National
അച്ഛാ ദിന്‍ എവിടെ? മോദി ജനങ്ങളുടെ വിശ്വസം തകര്‍ക്കുന്നു: രാജ് താക്കറെ

മുംബൈ: നല്ല ദിനങ്ങള്‍ വരുമെന്ന് പറഞ്ഞിട്ട് എവിടെയെന്ന് മോദിയോട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. മോദി ജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയാണ്. ഇത്രയധികം വിദേശയാത്രകള്‍ നടത്തിയ മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും രാജ് താക്കറെ പരിഹസിച്ചു. ശിവജി പാര്‍ക്കില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം തിരികെക്കൊണ്ടു വരുമെന്നാണ് നിങ്ങള്‍ പറഞ്ഞിരുന്നു. അതെവിടെ? കോടികള്‍ വായ്പയെടുത്ത് വിജയ് മല്യ രാജ്യംവിട്ടു. ബിജെപിക്ക് വോട്ടുചെയ്ത് അധികാരത്തില്‍ കയറ്റിയതാണ് ഏറ്റവും വലിയ അബദ്ധമായതെന്നാണ് എല്ലാവരും ഇപ്പോള്‍ പറയുന്നത്. നേരത്തെ രാജ്യത്തെ രക്ഷിക്കുന്നതിനുള്ള അവസാന പ്രതീക്ഷ നരേന്ദ്ര മോദിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി കാണുമ്പോള്‍. അദ്ദേഹം എന്റെ വിശ്വാസം തകര്‍ത്തു. മോദിക്കെതിരെ സംസാരിക്കാന്‍ ആരംഭിച്ചു. അധികാരത്തിലെത്തി 100 ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുതം സൃഷ്ടിക്കുമെന്നാണ് പറഞ്ഞിരുന്നത്. എവിയെ അവയെല്ലാം?
ദേശീയത പോലുള്ള വിഷയങ്ങളില്‍ ആര്‍എസ്എസിന്റെ സഹായമാണ് നിങ്ങള്‍ തേടുന്നത്. ദേശീയതക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍എസ്എസ് വിതരണം ചെയ്യുമോ? രാമക്ഷേത്രം സംബന്ധിച്ച വിഷയങ്ങള്‍ കോടതിക്ക് മുന്നിലാണിപ്പോള്‍. അമിത് ഷാക്ക് കോടതി ക്ലീന്‍ ചിറ്റ് കൊടുത്തു പക്ഷേ എന്തുകൊണ്ടാണ് രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാത്തതെന്നും രാജ് താക്കറെ ചോദിച്ചു.