Connect with us

Malappuram

കണ്ടറിയണം, കൊണ്ടോട്ടിയെ

Published

|

Last Updated

മലപ്പുറം:പഞ്ചായത്ത് മാറി നഗരസഭയായി ഉയര്‍ന്ന കൊണ്ടോട്ടിയില്‍ ഇക്കുറി പോരാട്ടത്തിന് ചൂടേറും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പൊന്നാപുരം കോട്ടയായ കൊണ്ടോട്ടി ജനകീയ വികസന മുന്നണിക്കൊപ്പം നിന്നതാണ് ഫലം പ്രവചനാതീതമാക്കുന്ന ഘടകം.

ലീഗ് – കോണ്‍ഗ്രസ് സഖ്യം തകര്‍ന്ന കൊണ്ടോട്ടിയില്‍ സി പി എമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് ലീഗിനെ പ്രഹരമേല്‍പ്പിക്കുകയായിരുന്നു. ഇതുകൊണ്ട് തന്നെ ശ്രദ്ധേയമായ മത്സരത്തിനായിരിക്കും മണ്ഡലം വേദിയാവുക. 1957 മുതല്‍ ലീഗിന്റെ തട്ടകമാണ് കൊണ്ടോട്ടി. ചെറുകാവ്, ചീക്കോട്, മുതുവല്ലൂര്‍, പുളിക്കല്‍, വാഴയൂര്‍ എന്നീ പഞ്ചായത്തുകളും കൊണ്ടോട്ടി, നെടിയിരുപ്പ് എന്നിവ ഉള്‍പ്പെടുത്തിയ കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നതാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം. കൊണ്ടോട്ടി നഗരസഭയിലും വാഴക്കാട് പഞ്ചായത്തിലും അധികാരത്തിലിരിക്കുന്നത് സി പി എമ്മും കോണ്‍ഗ്രസും ചേര്‍ന്ന വിശാല മുന്നണിയാണ്. മാത്രമല്ല വാഴയൂര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണവുമാണ്.
ചെറുകാവ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. മുതുവല്ലൂരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം കോണ്‍ഗ്രസ് ഒറ്റക്കാണ് മത്സരിച്ചിരുന്നത്. ഇവിടെ ലീഗാണ് അധികാരത്തിലുള്ളത്. കാലങ്ങളായി യു ഡി എഫ് സംവിധാനമുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ ലീഗ് തയ്യാറാകാത്തതും എല്‍ ഡി എഫ് ഈ മണ്ഡലത്തെ തങ്ങള്‍ക്ക് അനുകൂലമായാണ് കാണുന്നത്. ലീഗിന്റെ പതനം കണ്ട 2004ലെ തിരഞ്ഞെടുപ്പില്‍ പോലും ലീഗിനൊപ്പം നിന്ന കൊണ്ടോട്ടി ഇത്തവണ നഷ്ടപ്പെടുമെന്ന ഭയം ഇവര്‍ക്കുണ്ട്.
ഇത് മുന്നില്‍കണ്ട് മുന്നണി ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ലീഗ്. ഇതിനായി മുമ്പുണ്ടായിരുന്ന പല പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റികളും പൊടി തട്ടിയെടുക്കാനുള്ള ശ്രമമെന്നോണം ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 31,717 ലീഡായിരുന്നു ഈ മേഖലയില്‍ നിന്നും ഇ അഹമ്മദിന് ലഭിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഡ് വെറും അയ്യായിരത്തോളമായി കുറഞ്ഞിരുന്നു.
1957ല്‍ അഹമ്മദ് കുരിക്കളാണ് മണ്ഡലത്തില്‍ നിന്നും ആദ്യമായി ജയിച്ച് കയറിയത്. തുടര്‍ന്ന് 1965ല്‍ എം മൊയ്തീന്‍ കുട്ടി ഹാജിയും 1967ല്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 1970ല്‍ സി എച്ച് മുഹമ്മദ് കോയയും ഈ മണ്ഡലത്തിന്റെ പ്രതിനിധികളായി. 1977 മുതല്‍ 87 വരെ നാല് തവണയായി സീതിഹാജി മത്സരിച്ച് ജയിച്ചു. 1991ല്‍ കെ അബു 1996ല്‍ പി കെ കെ ബാവ 2001ല്‍ കെ എന്‍ എ ഖാദിര്‍ 2006, 2011 തിരഞ്ഞെടുപ്പുകളില്‍ കെ മുഹമ്മദുണ്ണിഹാജിയും ഈ മണ്ഡലത്തില്‍ നിന്ന് കോണിയേറി നിയമസഭയിലെത്തി. ലീഗ് സ്ഥാനാര്‍ഥികളില്‍ പുതുമുഖ സ്ഥാനാര്‍ഥിയാണ് ഇക്കുറി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. എം എസ് എഫിലൂടെ നേതൃത്വത്തിലെത്തിയ ടി വി ഇബ്‌റാഹീമാണ് യു ഡി എഫിനായി ഇശലിന്റെ നാട്ടില്‍ അങ്കത്തിനിറങ്ങുന്നത്. കെ മുഹമ്മദുണ്ണിഹാജി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലീഗ് പ്രചരണത്തിനിറങ്ങുന്നത്.
ഇതിനകം തന്നെ പ്രചരണത്തിന്റെ ആദ്യ റൗണ്ട് പിന്നിടാനും ലീഗിനായിട്ടുണ്ട്. സി പി എം കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലം ഇക്കുറി സി പി ഐക്ക് നല്‍കി മണ്ഡല മാറ്റത്തിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് വന്നതോടെ സി പി എം ശ്രമം ഒഴിവാക്കുകയായിരുന്നു.
പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പില്‍ നിന്നുള്ള കെ പി വീരാന്‍കുട്ടിയാണ് സി പി എം മത്സര രംഗത്ത് ഇറക്കുന്നത്. സി എച്ച് മുഹമ്മദ്‌കോയ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ മത്സരം. ചീക്കോട് കുടിവെള്ള പദ്ധതി തുടങ്ങാനായതാണ് യു ഡി എഫ് പ്രധാന നേട്ടമായി കാണുന്നത്. കൂടാതെ സര്‍ക്കാര്‍ കോളജ്, കോടികളുടെ റോഡ് വികസനങ്ങള്‍, സ്മാര്‍ട്ട് പദ്ധതിയടക്കമുള്ള വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റങ്ങള്‍ എന്നിവയും യു ഡി എഫ് പ്രചരണായുധമാക്കും. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡത്തില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടന്നില്ലെന്നാണ് എല്‍ ഡി എഫിന്റെ പക്ഷം. താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ് എന്നിവയുടെ ശോച്യാവസ്ഥ, നഗര നവീകരണ പദ്ധതികള്‍, വ്യവസായ മേഖലയിലെ പദ്ധതികള്‍, മണ്ഡലത്തില്‍ സ്റ്റേഡിയമില്ലാത്തത് എന്നിവ ഉയര്‍ത്തി കാട്ടിയാണ് ഇടതുപക്ഷം വോട്ടുപിടിക്കുക.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ മുന്നേറ്റം നടത്താനായതും ലീഗിനോടുള്ള കോണ്‍ഗ്രസ് വിരോധവും വോട്ടായി മാറുമെന്നാണ് സി പി എം പ്രതീക്ഷ. മാത്രമല്ല കരിപ്പൂര്‍ വിമാനാത്താവള വികസനവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കലും അതിനെതിരെയുള്ള പ്രതിഷേധങ്ങളും ലീഗിന് തലവേദനയാകും.
ബി ജെ പി സ്ഥാനാര്‍ഥിയായി കെ രാമചന്ദ്രന്‍, എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി നാസറുദ്ദീന്‍ എളമരവും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സലീം കുറുമ്പത്തൊടിയും കൊണ്ടോട്ടിയിലെ പോര്‍ക്കളത്തിലുണ്ടാകും. നാസറുദ്ദീന്‍ എളമരത്തിന്റെ സാന്നിധ്യം ലീഗ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്.

2011ലെ ഫലം

കെ മുഹമ്മദുണ്ണി ഹാജി (ലീഗ്) 67,998
പി സി നൗശാദ് (സി പി എം)………………………39,849
ഡോ. കുമാരി സുകുമാരന്‍ (ബി ജെ പി)…… 6,840
അബ്ദുര്‍റഹ്മാന്‍ പി ടി (എസ് ഡി പി ഐ)…. 2,026
ടി കെ മമ്മുണ്ണിഹാജി (സ്വത.)………………………… 1,817
ഇ പി മാധവന്‍ (ബി എസ് പി)…………………………….730
പി നൗശാദ് (സ്വത.)………………………………………………415
നിയമസഭയിലെത്തിയവര്‍

1957 അഹമ്മദ് കുരിക്കള്‍ (ലീഗ്)
1965 എം മൊയ്തീന്‍ കുട്ടി ഹാജി (ലീഗ്)
1967 സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ (ലീഗ്)
1970 സി എച്ച് മുഹമ്മദ് കോയ (ലീഗ്)
1977 സീതിഹാജി (ലീഗ്)
1980 സീതിഹാജി (ലീഗ്)
1982 സീതിഹാജി (ലീഗ്)
1987 സീതിഹാജി (ലീഗ്)
1991 കെ അബു (ലീഗ്)
1996 പി കെ കെ ബാവ (ലീഗ്)
2001 കെ എന്‍ എ ഖാദിര്‍ (ലീഗ്)
2006 കെ മുഹമ്മദുണ്ണിഹാജി (ലീഗ്)
2011 കെ മുഹമ്മദുണ്ണിഹാജി (ലീഗ്)

Latest