Connect with us

International

രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് വിട്ടു നല്‍കാന്‍ ഈജിപ്ത് തീരുമാനം

Published

|

Last Updated

കൈറോ: ചെങ്കടലില്‍ തങ്ങളുടെ അധീനതയിലുള്ള രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് വിട്ടു നല്‍കാന്‍ ഈജിപ്ത് സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചദിന സന്ദര്‍ശനത്തിനായി സഊദി ഭരണാധികാരി ഈജിപ്തില്‍ എത്തിയതിന് പിന്നാലെയാണ് തീരുമാനം. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും സല്‍മാന്‍ രാജാവും തമ്മില്‍ വെള്ളിയാഴ്ച ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.

ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന ടിരാന്‍, സനാഫിര്‍ ദ്വീപുകളാണ് ഈജിപ്ത് സഊദി അറേബ്യക്ക് കൈമാറുന്നത്. ഇരു രാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തിയില്‍ നടത്തിയ സാങ്കേതിക പരിശോധനയില്‍ ഈ രണ്ട് ദ്വീപുകളും സഊദി അറേബ്യയുടെ ജലാതിര്‍ത്തിയിലാണ് വരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈജിപ്തിന്റെ സുപ്രധാന തീരുമാനം.

അതേസമയം ഈജിപ്തിന്റെ തീരുമാനത്തിനെതിര പ്രതിപക്ഷം രംഗത്ത് വന്നു. 2014ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അല്‍സീസിയുടെ എതിരാളിയായിരുന്ന ഹംദീന്‍ സബാഹിയാണ് തീരുമാനത്തിനെ ആക്ഷേപിച്ച് രംഗത്ത് വന്നത്. ജലാതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാന്‍ ഈജിപ്തും സഊദിയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്‍സീസിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അഞ്ച് പേരെ കൈറോ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest