Connect with us

National

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

നൈനിറ്റാള്‍: കേന്ദ്രസര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഭരണപ്രതിസന്ധിയുടെ പേരില്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നടപടി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പിച്ച ഹര്‍ജിയിലാണ് നടപടി. കേസ് പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് ഇന്നും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഈ മാസം 29ന് സഭയില്‍ വിശ്വാസ വോട്ട് തേടാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ചീഫ് ജസറ്റിസ് കെ.എം.ജോസഫ്, വി.കെ.ബിസ്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഉത്തരാഖണ്ഡില്‍ പഴയ പോലെ മുഖ്യമന്ത്രിയായി ഹരീഷ് റാവത്തിന് തുടരാമെന്നും കോടതി ഉത്തരവിട്ടു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം സുപ്രീംകോടതി മുന്നോട്ട് വച്ച നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭരണ പ്രതിസന്ധി ഉണ്ടായാല്‍ ഏറ്റവും ഒടുവിലത്തെ ഉപാധിയായി മാത്രമെ രാഷ്ട്രപതി ഭരണത്തെ ഉപയോഗിക്കാവു എന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം കണ്ടെത്തിയ കാരണങ്ങള്‍ അപര്യാപ്തമാണെന്ന് ജസ്റ്റിസ് ബിസ്തി പറഞ്ഞു. അതിനാല്‍ തന്നെ ഈ കേസില്‍ ജുഡിഷ്യല്‍ റിവ്യു നടത്താമെന്നും ബിസ്തി പറഞ്ഞു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് പത്തു ദിവസം മുന്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സുപ്രീംകോടതി നിഷകര്‍ഷിച്ചിട്ടുള്ളത്. അതു പ്രകാരമായിരുന്നെങ്കില്‍ മാര്‍ച്ച് 18ന് വിജ്ഞപാനം പുറപ്പെടുവിക്കേണ്ടിയിരുന്നുവെന്നും കോടതി പറഞ്ഞു.
ഒമ്പത് വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയും ഹൈക്കോടതി ശരിവച്ചു. ഭരണഘടനാപരമായ പാപം ചെയ്ത എം.എല്‍.എമാര്‍ അതിന്റെ വില നല്‍കിയേ മതിയാവു. അതാണ് അയോഗ്യതയുടെ രൂപത്തില്‍ അവര്‍ക്ക് ലഭിച്ചതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച റാവത്ത് സത്യത്തിന്റെ വിജയമാണിതെന്ന് പറഞ്ഞു. വിധിയില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ലാദപ്രകടനം നടത്തി. അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 18ന് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായത്. 70 അംഗ നിയമസഭയില്‍ 36 എം.എല്‍.എ മാരുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിപക്ഷമായ ബിജെപിക്ക് നിയമസഭയില്‍ 28 എംഎല്‍എമാരുണ്ട്. ഹരീഷ് റാവത്ത് സര്‍ക്കാറില്‍ നിന്ന് ഒമ്പത് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. കേവല ഭൂരിപക്ഷത്തിനു പുറമെ മറ്റു ആറ് എം.എല്‍.എ മാരുടെ പിന്തുണ കൂടി ഹരിഷ് റാവത്തിന്റെ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇതിനിടെ 28ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കെ കെ പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമാണെന്ന് കാട്ടി കേന്ദ്രം ധൃതിപിടിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.