Kerala
എസ്പി ആര്‍ സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോയെന്ന് ഹൈക്കോടതി
കൊച്ചി: ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശന്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയതിന് എന്ത് തെളിവാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ഗൗരവതരമായ വിഷയമാണ്. തെളിവുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ എന്തിന് സര്‍വീസില്‍ നിര്‍ത്തുന്നുവെന്നും കോടതി ചോദിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സുകേശനെതിരായ ഗൂഢാലോചന കേസ് പൂര്‍ത്തിയാകുന്നതു വരെ ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം.മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു ഹൈക്കോടതിയുടെ പ്രസക്തമായ ചോദ്യം. ജസ്റ്റിസ് പി.ഡി.രാജനാണു മാണിയുടെ ഹര്‍ജി പരിഗണിച്ചത്. ഗുരുതരമായ ആരോപണമാണു സുകേശനെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹത്തെ സര്‍വീസിനു പുറത്തു നിര്‍ത്തി അന്വേഷണം നടത്തേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. സുകേശന്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ നാളെത്തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും ഹരജിയില്‍ വാദം നാളെയും തുടരുമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നാലു മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സുകേശനാണ് ബാറുടമ ബിജു രമേശിനെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.