Kerala
തൂക്കുസഭ വന്നാലും ലീഗ് മറുവശത്ത് തൂങ്ങില്ല: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്ത് തൂക്കുസഭ വന്നാലും മറുവശത്ത് തൂങ്ങാതെ യു ഡി എഫിന്റെ തൂക്കത്തിനൊപ്പമായിരിക്കും മുസ്‌ലിം ലീഗെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ് ക്ലബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സര്‍വേ ഫലങ്ങള്‍ എല്‍ ഡി എഫിന് അനുകൂലമായിരുന്നു. ഇപ്പോള്‍ യു ഡി എഫിനാണ് മുന്‍തൂക്കം.
ബി ജെ പി അക്കൗണ്ട് തുറക്കുമെന്നത് അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണ്. അങ്ങനെ ഒരു പോരാട്ടം നടത്താന്‍ ബി ജെ പിക്കാവില്ല. തിരഞ്ഞെടുപ്പ് അടുക്കും തോറും അവരുടെ പ്രവര്‍ത്തനം ഗൗരവമില്ലാതാവുകയാണ്. ബാറിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് ജനങ്ങള്‍ക്കും അറിയാം. മദ്യനയത്തില്‍ നിന്ന് യു ഡി എഫ് ഒരിക്കലും പിന്നോട്ടില്ല. മദ്യനിരോധം പോലുള്ള കാര്യങ്ങളിലേക്ക് രണ്ടടി മുന്നോട്ടു പോകുകയേയുള്ളൂ. വീണ്ടും ബാര്‍ തുറക്കുകയെന്നത് ജനം അംഗീകരിക്കില്ല. ജനപ്രിയ പ്രവര്‍ത്തനവും സാധുസഹായവും വികസനവും സന്തുലിതമായി കൊണ്ടുപോകുകയാണ് യു ഡി എഫ്. വന്‍തോതില്‍ അഴിമതിയാരോപണം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെയുണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് പിന്നീട് തെളിയുകയാണ്.
മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ ചിന്തിക്കുന്നത് തന്നെ ഇതിനുദാഹരണമാണ്. വളരണം കേരളം തുടരണം ഈ ഭരണമെന്ന യു ഡി എഫ് മുദ്രാവാക്യം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്. യു ഡി എഫിന്റെ വികസനം തുടരുമെന്ന് പതുക്കെ പറയുമ്പോഴും ഇടതുപക്ഷത്തിന് ആത്മവിശ്വാസമില്ല. ഈ സര്‍ക്കാറിന്റെ കാലത്ത് നിക്ഷേപം കൂടുതല്‍ വന്നത് തൊഴില്‍ നല്‍കുന്ന മേഖലയിലാണ്. ഇത് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വന്‍ വികസനാധിഷ്ടിത പദ്ധതികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുകഴ്ത്തിയ സാഹചര്യമുണ്ടായി. യു ഡി എഫ് പ്രകടനപത്രികയില്‍ നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചാ പ്രഖ്യാപനങ്ങളാവുമുണ്ടാവുക. ഒപ്പം ജനക്ഷേമപദ്ധതികളും. ഡിജിറ്റല്‍ സ്റ്റേറ്റ്, സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാം എന്നിവയുടെ അടുത്ത ഘട്ടം നടപ്പാക്കും.
വിവിധ വിഭാഗങ്ങളെ നോക്കിയല്ല മുസ്‌ലിം ലീഗില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതെന്ന് വനിതാ പ്രാതിനിധ്യമില്ലാത്തതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാറിന് കീഴിലെ നാമനിര്‍ദേശം ചെയ്തുള്ള പല പദവികളിലും ലീഗ് വനിതാ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ സഖ്യകക്ഷിയെന്ന നിലയില്‍ ലീഗിന്റെ പിന്തുണയുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ പ്രതികരിക്കാതെ ഇവിടെ പ്രതിഷേധമുയര്‍ത്തി മുതലെടുപ്പ് നടത്താനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.