Articles
കടുംവെട്ട് നടത്തിയല്ല ഇറങ്ങിപ്പോകുന്നത്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പുള്ള അവസാന മന്ത്രിസഭായോഗത്തില്‍ 822 തീരുമാനങ്ങള്‍ എടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍. കടുംവെട്ട് നടത്തിയാണ് മന്ത്രിസഭ ഇറങ്ങിപ്പോകുന്നതെന്ന് പ്രതിപക്ഷ നേതാവ്. രണ്ടും തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. മാര്‍ച്ച് നാലിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതിനുമുമ്പ് മാര്‍ച്ച് ഒന്നിനും രണ്ടിനുമാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. പിന്നീട് മാര്‍ച്ച് ഒന്‍പതിനും. മാര്‍ച്ച് ഒന്നിന് 35ഉം മാര്‍ച്ച് രണ്ടിന് 75ഉം തീരുമാനങ്ങളെടുത്തു. മാര്‍ച്ച് ഒന്നിന് 105 പേര്‍ക്ക് ചികിത്സാധനസഹായവും അനുവദിച്ചു. രണ്ടിന് വരള്‍ച്ചാ പരിഹാര നടപടികളും വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല. പ്രതിപക്ഷത്തിന് ഈ കണക്ക് എവിടുന്നു കിട്ടിയെന്ന് അവര്‍ വെളിപ്പെടുത്തണം.
കഴിഞ്ഞ ഇടതു സര്‍ക്കാര്‍ 2010 ജൂലൈ 17ന് ഇറക്കിയ ഉത്തരവില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് കുമരകം ഇക്കോ ടൂറിസം വില്ലേജ്. വ്യവസായ വകുപ്പില്‍ നിന്ന് അന്ന് രണ്ട് പദ്ധതികള്‍ നടപ്പാക്കാനാണു നിര്‍ദേശിച്ചത്. ആറന്മുള വിമാനത്താവളവും ഇതും. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ പദ്ധതികള്‍ പല വകുപ്പുകള്‍ ഉള്‍പ്പെട്ടതായതിനാല്‍ അന്നത്തെ മുഖ്യമന്ത്രിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
2009ല്‍ ഇവര്‍ കുമരകം ടൂറിസ്റ്റ് റിസോര്‍ട്ട് വില്ലേജ് പദ്ധതി എന്ന പേരില്‍ പദ്ധതി സമര്‍പ്പിക്കുകയും ഇടതു സര്‍ക്കാറിന്റെ കാലത്ത് 2010 ജൂലൈ 17ന് ഇത് അനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ഫാം ടൂറിസം തുടങ്ങിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുമരകം ഇക്കോ ടൂറിസം വില്ലേജ് പദ്ധതി സമര്‍പ്പിച്ചത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം 2008, പരിസ്ഥിതി അനുമതി എന്നിവക്കു വിധേയമായി മാത്രം നടപ്പാക്കുന്നതിന് തത്വത്തില്‍ മാത്രമാണ് യു ഡി എഫ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത.് 2,200 കോടി രൂപ നിക്ഷേപം വരുന്നതും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ പദ്ധതി പരിഗണിക്കാവുന്നതാണെന്നു കോട്ടയം ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്തിരുന്നു. 2007 മുതല്‍ ഇവിടെ കൃഷി ചെയ്യുന്നില്ല. കുമരം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്ക് ഒരിഞ്ച് ഭൂമി പോലും നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എന്നാല്‍, വന്‍തോതില്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന മട്ടിലാണ് തെറ്റായ പ്രചാരണം നടക്കുകയുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ ഇതു റദ്ദാക്കുകയും ചെയ്തു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ സര്‍വെയില്‍ നെല്ലിയാമ്പതിയിലെ പോബ്‌സ് ഗ്രൂപ്പിന്റെ കരുണ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനില്ലേ? കരം സ്വീകരിക്കുന്നതിനു മുമ്പ് പോബ്‌സ് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന അസല്‍ രേഖകള്‍ പരിശോധിച്ച് അവയുടെ നിജസ്ഥിതി ഉറപ്പ് വരുത്തുക, ഭൂമിയുടെ കുടിക്കട സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക, ഇതെല്ലാം പരിശോധിച്ചശേഷം വില്ലേജ് ഓഫീസര്‍ കരം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അതു കോടതി വിധിക്കു വിധേയമായിരിക്കും എന്നിവയായിരുന്നു വ്യവസ്ഥകള്‍. ഇതു വിവാദമായതോടെ, ഹൈക്കോടതിയിലുള്ള കേസിന്റെ അന്തിമവിധിക്കു ശേഷം മാത്രം മേല്‍പറഞ്ഞ വ്യവസ്ഥകളോടെ കരം സ്വീകരിക്കാവൂ എന്നാണു സര്‍ക്കാറിന്റെ പുതിയ തീരുമാനം. വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയെന്നു വ്യക്തം.
നെല്ലിയാമ്പതിയിലെ തര്‍ക്കഭൂമി സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണം നടത്തി 2014 ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മുഴുവന്‍ ഭൂമിയും സര്‍വേ നടത്തുന്നതിന് ഉത്തരവായി. ഇതിനെതിരെ പോബ്‌സ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കി. സര്‍വെയില്‍ പോബ്‌സ് എസ്റ്റേറ്റ് അവകാശപ്പെടുന്ന 833 ഏക്കറില്‍ സര്‍ക്കാര്‍ ഭൂമിയില്ലെന്നും ഇവരുടെ കൈവശം 15 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് 833 ഏക്കറില്‍ കരം സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നു ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും റവന്യൂ വകുപ്പ് ഇതു സംബന്ധിച്ച് നിയമവകുപ്പിന്റെ ഉപദേശം തേടുകയും ചെയ്തു. സര്‍ക്കാറിന്റേതല്ലെന്നു കണ്ടെത്തിയ ഭൂമിയില്‍ കരം ഒടുക്കുന്നതിനു അനുമതി നല്‍കാവുന്നതാണെന്നും കരം ഒടുക്കിയതുകൊണ്ടു മാത്രം വസ്തുവില്‍ ഉടമസ്ഥാവകാശം ലഭിക്കുകയില്ലെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ക്കു വിധേയമായി കരം ഒടുക്കാന്‍ അനുമതി നല്‍കിയത്.
സ്വകാര്യമേഖലയില്‍ ഹൈടെക്/ ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര വില്ലേജിലും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മടത്തുംപടി വില്ലേജിലും ഉള്‍പ്പെട്ട 127. 85 ഏക്കറില്‍ കൃഷിപ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അപേക്ഷ നല്‍കിയിരുന്നു. 1,600 കോടി രൂപയുടെ നിക്ഷേപവും 20,000 മുതല്‍ 30,000 വരെ ആളുകള്‍ക്ക് ജോലിയും നല്‍കുന്ന പദ്ധതിയാണിതെന്നു കമ്പനി അവകാശപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. കര്‍ശനമായ വ്യവസ്ഥകളോടെയാണ് സര്‍ക്കാര്‍ അത് പരിഗണിച്ചത്. ഹൈടെക്/ ഐ ടിയിതര ആവശ്യത്തിന് ഭൂമി ഉപയോഗിച്ചാല്‍ ഇളവ് ഇല്ലാതാകുമെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നെല്‍വയല്‍ തണ്ണീര്‍ത്തടം നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ആവശ്യമായ ക്ലിയറന്‍സ് നേടിയെന്നു ജില്ലാ കലക്ടര്‍ ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
എന്നാല്‍, ഭൂമി സംബന്ധിച്ച കേസ് ഹെക്കോടതിയില്‍ നിലനില്‍ക്കുന്നതും ഭൂപരിധി ഇളവിന് നേരത്തെ സര്‍ക്കാരില്‍ നല്‍കിയ അപേക്ഷ റവന്യൂവകുപ്പ് നിരസിച്ചിരുന്നതും വ്യവസായ വകുപ്പിനു നല്‍കിയ അപേക്ഷയില്‍ കമ്പനി മറച്ചുവച്ചിരുന്നു. ഇതു പിന്നീട് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുകയും ഉത്തരവ് റദ്ദാക്കുകയുമാണ് ഉണ്ടായത്.
പീരുമേട് ഹോപ് പ്ലാന്റേഷന്‍ ഭൂപരിധി നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് 40 വര്‍ഷമായി നിയമപോരാട്ടം നടത്തിവരികയാണ്. അവരുടെ കൈവശമുള്ള 4,266 എക്കര്‍ തോട്ടത്തില്‍ 3,984 ഏക്കര്‍ ഭൂമിക്ക് ഇളവുതേടി 1974ല്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 2945 ഏക്കറിന് 1976ല്‍ പീരുമേട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഇളവനുവദിച്ച് ഉത്തരവ് നല്‍കി. ഇത് നിയമപോരാട്ടത്തിനു തുടക്കമിട്ടു. കമ്പനിയും സര്‍ക്കാരും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോരാടി. ഏറ്റവുമൊടുവില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം 2016 ജനുവരിയില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിക്കുന്നതിനുള്ള അപേക്ഷ പുന:പരിശോധിക്കുകയും ചെയ്തു. പതിനായിരത്തോളം പേര്‍ക്ക് ജീവിതമാര്‍ഗം നല്‍കുന്ന ഈ എസ്റ്റേറ്റില്‍ നിന്നും ഒറ്റയടിക്ക് ഭൂമി ഏറ്റെടുക്കുന്നത് പ്ലാന്റേഷന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും എന്നാല്‍ 302.76 ഏക്കര്‍ ഭൂമി ഏറ്റെടുക്കാമെന്നും കണ്ടെത്തി. ഇതില്‍ നിന്നും 151 ഏക്കര്‍ ഭൂമി പൊതുആവശ്യത്തിന് ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് വരികയും ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയുമാണ്.
