Kerala
സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി
കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സി.ജെ.എം കോടതിയിലാണ് ഉമ്മന്‍ചാണ്ടി കേസ് ഫയല്‍ ചെയ്തത്. സരിതക്ക് പുറമേ നാല് മാധ്യമപ്രവര്‍ത്തകരെയും എതിര്‍കക്ഷികളാക്കിയാണ് കേസ്. ഹരജിയില്‍ കോടതി മെയ് 28ന് വാദം കേള്‍ക്കും.
തിരഞ്ഞെടുപ്പ് സമയത്ത് ടെലിവിഷന്‍ ചാനലുകളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് സരിത ശ്രമിക്കുന്നതെന്ന് മാനനഷ്ട ഹര്‍ജിയില്‍ പറയുന്നു. സരിതയുടെ കത്ത് പുറത്തു വിട്ട മാധ്യമങ്ങളും തന്നെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചതു തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. മാദ്ധ്യമങ്ങളിലൂടെ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനാല്‍ തന്റെ പൊതുജീവിതത്തില്‍ അത് കളങ്കമുണ്ടാക്കി. മാനസികമായും തനിക്ക ഏറെ വിഷമം ഉണ്ടാക്കിയെന്നും സരിത എഴുതിയ കത്തിലെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ പറയുന്നു.