Connect with us

Articles

മരഞ്ചാട്ടി ഗ്രീന്‍വാലി: ഇരുപതിന്റെ നിറവില്‍

Published

|

Last Updated

സ്ത്രീ വിദ്യാഭ്യാസത്തെ വളരെയേറെ പ്രാമുഖ്യത്തോടെ പരിഗണിച്ച മതമാണ് ഇസ്്‌ലാം. വിദ്യാഭ്യാസം നേടാന്‍ മാത്രമല്ല, ജീവിക്കാന്‍ കൂടി പെണ്ണിന് അവകാശമില്ലാത്ത കാലത്താണ് പ്രവാചകര്‍(സ്വ) കടന്നുവന്ന് സ്ത്രീ വിമോചനത്തിന്റെ ഇതിഹാസങ്ങള്‍ സൃഷ്ടിച്ചത്. പെണ്‍കുട്ടികള്‍ക്ക് ജ്ഞാനം നല്‍കുന്നത് മാത്രമല്ല, അവരെ സംരക്ഷിക്കുന്നതും വലിയ പുണ്യമാണെന്നാണ് തിരുനബി പഠിപ്പിച്ചത്. ആഇശ ബീവിയുമായുള്ള റസൂല്‍(സ്വ)യുടെ വിവാഹത്തിനു പിന്നില്‍ വിജ്ഞാനത്തിന്റെ വിതരണം കൂടി ലക്ഷ്യമായിരുന്നുവെന്ന് പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം ഹദീസുകള്‍ നിവേദനം ചെയ്ത ബീവി ആഇശ, ആ കാലത്തെ സ്ത്രീകള്‍ക്ക് തങ്ങളുടെ സന്ദേഹങ്ങളും അറിവുകളും റസൂല്‍(സ്വ)യോട് ചോദിക്കാനുള്ള മധ്യവര്‍ത്തി കൂടിയായിരുന്നു. റാബിഅത്തുല്‍ അദവിയ്യയും നഫീസത്തുല്‍ മിസ്‌രിയ്യയും ഒക്കെ ആ വഴിയിലൂടെ സഞ്ചരിച്ച് ഇസ്‌ലാമിക വിജ്ഞാനം കരഗതമാക്കുകയും മറ്റുള്ളവര്‍ക്ക് പകരുകയും ചെയ്ത മഹതികളാണ്.

