Connect with us

International

ഐക്യരാഷ്ട്ര സഭക്ക് പുതിയ നേതാവ്; നടപടികള്‍ക്ക് തുടക്കം

Published

|

Last Updated

യു എന്‍: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള പ്രക്രിയക്ക് പൂര്‍ണ തോതില്‍ തുടക്കമായി. അവസാന റൗണ്ടിലെത്തിയ എട്ട് സ്ഥാനാര്‍ഥികളുമായി ചരിത്രത്തിലാദ്യമായി അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച അനുവദിക്കും. ഇവര്‍ പ്രതിനിധികള്‍ക്ക് മുമ്പിലെത്തുകയും കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്യും. പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കും. യു എന്‍ മേധാവിയുടെ തിരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ തുടങ്ങുന്നത്. ഈ പ്രക്രിയക്ക് ഇന്നലെ ന്യൂയോര്‍ക്കില്‍ തുടക്കമായി. ഇന്നും നാളെയും ഇത് തുടരും. രണ്ടര മണിക്കൂര്‍ നീളുന്ന സെഷനുകളാണ് നടക്കുക.
ഉത്തര കൊറിയന്‍ മുന്‍ വിദേശകാര്യ മന്ത്രിയും ഇപ്പോഴത്തെ സെക്രട്ടറി ജനറലുമായ ബാന്‍ കി മൂണ്‍ അഞ്ച് വര്‍ഷത്തെ രണ്ട് ഊഴം പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ തന്റെ പിന്‍ഗാമി വനിതയായിരിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 15 അംഗ രക്ഷാസമിതിയുടെ ശിപാര്‍ശ പൊതു സഭക്ക് മുമ്പാകെ വെക്കുകയാണ് ചെയ്യുക. എന്നാല്‍ സഭയിലെ വോട്ടിംഗിന് വലിയ പ്രധാന്യമില്ല. കാരണം വീറ്റോ രാജ്യങ്ങളായ യു എസ്, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവയുടേതായിരിക്കും അന്തിമ തീരുമാനം. ജൂലൈയിലാണ് രക്ഷാ സിമിതിയിലെ വോട്ടിംഗ് നടക്കുക. സെപ്തംബറില്‍ പൊതു സഭയില്‍ വെക്കും. ഒക്‌ടോബറില്‍ പുതിയ സെക്രട്ടറി ജനറല്‍ സ്ഥാനമേല്‍ക്കും.
ഇതാദ്യമായി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പട്ടികയിലെ പകുതി പേരും സ്ത്രീകളാണ്. യുനസ്‌കോ ഡയറക്ടര്‍ ജനറല്‍ ഇറിനാ ബൊകോവാ (ബള്‍ഗേറിയ), ക്രൊയേഷ്യ മുന്‍ വിദേശകാര്യ മന്ത്രി വെസ്‌നാ പുസിക്, മൊള്‍ദോവാ മുന്‍ വിദേശകാര്യ മന്ത്രി നതാലിയ ഗെര്‍മാന്‍, ന്യൂസിലാന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക് എന്നിവരാണ് പട്ടികയിലെ വനിതകള്‍.
മാസിഡോണിയന്‍ മുന്‍ വിദേശകാര്യ മന്ത്രി സര്‍ജാന്‍ കരീം, മോണ്ടിനെഗരോ വിദേശകാര്യ മന്ത്രി ഇഗോര്‍ ലുക്‌സിക്, സ്ലോവേനിയ മുന്‍ പ്രസിഡന്റ് ഡാനിലോ ടര്‍ക്ക്, അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണറായിരുന്ന അന്റോണിയോ ഗുട്ടറസ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

Latest