Connect with us

National

പഠാന്‍കോട് ഭീകരാക്രമണം:പാക് സംഘത്തോട് മസ്ഊദിന്റെ ശബ്ദ സാമ്പിള്‍ ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി:പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിന് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസ്ഊദ് അസ്ഹറിന്റെ ശബ്ദ സാമ്പിള്‍ നല്‍കണമെന്ന് ഇന്ത്യയിലെത്തിയ പാക് സംഘത്തോട് എന്‍ ഐ എ ആവശ്യപ്പെട്ടു. പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് എത്തിയ സംഘം ഇന്നലെ എന്‍ ഐ എ ആസ്ഥാനത്ത് ഉന്നത അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ പാക് സംഘത്തിന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കൂടുതല്‍ തെളിവുകള്‍ കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി പാക് സംഘം ഇന്ന് വ്യോമകേന്ദ്രം സന്ദര്‍ശിക്കും.
കേസിലെ സാക്ഷികളുമായും പാക് സംഘം സന്ദര്‍ശനത്തിനിടയില്‍ സംസാരിക്കും. പഞ്ചാബ് പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിംഗ്്, അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് വര്‍മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍, ആക്രമണത്തില്‍ പരുക്കേറ്റ 17 പേര്‍ എന്നിവരില്‍ നിന്ന് സംഘം തെളിവെടുപ്പ് നടത്തും. എന്നാല്‍, എന്‍ എസ് ജിയിലെയും ബി എസ് എഫിലെയും സുരക്ഷാ ഉദ്യോഗസ്ഥരായ സാക്ഷികളുമായി കൂടിക്കാഴ്ച നടത്താന്‍ സംഘത്തിന് അനുവാദം നല്‍കിയിട്ടില്ല. പഞ്ചാബ് മേഖല ഭീകരവിരുദ്ധ വിഭാഗം മേധാവി മുഹമ്മദ് താഹിര്‍ റായ് ആണ് സംഘത്തിന്റെ തലവന്‍.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യമായാണ് പാക്കിസ്ഥാനില്‍ നിന്ന് ഇത്തരത്തിലൊരു സംഘം ഇന്ത്യയിലെത്തുന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
അതേസമയം, പാക് അന്വേഷണ സംഘത്തിന് വ്യോമകേന്ദ്രം തുറന്നുകൊടുക്കുന്നതിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു നീക്കത്തിലൂടെ മോദി സര്‍ക്കാര്‍ പാക്കിസ്ഥാന് മുന്നില്‍ അടിയറവ് പറഞ്ഞെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഡല്‍ഹി നിയമസഭയില്‍ ഇന്നലെ എ എ പി. എം എല്‍ എമാര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു. അതിനിടെ, പാക്കിസ്ഥാന്‍ സംഘത്തിന് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനുള്ള അനുമതിയേ നല്‍കിയിട്ടിള്ളൂവെന്നും വ്യോമകേന്ദ്രത്തിലെ ഇതര ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തെ അനുവദിക്കില്ലെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
എന്‍ ഐ എ നിര്‍ദേശിച്ചതനുസരിച്ചാണ് പാക് അന്വേഷണ സംഘത്തെ വ്യോകേന്ദ്രത്തിലെത്തിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest