Connect with us

Kerala

ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങി; അഞ്ചു പേരും മത്സരിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കടുത്ത നിലപാടുകള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചന. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് മന്ത്രിമാരായ കെ.സി ജോസഫ്, കെ. ബാബു, അടൂര്‍ പ്രകാശ് എന്നിവരെ കൂടാതെ ഡൊമിനിക് പ്രസന്റേഷനും ബെന്നി ബെഹനാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സീറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്.
ജയസാധ്യത മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. തര്‍ക്കം രൂക്ഷമായ അഞ്ച് മണ്ഡലങ്ങളിലും മാറ്റമുണ്ടാകില്ല. സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്റ് ഇതുസംബന്ധിച്ച സൂചന നല്‍കി. തര്‍ക്കമുള്ളിടത്ത് തോല്‍വിയുണ്ടായാല്‍ ഹൈക്കമാന്റ് നടപടിയുണ്ടാകും.

സ്ഥാനാര്‍ഥി പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കും. ഇനി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സുധീരന്റെ എതിര്‍പ്പിനെ മറികടന്ന് അഞ്ചുപേരും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണ വിധേയര്‍ മാറിനില്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ ആദ്യം മാറിനില്‍ക്കേണ്ടത് താനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സുശക്തമായ നിലപാട്. ഇവര്‍ അഞ്ചുപേരും മാറി നില്‍ക്കുന്നതാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയസാധ്യത നല്‍കുന്നതെന്നായിരുന്നു വി.എം. സുധീരന്റെ നിലപാട്. ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കിടെ ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉളവാക്കിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാല്‍ വഴങ്ങുകയായിരുന്നു എന്നാണ് സൂചന. എ വിഭാഗം മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഹൈക്കമാന്‍ഡ് വിലയിരുത്തലും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി.

Latest