International
ഇസിലിന് ആണവായുധം ലഭിക്കുന്നത് തടയാന്‍ ലോകരാജ്യങ്ങള്‍ പരിശ്രമിക്കണം: ഒബാമ
വാഷിംഗ്ടണ്‍: ഇസില്‍ തീവ്രവാദികളെപ്പോലെയുള്ള “ഭ്രാന്തന്‍”മാരുടെ കൈയില്‍ ആണവായുധങ്ങള്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കിണഞ്ഞു പരിശ്രമിക്കണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. 102 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആണവ ഉച്ചകോടിക്ക് ശേഷമാണ് ഒബാമ ഈ ആഹ്വാനം നടത്തിയത്. ആണവ ആക്രമണങ്ങളുടെ അപായം ഒഴിവാക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും ഇത്തരത്തിലുള്ള ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തീവ്രവാദി ഗ്രൂപ്പും ആണവായുധങ്ങള്‍ കൈവശപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടില്ല. എന്നാല്‍ അവര്‍ അതിന് കാര്യമായി ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇസില്‍ സംഘത്തിന്റെ പക്കല്‍ ഇപ്പോള്‍ മസ്റ്റാര്‍ഡ് ഗ്യാസ് ആയുധങ്ങള്‍ അടക്കം രാസായുധങ്ങള്‍ ഉണ്ട്. സിറിയയിലെയും ഇറാഖിലെയും ഇസില്‍ സംഘത്തെ അപകടകരമാക്കുന്നത് ഇത്തരം ആയുധങ്ങളുടെ സാന്നിധ്യമാണ്. ഇത്തരം ഗ്രൂപ്പുകളുടെ കൈയില്‍ ആണവായുധം എത്തിയാല്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ അവര്‍ അത് ഉപയോഗിക്കും. ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ ഇത് കാരണമായേക്കുമെന്നും ഒബാമ പറഞ്ഞു. ആണവ സാമഗ്രികള്‍ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ചട്ടങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടന്നു വരികയാണ്.
ഉത്തര കൊറിയ ആണവ സാമഗ്രികള്‍ ആര്‍ജിക്കാന്‍ ശ്രമിക്കുന്നതും ഉച്ചകോടിയില്‍ ചര്‍ച്ചയായിരുന്നു. ചര്‍ച്ചകളിലൊന്നും റഷ്യ പങ്കെടുത്തില്ല എന്നത് ഉച്ചകോടിയുടെ ശോഭ കെടുത്തുന്നുണ്ട്. ലോകത്തെ ആണവായുധങ്ങളുടെ തൊണ്ണൂറ് ശതമാനവും കൈവശം വെക്കുന്നത് റഷ്യയും അമേരിക്കയുമാണ്. ബരാക് ഒബാമ ആണവവിരുദ്ധ ആശങ്കകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും ആയുധങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കുന്നതിനെ വരാനിരിക്കുന്ന പ്രസിഡന്റ് തയ്യാറാകില്ലെന്നുറപ്പാണ്.