Connect with us

Kerala

സരിതയുടെ കത്ത് വ്യാജമെന്ന് ഫെനി ബാലകൃഷ്ണന്‍

Published

|

Last Updated

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയുടേതായി ഇപ്പോള്‍ പുറത്തു വന്ന കത്ത് വ്യാജമാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍. താന്‍ നേരത്തെ കത്ത് വായിച്ചിട്ടുള്ളതാണ്. പുതിയ കത്തിലെ ഉള്ളടക്കത്തില്‍ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഈ ആരോപണം പഴയ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഫെനി പറഞ്ഞു. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയ ഫെനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സരിത ഇന്നു രാവിലെ തന്നെ ഫോണില്‍ വിളിച്ചിരുന്നു. സോളാര്‍ കമീഷന്‍ മുമ്പാകെ എന്ത് പറയണമെന്ന് സരിത വിശദീകരിച്ചു. എന്നാല്‍, സരിതയുടെ ആവശ്യം താന്‍ നിഷേധിച്ചെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തമ്പാനൂര്‍ രവിയുടെ ഫോണിലേക്ക് ഫെനി 42 തവണ വിളിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. സരിത ജയിലില്‍ നിന്നും ഇറങ്ങിയ ശേഷമായിരുന്നു കോളുകള്‍. ബെന്നി ബഹനാനെ 150 തവണ വിളിച്ചെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച രേഖകള്‍ ഫെനിയെ കമ്മീഷന്‍ കാണിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്‌തെന്ന ഗുരുതര ആരോപണമാണ് സരിതയുടെ കത്തിലുള്ളത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്ന് എഴുതിയ കത്ത് തന്റേത് തന്നെയെന്ന് സരിത പറഞ്ഞിരുന്നു. സരിതയുടേതെന്ന പേരില്‍ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തായ കത്തിലാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നത്.കത്ത് വിവാദമായതോടെ താന്‍ പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റടിയിലിരിക്കെ എഴുതിയതാണെന്ന സ്ഥിരീകരണവുമായി സരിതയും രംഗത്തെത്തി. എന്നാല്‍ കത്തിലുള്ളതെല്ലം കളവാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.