Connect with us

Sports

ഡല്‍ഹിയെ ഒന്‍പത് വിക്കറ്റിന് തോല്‍പിച്ചു: അനായാസം കൊല്‍ക്കത്ത

Published

|

Last Updated

കൊല്‍ക്കത്ത: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയത്തോടെ തുടങ്ങി. ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.4 ഓവറില്‍ 98 റണ്‍സിന് ആള്‍ ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ത്തക്ക 14.1 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപണര്‍മാരായ റോബിന്‍ ഉത്തപ്പ (30 പന്തില്‍ 35), ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (41 പന്തില്‍ 38*) എന്നിവരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തക്ക് അനായാസ ജയം സമ്മാനിച്ചത്. മനീഷ് പാണ്ഡെ 15* റണ്‍സെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് സ്‌കോര്‍ 24ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 17 റണ്‍സെടുത്ത ക്വുന്റണ്‍ ഡി കോക്കാണ് പുറത്തായത്. തൊട്ടുപിന്നാലെ ശ്രേയസ് അയ്യര്‍ ഡക്കായി മടങ്ങി. ആന്ദ്രെ റസ്സലാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. സഞ്ജു സാംസണ്‍ (15), പവന്‍ നേഗി (11), ക്രിസ് മോറിസ് (11) എന്നിവര്‍ക്ക് മാത്രമേ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ.
ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ പറത്തി വിന്‍ഡീസിന് അവിശ്വസനീയ ജയം നേടിക്കൊടുത്ത കാര്‍ലോസ് ബ്രാത്‌വെയ്റ്റ് സിക്‌സറടിച്ച് തുടങ്ങിയെങ്കിലും ചാവ്‌ല ബൗള്‍ഡ് ചെയ്തു. കൊല്‍ക്കത്തക്കായി റസ്സല്‍, ബ്രാഡ് ഹോഗ് എന്നിവര്‍ മൂന്നും ജോണ്‍ ഹേസ്റ്റിംഗ്, പീയുഷ് ചാവ്‌ല എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

Latest