Connect with us

Kerala

നാല് രൂപയുടെ മരുന്നിന് നാല്‍പ്പത്; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

Published

|

Last Updated

കൊച്ചി: ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന ആല്‍ബുട്ടമോള്‍ മരുന്നിന്റെ വില പത്തിരട്ടി വര്‍ധിപ്പിച്ച സ്വകാര്യ കമ്പനിയുടെ നടപടിയില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരുന്നുകളുടെ ദേശീയ വിലനിയന്ത്രണ അതോറിറ്റിയെ അറിയിച്ച് പ്രസ്തുത മരുന്നുകള്‍ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. മരുന്നുകളുടെ വിലനിയന്ത്രണ അതോറിറ്റിയെ കമ്മീഷന്‍ നേരിട്ട് ഇക്കാര്യം അറിയിച്ചു.
മംഗലാപുരം ആസ്ഥാനമായുള്ള ഡാഫെഡില്‍ കമ്പനി പുറത്തിറക്കുന്ന ആല്‍ബുട്ടമോള്‍ പ്ലസ് ഗുളിക പത്തെണ്ണം 42 രൂപക്കാണ് വില്‍ക്കുന്നത്. ഇതേ കമ്പനിയുടെ ആല്‍ബുട്ടൊമോള്‍ സിറപ്പിന്റെ വില 59.50 രൂപയാണ്. എന്നാല്‍, പത്ത് ഗുളികകളുടെ യഥാര്‍ഥ വില 4.71 രൂപയും സിറപ്പിന്റെ വില 17.98 രൂപയുമാണ്. കേന്ദ്ര സര്‍ക്കാറിന്റെ അവശ്യമരുന്ന് പട്ടികയില്‍പ്പെട്ട സാല്‍ബുട്ടോമോള്‍ സള്‍ഫേറ്റിനൊപ്പം വിലനിയന്ത്രണ പട്ടികയിലില്ലാത്ത ചില മരുന്നുകളുടെ ചേരുവകളും ചേര്‍ത്താണ് കമ്പനി പത്തിരട്ടി വില കൂട്ടി വില്‍ക്കുന്നത്. മുംബയിലെ സെഞ്ചര്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിന്റെ വിതരണക്കാര്‍.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്‍ ഫയല്‍ ചെയ്ത കേസില്‍ കമ്മീഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
പ്രതിവര്‍ഷം പത്ത് ശതമാനത്തില്‍ കൂടുതല്‍ വിലയില്‍ മാറ്റം വരുത്താന്‍ പാടില്ലാത്ത വിഭാഗത്തില്‍പ്പെട്ടതാണ് ഇത്തരം മരുന്നുകളെന്ന് ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചിരുന്നു. മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, വില്‍പ്പന നിര്‍ത്തുന്നതോടൊപ്പം ദേശീയ വിലനിയന്ത്രണ അതോറിറ്റിയെ ഇക്കാര്യം അറിയിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. കൂടാതെ പ്രസ്തുത മരുന്ന് വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ന്യൂഡല്‍ഹിയിലെ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിക്കയച്ച ഉത്തരവില്‍ ജസ്റ്റിസ് ജെ ബി കോശി ആവശ്യപ്പെട്ടു. നടപടി ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡ്രഗ്‌സ് കണ്‍ട്രോളറും അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്ത് പ്രതിവര്‍ഷം ആറായിരം കോടി രൂപയുടെ മരുന്നുകള്‍ വില്‍ക്കുന്നതായി കമ്മീഷനെ സര്‍ക്കാര്‍ അറിയിച്ചു. 2015ല്‍ വില കൂട്ടിവിറ്റ 55 മരുന്നുകളുടെ വിവരങ്ങള്‍ ദേശീയ അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.

Latest