സംസ്ഥാനത്ത് മെഡിക്കല്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാണ് എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമത്തില്‍ 47 ഏക്കറില്‍ അനുമതി നല്‍കിയത്. ആയിരം കോടി രൂപയുടെ നിക്ഷേപവും ഏഴായിരത്തോളം പേര്‍ക്ക് നേരിട്ടു തൊഴിലും ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ക്ക് വിധേയമായും ബന്ധപ്പെട്ട സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് 47 ഏക്കറില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയത്.
ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഷോപ്പിംഗ് കോംപ്ലക്‌സ്, തുടങ്ങിയവയെല്ലാം ചേര്‍ന്ന് കോട്ടയത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കോടിമത മൊബിലിറ്റി ഹബ്. ഇതിന് ഭൂമി സൗജന്യമായി ലഭിക്കാന്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാറാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകണോയെന്നു തീരുമാനിക്കേണ്ടത്. അവിടൊരു കല്ലുപോലും ഇതുവരെ ഇട്ടിട്ടില്ല.
പരിസ്ഥിതിയും വികസനവുമെല്ലാം സമഞ്ജസമായി മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് നാടിന് മുന്നേറാന്‍ കഴിയുന്നത്. യു ഡി എഫ് സര്‍ക്കാര്‍ അത്തരമൊരു വികസന പരിപ്രേക്ഷ്യത്തോടെയാണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ ചില വിവാദങ്ങള്‍ വന്നപ്പോള്‍, തുറന്ന മനസ്സോടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുകയും ചിലത് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും.
ഓര്‍മയുണ്ടോ അഞ്ചുവര്‍ഷം മുമ്പത്തെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഇടപാട്? പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ നിക്ഷിപ്തമാക്കല്‍ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത മെര്‍ക്കിസ്റ്റണ്‍ തോട്ടം ഡീ നോട്ടിഫൈ ചെയ്ത് 707 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തിക്കു കൈമാറിയത് വെറും 27 ദിവസത്തിനുള്ളില്‍. ഒരു ചീഫ് സെക്രട്ടറി പോലും രാജിവെച്ച ഇടപാടാണിത്. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിച്ച് ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി മന്ത്രിയേയും മന്ത്രിസഭയേയും രക്ഷിച്ചെടുത്തു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളിലെ 1004 ഏക്കര്‍ ഭൂമിയാണ് ഇരുമ്പയിര്‍ ഖനനത്തിനാണെന്നു പറഞ്ഞ് അന്യസംസ്ഥാന കമ്പനിക്കു നല്‍കിയത്. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു തീരുമാനം. യു ഡി എഫ് സര്‍ക്കാറാണ് ഇതു പിന്നീട് റദ്ദാക്കിയത്. ചക്കിട്ടപാറ ഇടപാടില്‍ അഞ്ചു കോടിയുടെ കോഴ ഉണ്ടെന്നു ഇടതുമന്ത്രിയുടെ ബന്ധുവിന്റെ ഡ്രൈവര്‍ തന്നെയാണു വെളിപ്പെടുത്തിയത്.
കുട്ടനാട്ടില്‍ ആര്‍ ബ്ലോക്കില്‍ കര്‍ഷകത്തൊഴിലാളികളുടെ 200 ഏക്കര്‍ ഭൂമി സി പി എം നേതാക്കള്‍ ഉള്‍പ്പെട്ട ടൂറിസം കമ്പനിയാണ് ചുളുവിലക്ക് തട്ടിയെടുത്തത്. തങ്ങളുടെ ഭൂമി വിറ്റ കാര്യം കര്‍ഷകത്തൊഴിലാളികള്‍ അറിഞ്ഞുപോലുമില്ല. ഭൂമി ഇടപാടിനെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ സത്യം പുറത്തുവന്നെങ്കിലും അവരെ സര്‍ക്കാര്‍ സംരക്ഷിച്ചു. കര്‍ഷകത്തൊഴിലാളികളെ കൈവിട്ടു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഭൂമി തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചത്. എച്ച്എംടിയുടെ 500 കോടി രൂപ വിലമതിക്കുന്ന 70 ഏക്കര്‍ ഭൂമി വെറും 91 കോടി രൂപക്കാണു മുംബൈയിലുള്ള ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കു വിറ്റത്. എച്ച് എം ടി ഭൂമി മറ്റാര്‍ക്കും കൈമാറാന്‍ നിയമപരമായ അധികാരമില്ലാതിരിക്കെയാണ് നിയമവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പ്രതികൂലമായ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞ് ഈ തീരുമാനമെടുത്തത്.
