Connect with us

Malappuram

വണ്ടൂരില്‍ പോരാട്ടം ബന്ധുക്കള്‍ തമ്മില്‍: യു ഡി എഫിലെ പടലപ്പിണക്കം വോട്ടാക്കാന്‍ എല്‍ ഡി എഫ്

Published

|

Last Updated

കാളികാവ്:പട്ടികജാതി സംവരണ മണ്ഡലമായ വണ്ടൂരില്‍ ഇത്തവണ മത്സരം കൊഴുക്കാന്‍ സാധ്യത. ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പോടെയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തിയാര്‍ജ്ജിച്ച എതിര്‍ ചേരിയിലെ ഉള്‍പോരുകള്‍ മുതലാക്കാമെന്ന വിശ്വാസത്തിലാണ് എല്‍ ഡി എഫ്. വിവിധ വിഭാഗത്തില്‍പെട്ട ആദിവാസി ഗോത്ര സമൂഹങ്ങളും ചെറുതും വലുതുമായ റബ്ബര്‍ തോട്ടങ്ങളും കുടിയേറ്റ കര്‍ഷകരും ഏറെയുള്ള മണ്ഡലത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയാകുക കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും വന്യ മൃഗ ശല്യവുമെല്ലാമായിരിക്കും.

റബ്ബറിന്റെ വില തകര്‍ച്ചയുടെ ആഘാതത്തിന് പുറമെ ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികൂടി ബാധിക്കാത്ത കുടുംബങ്ങള്‍ വണ്ടൂര്‍ മണ്ഡലത്തില്‍ ഉണ്ടാകില്ല. തോട്ടം മേഖലയിലെ പ്രതിസന്ധിയും രൂക്ഷമായ വന്യ മൃഗ ശല്യം മൂലം ഉള്ള ഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിയാത്തതുമെല്ലാം തിരെഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടത്തിനു നേതൃത്വം കൊടുത്ത സഖാവ് കുഞ്ഞാലി അന്ത്യ വിശ്രമം കൊള്ളുന്ന മണ്ഡലം ഇന്ന് യു ഡി എഫിന്റെ കോട്ടയായായി മാറിയിരിക്കുന്നു. 1977ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ ഒരു തവണ മാത്രമാണ് എല്‍ ഡി എഫിന് വിജയിക്കാന്‍ സാധിച്ചത്.

ആദ്യ തിരഞ്ഞെടുപ്പില്‍ വി ഈച്ചരന്‍ 1980ല്‍ എം എ കുട്ടപ്പന്‍, പിന്നീട് പന്തളം സുധാകരന്‍ മൂന്ന് തവണയും യു ഡി എഫ് ടിക്കറ്റില്‍ വിജയിച്ചു കയറി. 1995ല്‍ ഇടതു പക്ഷത്ത് നിന്നും എന്‍ കണ്ണന്‍ പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ ചെങ്കൊടി പറത്തി. എന്നാല്‍ 2001ല്‍ എ പി അനില്‍കുമാര്‍ മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീട് ഇതുവരെ യു ഡി എഫിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28912 വോട്ട് ഭൂരിപക്ഷത്തിനാണ് എ പി അനില്‍കുമാര്‍ ഇടതുപക്ഷത്തിലെ വി രമേശിനെ തോല്‍പ്പിച്ചത്. 2006ലെ തിരഞ്ഞെടുപ്പിനേക്കാളും പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ അനില്‍കുമാറിനു സാധിച്ചു. കഴിഞ്ഞ തവണ പോള്‍ ചെയ്ത 132610 ല്‍ 77580 വോട്ടുകള്‍ അനില്‍കുമാര്‍ നേടിയപ്പോള്‍ പ്രധാന എതിരാളിയായിരുന്ന വി രമേശന് 48661 വോട്ടു മാത്രമാണ് നേടാന്‍ സാധിച്ചത്.
ബി ജെ പിയുടെ കോതേരി അയ്യപ്പന്‍ 2885 വോട്ട് നേടിയപ്പോള്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിക്ക് 1682 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരായിരുന്ന എം എ കുട്ടപ്പനും പന്തളം സുധാകരനുമെല്ലാം വിജയിച്ചു പോയ മണ്ഡലത്തില്‍ നിലവിലെ എം എല്‍ എ മന്ത്രി കൂടിയായ എ പി അനില്‍കുമാറിന് മണ്ഡലത്തില്‍ ശക്തമായ വേരുറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം തന്നെയാകും ഇത്തവണയും യു ഡി എഫിനായി രംഗത്തുണ്ടാവുക എന്നാണ് അറിയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പട്ടികജാതി പിന്നാക്ക ക്ഷേമം ടൂറിസം മന്ത്രിയെന്ന നിലയില്‍ അദ്ദേഹം മണ്ഡലത്തില്‍ നടപ്പാക്കിയ കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരിക്കും യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുക. പട്ടിക ജാതി വിഭാഗങ്ങള്‍ക്കായി എയ്ഡഡ് കോളജ് സ്ഥാപിച്ചതും ഗ്രാമീണ റോഡുകളുടെ നവീകരണവുമെല്ലാം യു ഡി എഫ് ആയുധമാക്കും.
വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്, വാണിയമ്പലം ടൗണ്‍ സ്‌ക്വയര്‍ എന്നിവയും ചോക്കാട് ചേനപ്പാടി ആദിവാസികള്‍ക്ക് വീട് നിര്‍മാണം തുടങ്ങിയതും കാളികാവ് ചെത്ത്കടവ് പാലവും അഞ്ചച്ചവിടി നീലാഞ്ചേരി സ്‌കൂളുകളെ ഹൈസ്‌കൂളാക്കിയതും ആശുപത്രികളുടെ നവീകരണവും വണ്ടൂര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയതും എല്ലാം അനില്‍കുമാറിന്റെ നേട്ടങ്ങളായി യു ഡി എഫ് ഉയര്‍ത്തിക്കാട്ടും. എന്നാല്‍ യു ഡി എഫിനുള്ളില്‍ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നത് പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് എല്‍ ഡി എഫ്.

