Kerala
കൂനിന്മേല്‍ കുരുവായി മാണിക്കുമേല്‍ ഹൈക്കോടതിയുടെ പ്രഹരം
കോട്ടയം: ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ തന്റെ ന്യായങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വോട്ടര്‍മാരോട് വിശദീകരിച്ച് കെ എം മാണിയും കേരള കോണ്‍ഗ്രസ് എമ്മും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി യു ഡി എഫ് മന്ത്രിസഭയില്‍ നിന്നും പുറത്തുപോകേണ്ടി വന്ന മാണിക്ക് ഇന്നലെ ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് കൂനിന്മേല്‍ കുരുവാകുകയും ചെയ്തു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ സരിത എസ് നായര്‍ നടത്തിയ ശ്രമങ്ങള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. സമാനമായ രീതിയില്‍ കോടതിയില്‍ നിന്നും അനുകൂലമായ വിധിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മാണി ഹൈക്കോടതിയെ സമീപിച്ചത്. ബാര്‍ കോഴക്കേസും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകളും അണികളുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ തെല്ലൊന്നുമല്ല തളര്‍ത്തിയിരിക്കുന്നത്.
റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി എം പി കോട്ടയത്ത് നടത്തിയ സത്യഗ്രഹ സമരത്തെ വിമര്‍ശിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയതും വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഇവന്റ് മാനേജ്‌മെന്റാണ് ജോസ് കെ മാണിയുടെ സത്യഗ്രഹ സമരം സംഘടിപ്പിച്ചതെന്ന അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ ആരോപണങ്ങള്‍ക്ക് ഇനിയും വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്കായിട്ടില്ല. കോണ്‍ഗ്രസിനോട് കൂടുതല്‍ സീറ്റുകള്‍ വിലപേശി വാങ്ങാനുള്ള ആലോചനകള്‍ക്കിടെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കോട്ടയം ടി ബിയില്‍ സന്ദര്‍ശിക്കാന്‍ കെ എം മാണി നടത്തിയ നീക്കങ്ങളും സ്വന്തം പാളയത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഭയന്ന് അവസാന നിമിഷം മാണിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം പ്രതികൂല രാഷ്ട്രീയ കാലാവസ്ഥകള്‍ക്കിടെ കേരള കോണ്‍ഗ്രസിനെ എന്തുവിലകൊടുത്തും കാത്തുസംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം നിയമസഭാ തിരഞ്ഞെടുപ്പില്‍ നിറവേറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും കേരള കോണ്‍ഗ്രസിനും കെ എം മാണിക്കും വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ലഭിക്കാത്തത് തിരിച്ചടിയല്ലെന്ന ന്യായീകരണം മാത്രമായിരുന്നു മാണിക്ക് ഇക്കാര്യത്തില്‍ വിശദീകരിക്കാനുള്ളുവെന്നതും ഏറെ ശ്രദ്ധേയം. യു ഡി എഫില്‍ സമ്മര്‍ദം ശക്തമാക്കാന്‍ മാണി നടത്തിവരുന്ന നീക്കങ്ങളുടെ മുനയൊടിക്കുന്ന വിധിയാണ് ഹൈക്കോടതി പരാമര്‍ശനത്തോടെ ഉണ്ടായിരിക്കുന്നതെന്ന വിലയിരുത്തലും ശക്തമാണ്. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന 15 സീറ്റുകളില്‍ തിരുവല്ല സീറ്റില്‍ ജോസഫ് എം പുതുശ്ശേരിക്കെതിരെ രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി ജെ കുര്യന്‍ പരസ്യമായി രംഗത്ത് എത്തിയത് എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി ത്രിശങ്കുവിലാണ്. തിരുവല്ല സീറ്റിനായി അവസാന സമയം വരെ ശ്രമം നടത്തിവന്ന കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസിന്റെ മൗനസമ്മതം കുര്യന്റെ നീക്കങ്ങള്‍ക്കുണ്ടെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന തളിപ്പറമ്പ് സീറ്റ് പെയ്‌മെന്റ് സീറ്റാണെന്ന ആരോപണം കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികള്‍ ഉന്നയിച്ചുകഴിഞ്ഞു. ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ സീറ്റുകളില്‍ മത്സരമോഹവുമായി രംഗത്തുണ്ടായിരുന്ന പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയേക്കാവുന്ന നീക്കങ്ങള്‍ പാര്‍ട്ടി ആശങ്കയും കേരള കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതുപിന്തുണയോടെ ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളുമായി നേരിട്ടുള്ള മത്സരമാണ് നടത്തുന്നത്. മാണിക്കെതിരായ ഹൈക്കോടതി വിധിക്കൊപ്പം നിരവധി പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിടാതെ പിടികൂടുന്ന കേരള കോണ്‍ഗ്രസ് എമ്മിന് നിയമസഭാ തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായി മാറിയിരിക്കുന്നു.