മര്‍കസിന്റെ കീഴിലെ സ്ത്രീ വിദ്യാഭ്യാസ സംരംഭങ്ങളും ഇസ്‌ലാമികമായ ചുറ്റുപാടില്‍ നിന്ന് പരമാവധി ജ്ഞാനം അഭ്യസിക്കുന്ന രീതിയിലായിരുന്നു. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് മരഞ്ചാട്ടിയിലെ ഗ്രീന്‍വാലി പോലുള്ള സംരംഭങ്ങള്‍ മര്‍കസ് ആരംഭിക്കുന്നത്.
1994ല്‍ അമ്പത്തിയെട്ടു വിദ്യാര്‍ഥിനികള്‍ക്ക് അഡ്മിഷന്‍ നല്‍കിയാണ് മരഞ്ചാട്ടി മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സ് സ്ഥാപിതമാകുന്നത്. അനാഥകളും അഗതികളുമായ പെണ്‍കുട്ടികള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കി മതപരവും അക്കാദമികവുമായ വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ഈ സ്ഥാപനത്തിലൂടെ ലക്ഷ്യം വെച്ചത്.
മരഞ്ചാട്ടി ഗ്രീന്‍വാലി നില്‍ക്കുന്ന പ്രദേശത്തിന്റെ കൂടി സാമൂഹിക സാമ്പത്തിക അവസ്ഥ പ്രധാനമായിരുന്നു. മലയോര പ്രദേശമാണ് മരഞ്ചാട്ടി. അവിടെ അധികവുമുള്ളത് പാവപ്പെട്ട കുടുംബങ്ങളാണ്. കുട്ടികള്‍ക്ക് നേരാവണ്ണം വിദ്യാഭ്യാസമോ വസ്ത്രമോ നല്‍കാന്‍ കഴിയില്ലാത്തവര്‍. പലപ്പോഴും അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്നവര്‍. ഇത്തരം മലയോര ദേശങ്ങളില്‍ മറ്റൊരു ഭീഷണി കൂടിയുണ്ട്. പരിവര്‍ത്തനം ലക്ഷ്യമാക്കുന്നവരുടെ ആധിക്യം. പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങളെയാണ് അവര്‍ വലയിലാക്കാന്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കി പതിയെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തി മാറ്റുകയെന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി.
മര്‍കസ് മരഞ്ചാട്ടി ക്യാമ്പസ് ആദ്യമേ ഈ ഭീഷണികള്‍ തിരിച്ചറിഞ്ഞിരുന്നു. ദാരിദ്ര്യം കാരണം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാതെ പോകരുത്. ജ്ഞാനമാര്‍ജിക്കുക എന്നത് മുസ്‌ലിമായ സ്ത്രീക്കും പുരുഷനും അനിവാര്യമാണ് എന്നാണല്ലോ റസൂല്‍(സ്വ)യുടെ അരുള്‍. അതിനാല്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഗ്രീന്‍വാലിയില്‍ നിന്ന് സൗജന്യമായി അറിവും സൗകര്യവും അവസരവും നല്‍കുന്നു.
ഇരുപത് വര്‍ഷം പിന്നിടുകയാണ് മര്‍കസ് ഗ്രീന്‍വാലി ഇപ്പോള്‍. ഇതിനകം 1760 വിദ്യാര്‍ഥിനികള്‍ ഇവിടെ നിന്ന് പഠനം കഴിഞ്ഞു പുറത്തിറങ്ങി. അവരില്‍ ഡോക്ടര്‍മാരുണ്ട്, എന്‍ജിനീയര്‍മാരുണ്ട്. സാമൂഹിക ശാസ്ത്ര പ്രൊഫഷനല്‍ വിഷയങ്ങളില്‍ ഉയര്‍ന്ന പഠനം നടത്തുന്നവരുണ്ട്. അധ്യാപന മേഖലയില്‍ പ്രതിഭാത്വം തെളിയിച്ചവരുണ്ട്. പെണ്‍ ശാക്തീകരണമാണ് ഗ്രീന്‍വാലി ക്യാമ്പസിലൂടെ മര്‍കസ് നടത്തുന്നത്. ഇസ്‌ലാമിക വൃത്തത്തിനകത്ത് നിന്ന് ശക്തവും സര്‍ഗാത്മകവുമായി ഇടപെടുന്ന പെണ്‍കുട്ടികളെയാണ് ഈ സ്ഥാപനം വളര്‍ത്തിയെടുത്തത്.
ഗ്രീന്‍വാലി ക്യാമ്പസിന്റെ മറ്റൊരു സവിശേഷത ഈ സ്ഥാപനം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളാണ്. അനാഥകളും അഗതികളുമായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ മനസ്സിലെ വലിയ ആധിയാണ് അവരുടെ വിവാഹം നടത്തല്‍. മരഞ്ചാട്ടിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും ആഭരണവും സ്ഥാപനം നല്‍കുന്നു. ഇങ്ങനെ എഴുന്നൂറ്റിയമ്പത് വിദ്യാര്‍ഥിനികള്‍ക്ക് വിവാഹത്തിന് സഹായം സമര്‍പ്പിച്ചിട്ടുണ്ട്. ആയിരത്തിലധികം പവനും ഇരുപതു ലക്ഷത്തിലധികം രൂപയും ഈയിനത്തില്‍ മാത്രം മര്‍കസ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം പല കുട്ടികള്‍ക്കും അനുയോജ്യരായ ഇണകളെയും കണ്ടെത്തി വിവാഹം നടത്തി. ഇരുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംതൃപ്തിയുണ്ട്. ആയിരത്തിഎഴുനൂറു പെണ്‍മക്കള്‍ ഇന്ന് മര്‍കസിന്റെ ആ തണലിന്റെ മധുരം അനുഭവിക്കുകയാണ്. അവരിലൂടെ ആയിരങ്ങള്‍ ധാര്‍മികമായ വിദ്യാഭ്യാസം നുകരുന്നു. ആത്മീയമായ ചിട്ടകള്‍ അഭ്യസിക്കുന്നു. അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന ജീവിതം തിരഞ്ഞെടുക്കുന്നു.
മരഞ്ചാട്ടിയിലും പരിസരത്തുമുള്ള പാവപ്പെട്ട കുടുംബങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗ്രീന്‍വാലിക്ക് കീഴില്‍ പലപ്പോഴും പഠനോപകരണങ്ങളും വസ്ത്രങ്ങളുമൊക്കെ നല്‍കാറുണ്ട്. ഈ ക്യാമ്പസില്‍ പഠിക്കുന്നവരുടെ മാത്രമല്ല, നാട്ടുകാരായ അശരണരുടെ കൂടി അഭിവൃദ്ധിയായിരുന്നു അതിലൂടെ ഉദ്ദേശിച്ചത്. മരഞ്ചാട്ടിയുടെ സമീപത്തുള്ള മലയോര മേഖലകളിലെ സാര്‍വത്രികമായ വൈജ്ഞാനിക പുരോഗതികൂടി മര്‍കസിന്റെ പ്രധാന ലക്ഷ്യമാണ്. ആ താത്പര്യത്തിലാണ് കൂമ്പാറ ഫാത്തിമാ ബീവി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മര്‍കസ് നടത്തിവരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്ലസ്ടുവിന് സയന്‍സില്‍ നൂറു ശതമാനം നേടിയതോടൊപ്പം മികച്ച വിജയമാണ് ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്.
ഇനിയും കുറേ പദ്ധതികള്‍ ഗ്രീന്‍വാലി ക്യാമ്പസിന് കീഴില്‍ നടത്താന്‍ ഉദ്ദേശ്യമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്ലസ്ടു നല്‍കുന്നതോടൊപ്പം മതപഠനത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മര്‍കസ് ഹാദിയ കോഴ്‌സ് ഗ്രീന്‍ വാലിയില്‍ ആരംഭിക്കാനിരിക്കുന്നു. സുമനസ്സായ ദീനീ സ്‌നേഹികളുടെ പിന്തുണയാണ് ഇത്രകാലം ഗംഭീരമായി മുന്നോട്ട് പോകാന്‍ സ്ഥാപനത്തിന് സഹായകമായത്.
കാന്തപുരം ഉസ്താദിന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതികള്‍ ഇങ്ങനെയാണ്. അതൊരിക്കലും കൊട്ടും കൊരവയുമിട്ട് ആളുകളെ ബോധ്യപ്പെടുത്താന്‍ ആയിരുന്നില്ല. രണ്ടായിരത്തോളം വിദ്യാര്‍ഥിനികള്‍ സൗജന്യമായി പഠിച്ചിറങ്ങിയ ക്യാമ്പസിന്റെ ചരിത്രത്തിന്റെ പ്രഥമ സമ്മേളനമാണിത്. ഇന്നാണ് സമ്മേളനത്തിന്റെ സമാപനം. ഗ്രീന്‍വാലി ക്യാമ്പസിലേക്ക് സാധിക്കുന്നവര്‍ എത്തണം.

---- facebook comment plugin here -----

Latest