National
ആത്മഹത്യാ ശ്രമം: ഇറോം ശാര്‍മിളയെ വെറുതെ വിട്ടു
ന്യൂഡല്‍ഹി: ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടു.
പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ നിരാഹാര സമരം നടത്തിയ കേസില്‍ ആത്മഹത്യാ ശ്രമത്തിനാണ് ഈറോം ശര്‍മിളക്കെതിരെ കേസ് ചുമത്തിയത്. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍വീന്ദര്‍ സിംഗിന്റെയാണ് ഉത്തരവ്. ഭക്ഷണമുപേക്ഷിച്ച് ശര്‍മിള സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അഫ്‌സപ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാത്രമാണ് തന്റെ പോരാട്ടമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കി.
സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഇറോം ശര്‍മിള കോടതിയില്‍ അറിയിച്ചു. താന്‍ തന്റെ ജീവിതത്തെ ഇഷ്ടപ്പെടുന്നു, അഫ്‌സ്പ എന്ന കരിനിയമം പിന്‍വലിക്കുന്നതിള്ള പോരാട്ടത്തില്‍ തന്റെ ആയുധമാണ് നിരാഹാരം, ഇത് ഒരു കുറ്റമല്ലെന്നും ഇറോം ശര്‍മിള പറഞ്ഞു. കേസില്‍ മാപ്പപേക്ഷിക്കാന്‍ ഇറോം ശര്‍മിള തയ്യാറായിരുന്നില്ല. ആത്മഹത്യാശ്രമത്തിന്റെ നിരവധി തവണ ഈറോം ശര്‍മ്മിളക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കാലങ്ങളായി ഇത് തുടരുന്നതില്‍ അവര്‍ അതൃപ്തി അറിയിച്ചിരുന്നു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16 വര്‍ഷങ്ങളായി ഈറോം ശര്‍മിള നിരാഹാര സമരം തുടരുകയാണ്. 2013 മാര്‍ച്ച് നാലിനാണ് ആത്മഹത്യ ശ്രമത്തിന്റെ പേരില്‍ ഇറോം ശര്‍മിളയെ വിചാരണക്ക് വിധേയയാക്കിയത്.