വേമ്പനാട് കായലിനു നടുക്കുള്ള വളന്തക്കാട് ദ്വീപ് (246 ഏക്കര്‍) സ്വകാര്യസംരംഭകനു കൈമാറാന്‍ ധാരണാപാത്രം ഒപ്പിട്ടത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി. സര്‍ക്കാറിന് ഒരു രൂപപോലും മുതല്‍മുടക്കില്ലാത്ത ഈ പദ്ധതി ഒരു സര്‍ക്കാര്‍ പദ്ധതിയെന്ന മട്ടിലാണ് മുന്നോട്ടുപോയത്. യു ഡി എഫിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. കിനാലൂരില്‍ മലേഷ്യന്‍ കമ്പനി വരുന്നെന്നു പ്രചരിപ്പിച്ച് വന്‍ ഭൂമികച്ചവടമാണു നടന്നത്. അവിടേക്ക് നാലുവരിപ്പാത നിര്‍മിച്ച് സമീപ പ്രദേശങ്ങളൊക്കെ ഭൂമാഫിയ വാങ്ങിക്കൂട്ടി. സ്ഥലം നഷ്ടപ്പെട്ടതിനെതിരേ പ്രതിഷേധിച്ച നാട്ടുകാരെ തല്ലിച്ചതച്ചു.
മൂന്നാറില്‍ സി പി എമ്മും സി പി ഐയും മത്സരിച്ച് ഭൂമി കൈയേറി. അവരുടെ പാര്‍ട്ടി ഓഫീസുകള്‍പോലും സ്ഥിതി ചെയ്യുന്നത് കൈയേറ്റ ഭൂമികളിലാണ്. കണ്ണന്‍ ദേവന്‍ ഹില്‍ വില്ലേജിലും ചിന്നക്കനാലില്‍ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിലും പാര്‍ട്ടിക്കാര്‍ ഭൂമി കൈയേറി. അട്ടപ്പാടിയില്‍ 232 ഏക്കര്‍ ആദിവാസി ഭൂമി സുസ്‌ലോണ്‍ എന്ന ബഹുരാഷ്ട്ര കമ്പനിക്ക് കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ തീറെഴുതിക്കൊടുക്കുകയായിരുന്നു. നല്ലശിങ്ക എന്നൊരു വില്ലേജുതന്നെ ഇതിനായി കൃത്രിമമായി സൃഷ്ടിച്ച് ഒരേ സര്‍വേ നമ്പറില്‍ 52 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തിലെ പുഴയോരത്തുള്ള കണ്ടല്‍ക്കാട് കൈയേറിയാണ് സിപിഎം അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിച്ചത്. തീരദേശ നിയന്ത്രണ നിയമവും നീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ നിയമവും കാറ്റില്‍പ്പറന്നു.
ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഭൂമാഫിയക്കും കൈമാറുകയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും വരെ പറ്റിച്ച് അവരുടെ ഭൂമി കൈക്കലാക്കുകയും ചെയ്തിട്ട് ഇപ്പോള്‍ പ്രതിപക്ഷം ഭൂരഹിതരെയോര്‍ത്തു വിലപിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ ഭൂരഹിത കേരളം എന്നൊരു പദ്ധതി തന്നെ ഉണ്ടാക്കി 58,392 പേര്‍ക്കാണ് മൂന്നു സെന്റുവീതം സ്ഥലം നല്‍കിയത്. കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി ജില്ലകള്‍ ഭൂരഹിതരില്ലാത്ത ജില്ലകളുമായി. മുഴുവന്‍ ജില്ലകളും ഇങ്ങനെയാക്കാന്‍ യു ഡി എഫിനു സാധിക്കും. ഇതൊക്കെ എല്‍ ഡി എഫിന് സ്വപ്‌നം കാണാനേ കഴിയൂ. ഇതാണ് യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള വ്യത്യാസം.