Kerala
ഇനി പത്ത് നാള്‍ കേരളത്തില്‍ കൊടും ചൂട്
കണ്ണൂര്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കൂടുല്‍ ഇത്തവണ കേരളത്തിലാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലിനു പിന്നാലെ നാളെ മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൊടും ചൂട് അനുഭവപ്പെടുമെന്ന് വാനനിരീക്ഷകര്‍.
സൂര്യന്‍ കേരളത്തിനു മുകളിലൂടെ ഉദിച്ചസ്തമിക്കുന്ന നാളെ മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ചൂട് കൂടുക. മാര്‍ച്ച് 21ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് കടന്ന സൂര്യന്‍ ഈ മാസം 21ന് തിരുവനന്തപുരത്തിനു മുകളിലൂടെ ഉദിച്ചസ്തമിക്കും. പിന്നീട് 23 ആകുമ്പോഴേക്കും കാസര്‍കോട് ജില്ലക്ക് മുകളിലെത്തും. ഈ ദിവസങ്ങളില്‍ സൂര്യപ്രകാശം ലംബമായി വീഴുന്നതിനാലാണ് കഠിനമായ ചൂട് അനുഭവപ്പെടുകയെന്നും അതിനാല്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടുകൊള്ളുന്നത് ഒഴിവാക്കണമെന്നും പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ സിറാജിനോട് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അസഹനീയമാംവിധം ചൂട് കൂടിയതോടെ പകല്‍ നേരങ്ങളില്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. സമുദ്ര താപനിലയെ വര്‍ധിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് ചൂട് കൂടുന്നതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. പസഫിക് സമുദ്രത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഇതിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നുള്ള കാറ്റില്‍ നീരാവി കുറയും. ഈ വരണ്ട കാറ്റാണ് ചൂട് കൂടുന്നതിന് കാരണം.