National
പത്താന്‍കോട്ട് ഭീകരാക്രമണം: മസൂദ് അസ്ഹറിന്റെ ബന്ധത്തിന് തെളിവില്ലെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പാക് അന്വേഷണ സംഘം. ഭീകരാക്രമണത്തെകുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘം ദേശീയ അന്വേഷണ ഏജന്‍സിയെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മസൂദ് അസ്ഹറിന് ആക്രമണവുമായി ബന്ധമുണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും അവര്‍ പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ ഇന്ത്യ വിട്ടയച്ച ഭീകരന്‍ മസൂദ് അസ്ഹറിനും അയാളുടെ സഹോദരന്‍ അബ്ദുല്‍ അസ്ഹര്‍ റഊഫിനും ബന്ധമുണ്ടെന്ന് ഇന്ത്യ തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പലതവണ പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്തു. ജെയ്‌ഷെ മുഹമ്മദിന്റെ ഭവാല്‍പൂര്‍ കേന്ദ്രത്തില്‍വെച്ചാണ് ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു.