുന്നത്. ഇക്കുറി ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിച്ചതും നേതൃത്വത്തോടുള്ള പരാതി അറിയിച്ചതും തെരുവോരങ്ങളിലെ മതിലുകളിലൂടെയാണ്.
താരപരിവേഷത്തോടെ രംഗത്തിറക്കിയ സ്ഥാനാര്‍ഥികള്‍ക്കെതിരായാണ് കൂടുതല്‍ വിമര്‍ശം ഉയര്‍ന്നത്. കെ പി എസി ലളിതയും, ജഗദീഷും, വീണാ ജോര്‍ജ്ജും ഇത്തരത്തില്‍ വിമര്‍ശനത്തിനിടയായി. വിമര്‍ശനമേറ്റവരില്‍ ഭൂരിഭാഗവും നിരാശരായി മടങ്ങേണ്ടി വന്നില്ല. കെ പി എ സി ലളിത സ്വയം ഒഴിവായതൊഴിച്ചാല്‍ മിക്കവരും സ്ഥാനാര്‍ത്ഥിയാവുമെന്നുറപ്പാണ്. തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ ആദ്യം പരിഗണിക്കപ്പെടുകയും പിന്നീട് മാറ്റുകയും ചെയ്ത പി രാജീവിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന കടുത്ത നിലപാടില്‍ ഉറച്ച് നിന്ന പ്രവര്‍ത്തകര്‍ അദ്ദേഹം എം എല്‍ എ ആയാല്‍ ഉണ്ടാകുന്ന നേട്ടങ്ങളും വാനോളം പോസ്റ്ററിലൂടെ പുകഴ്ത്തി.
രാജീവ് സ്ഥാനാര്‍ത്ഥിയാവില്ലെന്നും എം സ്വരാജ് പകരം ബാബുവിനെ നേരിടാനെത്തുമെന്നും ഉറപ്പായതോടെ പോസ്റ്ററിലെ ആവശ്യം നിരാകരിക്കപ്പെട്ടു. ഒരിക്കല്‍ ഇടതു പക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പ്രസംഗിക്കുകയും പിന്നീട് അധികാര മോഹിയായി തിരിച്ച് വരുകയും ചെയ്‌തെന്ന ആരോപണവുമായാണ് കോവൂര്‍ കുഞ്ഞുമോനെതിരെ കുന്നത്തൂരില്‍ പോസ്റ്ററുകള്‍ വ്യാപകമായത്. തീരുമാനമായില്ലെങ്കിലും താന്‍ തന്നെ കുന്നത്തൂരില്‍ സ്ഥാനാര്‍ത്ഥിയാവുമെന്നും, പോസ്റ്ററുകള്‍ക്ക് പിന്നില്‍ നിലവിലെ ആര്‍ എസ് പിയാണെന്നും കുഞ്ഞുമോന്‍ സിറാജിനോട് പറഞ്ഞു.
അരുവിക്കരയിലെ സി പി എം സ്ഥാനാര്‍ത്ഥി എ എ റഷീദിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും വെറുതെയായി. അവസാന ഘട്ടത്തില്‍ റഷീദിന്റെ പേര് തന്നെയാണ് എല്‍ ഡി എഫ് പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
നൂലില്‍ കെട്ടിയിറക്കിയ കെ പി എ സി ലളിതയെ തങ്ങള്‍ക്ക് വേണ്ടന്ന് പറഞ്ഞായിരുന്നു വടക്കാഞ്ചേരിയില്‍ പ്രതിഷേധം. കെ പി എസി ലളിത ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞെങ്കിലും വനിതാ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന നിലപാടില്‍ മേരി തോമസിനെയാണ് ഇടതുപക്ഷം ഇപ്പോള്‍ വടക്കാഞ്ചേരിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ്ജിനെ പരിഗണിച്ചതായിരുന്നു സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഓര്‍ത്തഡോക്‌സ് സഭാ സ്ഥാനാര്‍ഥിയാണ് വീണയെന്നും പേയ്‌മെന്റ് സ്ഥാനാര്‍ത്ഥിയാണെന്നും ആരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഇറക്കിയത്.
ഒറ്റപ്പാലവും, ഷൊര്‍ണ്ണൂരുമാണ് സി പിഎമ്മിന്റെ പോസ്റ്റര്‍ പ്രചരണം വ്യാപകമായ മറ്റ് മണ്ഡലങ്ങള്‍. ഇവിടെയും നിരാശ മാത്രമാണ് ഫലം. ഒറ്റപ്പാലത്ത് പി ഉണ്ണിക്കെതിരെയും, ഷൊര്‍ണ്ണൂരില്‍ പി കെ ശശിക്കെതിരെയും പോസ്റ്ററുകള്‍ വന്നെങ്കിലും ഇരുവരും മണ്ഡലങ്ങളില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. പോസ്റ്റര്‍ പ്രചരണം നടന്ന ഇരിങ്ങാലക്കുടയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യം തീരുമാനമാവാതെ തുടരുകയാണ്. യു ഡി എഫിലും സ്ഥിതി വ്യത്യസ്ഥമല്ല. പത്തനാപുരത്തെ സ്ഥാനാര്‍ത്ഥി ജഗദീഷിനെതിരെയും പോസ്റ്ററുകള്‍ പതിക്കുകയുണ്ടായി.
പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. മാനന്തവാടിയില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെയും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചു.
ആദ്യ ഘട്ടത്തില്‍ നിഷേധിച്ചെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചത് യൂത്ത് കോണ്‍ഗ്രസിലെ ചിലര്‍ തന്നെ എന്ന് മനസ്സിലാക്കിയ നേതൃത്വം നാല് പേരെ പുറത്താക്കി. സി പി എമ്മിന്റെ പേരില്‍ വ്യാപിച്ച പോസ്റ്റര്‍ കൊണ്ട് യുദ്ധം ഫലം കണ്ട രണ്ട് മണ്ഡലങ്ങളാണ് കായംകുളവും, കൊട്ടാരക്കരയും. കായംകുളത്ത് എല്‍ ഡി എഫ് നിര്‍ണ്ണയിച്ച രജനി ജയദേവിനെതിരെ കടുത്ത പ്രതിഷേധമാണ് പോസ്റ്ററുകളിലൂടെ എത്തിയത്. ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ ഇവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പാര്‍ട്ടിയെ വെള്ളാപ്പള്ളിക്ക് അടിയറവ് വെക്കെപ്പെടും എന്ന് പോസ്റ്ററുകളിലൂടെ പറഞ്ഞു.

---- facebook comment plugin here -----

Latest