തദ്ദേശ സ്ഥാപന തിരെഞ്ഞെടുപ്പില്‍ ലീഗ് കോണ്‍ഗ്രസ് പോരു മൂലം ജില്ലയില്‍ യു ഡി എഫിന് ഏറ്റവും കൂടുതല്‍ പരുക്കേറ്റത് വണ്ടൂര്‍ നിയോജക മണ്ഡലത്തിലായിരുന്നു. എട്ട് പഞ്ചായത്തുകളില്‍ അഞ്ചിലും ഇടതുപക്ഷത്തിനു ഭരണം ലഭിച്ചു. യു ഡി എഫിന്റെ ഉരുക്കു കോട്ടയായി നിലനിന്നിരുന്ന കാളികാവ്, ചോക്കാട്, പോരൂര്‍ പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മല്‍സരം. യു ഡി എഫിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം മന്ത്രിയുടെ പിടിപ്പു കേടാണ് എന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ മന്ത്രിയുടെ കോലം കത്തിക്കുന്ന സാഹചര്യം വരെയുണ്ടായി.

എന്നാല്‍ കോണ്‍ഗ്രസുമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മുസ്‌ലിംലീഗ് നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത് ലീഗിലെ കോണ്‍ഗ്രസ് വിരോധിയെന്ന ഖ്യാധി നേടിയിട്ടുള്ള പി കെ ബശീര്‍ എം എല്‍ എ യെ തന്നെയാണ്. ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിയുടെ മണ്ഡലം കൂടിയാണ് വണ്ടൂര്‍. ഏതാനും ദിവസം മുമ്പു നടത്തിയ ചര്‍ച്ച ഏറെ ഫലപ്രദമായെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ ഒരു മേശക്ക് ചുറ്റും ഇരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം.

പല പഞ്ചായത്തുകളിലും മുസ്‌ലിം ലീഗും സി പി എമ്മും ചേര്‍ന്നാണ് ഭരണം. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത്, പുതിയതായി അപ്‌ഗ്രേഡ് ചെയ്ത അഞ്ചച്ചവിടി-നീലാഞ്ചേരി സ്‌കൂളുകളില്‍ അധ്യാപകരില്ലാത്തത്, തോട്ടംതൊഴിലാളികളുടെ കൂലി പ്രശ്‌നം, സോളാര്‍, തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കാര്യങ്ങള്‍ എല്ലാം ആയിരിക്കും എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണ വിഷയങ്ങള്‍.

മന്ത്രി എ പി അനില്‍കുമാറിന്റെ ബന്ധു കൂടിയായ സി പി എം തുവ്വൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ നിഷാന്ത് എന്ന കണ്ണനെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടന്നിട്ടില്ല. ബി ജെ പി, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ടാവും.
2011ലെ ഫലം
എ പി അനില്‍കുമാര്‍ (കോണ്‍ഗ്രസ്)………………..77580
വി രമേശന്‍ (സി പി എം)………………………………..48661
കോതേരി അയ്യപ്പന്‍ (ബി ജെ പി)……………………2885
കൃഷ്ണന്‍ എരഞ്ഞിക്കല്‍ (എസ് ഡി പി ഐ) .1682
പി അനില്‍കുമാര്‍ (സ്വത.)………………………. 953 ടി സി തെയ്യന്‍
(സ്വത.)………………………………………849

നിയമ സഭയിലെത്തിയവര്‍

1977 വി ഈച്ചരന്‍ (കോണ്‍ഗ്രസ്)
1980 എം എ കുട്ടപ്പന്‍ (കോണ്‍ഗ്രസ്)
1982 പന്തളം സുധാകരന്‍ (കോണ്‍ഗ്രസ്)
1987 പന്തളം സുധാകരന്‍ (കോണ്‍ഗ്രസ്)
1991 പന്തളം സുധാകരന്‍ (കോണ്‍ഗ്രസ്)
1996 എന്‍ കണ്ണന്‍ ( സി പി എം)
2001 എ പി അനില്‍കുമാര്‍ (കോണ്‍ഗ്രസ്)
2006 എ പി അനില്‍കുമാര്‍ (കോണ്‍ഗ്രസ്)
2011 എ പി അനില്‍കുമാര്‍ (കോണ്‍ഗ്രസ്)

Latest