Kerala
സരിത ഹാജരായില്ല , അടുത്തത് അവസാന അവസരമെന്ന് കമ്മീഷന്‍
കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ക്ക് ക്രോസ് വിസ്താരത്തിന് ഹാജരാകാന്‍ 30ന് അവസാന അവസരമായിരിക്കുമെന്ന് സോളാര്‍ കമ്മീഷന്‍. സരിത 30 ന് കമ്മീഷനില്‍ ഹാജരാകാത്തപക്ഷം അവരുടെ ക്രോസ് വിസ്താരം അവസാനിപ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാവേണ്ടിയിരുന്നതിനാല്‍ സരിത ഇന്നലെ കമ്മീഷനില്‍ ഹാജരായിരുന്നില്ല. സരിതയുടെ വിശദമായ ഫോണ്‍കോള്‍ വിവരങ്ങള്‍ അടങ്ങിയ സി ഡി ആര്‍ എടുപ്പിക്കണമെന്ന പോലീസ് അസോസിയേഷന്റെ ഹരജി പരിഗണിക്കുന്നത് കമ്മീഷന്‍ നാളത്തേക്ക് മാറ്റി. നേരത്തെ സരിതയുടെ മൂന്ന് നമ്പറുകളില്‍ 2012 മെയ് മാസം മുതല്‍ 2013 ജൂണ്‍ വരെയുള്ള ഫോണ്‍ വിവരങ്ങള്‍ കമ്മീഷനില്‍ ഡി ജി പി ഹാജരാക്കിയിരുന്നതാണ്. എന്നാല്‍ പോലീസ് അസോസിയേഷന്റെ ഹരജിയില്‍ കൂടുതല്‍ എന്തു വിവരങ്ങളാണ് വേണ്ടതെന്ന് സംബന്ധിച്ച വ്യക്തതയില്ലാത്തതിനാലാണ് പെറ്റീഷന്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. അതേസമയം തന്റെ പേഴ്‌സനല്‍ ഡയറി കമ്മീഷനില്‍ ഹാജരാക്കാനാകില്ലെന്ന് കാണിച്ച് സരിതയുടെ അഭിഭാഷകന്‍ കമ്മീഷനില്‍ ഹരജി സമര്‍പ്പിച്ചു. ഇതും നാളെ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
ടെന്നി ജോപ്പന്റെ അഭിഭാഷക ഇന്നലെ കമ്മീഷനില്‍ ഹാജരാകാതിരുന്നതിനാല്‍ ജോപ്പന്റെ ഇമെയില്‍ പരിശോധിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതും നാളത്തേക്ക് മാറ്റി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സോളാര്‍ കമ്മീഷന്‍ നടപടികള്‍ എകപക്ഷീയമാണെന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍(എ ഐ എല്‍ യു) സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രനെതിരെ നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ അഭിഭാഷകന്‍ കമ്മീഷനില്‍ ഹരജി സമര്‍പ്പിച്ചു. ഹരജി പരിഗണിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് 10(എ) പ്രകാരം അഡ്വ. ബി രാജേന്ദ്രന് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു. നാളെ അനര്‍ട്ടിന്റെ പ്രോഗ്രാം ഓഫീസറായ എന്‍ രാജേഷില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുക്കും.