Connect with us

National

പാക് സംഘം ഇന്ന് പഠാന്‍കോട്ട് സന്ദര്‍ശിക്കും

Published

|

Last Updated

പഠാന്‍കോട്ട്: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയിലത്തെിയ പാക് സംഘം ഇന്ന് പഠാന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിക്കും. ഭീകരാക്രമണത്തിന്റെ ശരിയായ വിവരങ്ങള്‍ നേരിട്ടറിയുന്നതിന് സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന പാക് സംഘത്തിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കുകയായിരുന്നു. തീവ്രവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് സംഘം ഇന്ത്യയിലെത്തുന്നത് ആദ്യമായാണ്. രാവിലെ അമൃത്സര്‍ വിമാനത്തവാളത്തില്‍ വന്നിറങ്ങിയ സംഘം പ്രൂഫ് കാറുകളിലാണ് പഠാന്‍കോട്ടേക്ക് യാത്രയായത്.

എന്നാല്‍ ഭീകരാക്രമണം നടന്ന മേഖല സന്ദര്‍ശിക്കാന്‍ മാത്രമേ പാക് സംഘത്തിന് അനുമതിയുള്ളുവെന്നും വ്യോമതാവളത്തില്‍ തന്ത്രപ്രധാന മേഖലയില്‍ പ്രവേശാനുമതിയില്ലെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. ഭീകരാക്രമണത്തിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചയില്‍ നേരത്തേ ധാരണയായത് പ്രകാരമാണ് സംഘം എത്തിയത്.
തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് പാക് സംഘം തെളിവുകള്‍ ശേഖരിക്കും. ഗുര്‍ദാസ്പുര്‍ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, പാചകക്കാരന്‍ മദന്‍ ഗോപാല്‍, സല്‍വീന്ദര്‍ സിങ്ങിന്റെ സുഹൃത്ത് രാജേഷ് വര്‍മ എന്നിവരില്‍നിന്ന് പാക് സംഘം മൊഴിയെടുക്കും. എന്നാല്‍, എന്‍.എസ്.ജി, ബി.എസ്.എഫ്. എന്നിവയുടെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ അനുവദിക്കില്ല.