National
നിതീഷ് കുമാര്‍ ജനതാദള്‍ യുനൈറ്റഡിന്റെ പുതിയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: ജനതാദള്‍ യുനൈറ്റഡ് അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ദേശീയ എക്‌സ്ിക്യൂട്ടീവ് യോഗമാണ് അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നാല് തവണ അധ്യക്ഷനായ ശരത് യാദവിന്റെ കാലഘട്ടത്തിന് വിരാമമിട്ടാണ് ദേശീയ എക്‌സിക്യൂട്ടീവ് അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ബീഹാറില്‍ നിന്നുള്ളയാള്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്. മുമ്പ് അധ്യക്ഷന്‍മാരായ ജോര്‍ജ് ഫെര്‍ണാണ്ടസും, ശരത് യാദവും ബീഹാറിന് പുറത്തു നിന്നുള്ളവരാണ്. ശരത് യാദവാണ് നിതീഷ് കുമാറിന്റെ പേര് അധ്യക്ഷ പദവിയിലേക്ക് നിര്‍ദേശിച്ചത്. ജനറല്‍ സെക്രട്ടറി കെ സി ത്യാഗിയും, മറ്റു നേതാക്കളും ഇതിനെ പിന്തുണച്ചതോടെ എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ നിലംപരിശായ പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരികെ വരികയും ബീഹാറില്‍ ഭരണം ലഭിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത ആശയങ്ങളുള്ള പാര്‍ട്ടികളെ മഹാസഖ്യത്തിലെത്തിക്കാന്‍ സാധിച്ചത് അദ്ദേഹമെടുത്ത പരിശ്രമത്തിന്റെ ഭാഗമാണെന്ന് ത്യാഗി പറഞ്ഞു.
അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ മുന്നിലുള്ളതെന്നും ബി ജെ പിയെ തൂത്തെറിയേണ്ടതിന്റെ ആവശ്യകതെയും കുറിച്ചും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ഈ മാസം 23ന് പാറ്റ്‌നയില്‍ ചേരും.