Connect with us

Gulf

വിമാനത്താവളത്തില്‍ പുതിയ ഫീസ്; ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി

Published

|

Last Updated

ദുബൈ:ദുബൈ രാജ്യന്തര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് മേല്‍ ചുമത്തുന്ന ഫീസിന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണ് യാത്രക്കാരുടെ മേല്‍ ഫീസ് ചുമത്തുന്നത്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നവരും വിമാനത്താവളം വഴി മറ്റ് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരും 35 ദിര്‍ഹം വീതം ഫീസ് നല്‍കേണ്ടി വരും. രാജ്യത്ത് രണ്ടു വര്‍ഷത്തില്‍ താഴെ തങ്ങി മടങ്ങുന്ന യാത്രക്കാരെയും വിവിധ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയും ഒപ്പം ഒരേ വിമാനത്തില്‍ ദുബൈ വഴി കടന്നുപോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരെയും ഫീസ് നല്‍കേണ്ടുന്നവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദുബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ടിക്കറ്റ് നല്‍കുമ്പോള്‍ വിമാനത്താവള ഫീസും അതോടൊപ്പം ശേഖരിക്കുന്ന രീതിയിലാണ് സംവിധാനം നിലവില്‍ വരിക. രാജ്യത്ത് പ്രവര്‍ത്തിക്കുന്നതോ, വിദേശത്ത് പ്രവര്‍ത്തിക്കുന്നതോ ആയ കമ്പനികള്‍ അതാതിടത്തെ ട്രാവല്‍ ഏജന്റ് വഴിയാണ് യാത്രക്കാരനില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത്. മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമാണ് അംഗീകാരത്തിന് ശൈഖ് ഹംദാന്‍ നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ജൂണ്‍ 30 മുതല്‍ മാത്രമേ നടപ്പാക്കൂ. ശേഖരിക്കുന്ന പണം ദുബൈ വിമാനത്താവള അധികൃതരുടെ എക്കൗണ്ടിലോ ദുബൈ സര്‍ക്കാര്‍ ട്രഷറിയിലേക്കോ വിമാനക്കമ്പനികള്‍ മാറ്റേണ്ടതാണ്. ദുബൈ വിമാനത്താവളത്തിന്റെ പശ്ചാത്തല വികസനം മെച്ചപ്പെടുത്താനാണ് ഈ പണം വിനിയോഗിക്കുക.

2023 ആവുമ്പോഴേക്കും 10 കോടി യാത്രക്കാര്‍ ദുബൈ വിമാത്താവളം വഴി കടന്നുപോകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കോണ്‍കോഴ്‌സ് ഡിയുടെ വികസനമാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം ടെര്‍മിനല്‍ രണ്ടിന്റെ വികസനവും ടെര്‍മിനല്‍ ഒന്നിന്റെ പുനരുദ്ധാരണവും ഈ തുക വിനിയോഗിച്ച് യാഥാര്‍ഥ്യമാക്കാനാണ് പദ്ധതി.
കഴിഞ്ഞ കുറേ മാസങ്ങളായി എയര്‍പോര്‍ട്ട് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കിയതോടെ ഇതിന് അറുതിയായിരിക്കയാണ്. ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണ് ഇന്ന് ദുബൈ. മുമ്പ് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനായിരുന്നു ഈ പദവി. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ചരിത്രത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്ന അല്‍ മക്തൂം രാജ്യാന്തര വിമാത്താവളവും ദുബൈയുടെ സ്വന്തമാണ്. ജബല്‍ അലി മേഖലയോട് ചേര്‍ന്നാണ് വിമാനത്താവളം പൂര്‍ണ സജ്ജമായിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴേ ഇവിടം കേന്ദ്രീകരിച്ച് നിരവധി വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വിദേശ വിമാന കമ്പനികളുടെ മുഖ്യ താവളമായി അല്‍ മക്തൂം മാറുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ദുബൈ എക്‌സ്‌പോ 2020 ആവുമ്പോഴേക്കും അല്‍ മക്തൂം വിമാനത്താവളവുമായി ബന്ധിപ്പിച്ച് മെട്രോ ചുവപ്പ് പാതയും വികസിക്കുമെന്നത് യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാവും. ഇത് കൂടുതല്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് ആകര്‍ഷിക്കാനും ഇടയാക്കും. റോഡുവഴി ഒമാന്‍ അതിര്‍ത്തികടക്കുന്ന യാത്രക്കാരില്‍ നിന്ന് യു എ ഇ അധികൃതര്‍ 35 ദിര്‍ഹം ഫീസ് ഈടാക്കുന്നുണ്ട്.