Gulf
അംബരചുംബിക്ക് മുകളില്‍ ഹോവര്‍ബോര്‍ഡില്‍ അത്ഭുതം സൃഷ്ടിച്ച് യുവാവ്
ദുബൈ:കാഴ്ചക്കാര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത രീതിയിലുള്ളതായിരുന്നു ആകാശം മുട്ടിനില്‍ക്കുന്ന നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ സെര്‍ബിയന്‍ യുവാവ് ഹോവര്‍ബോര്‍ഡില്‍ നടത്തിയ പ്രകടനം. കണ്ടവര്‍ ഒന്നടങ്കം പറഞ്ഞു ഇനി ഒരിക്കലും നീ ഇത്തരത്തില്‍ ഒന്നിന് മുതിരരുതെന്ന്. യാതൊരു സുരക്ഷാ മുന്‍കരുതലും എടുക്കാതെയാണ് ഒലിഗ് ക്രിക്കറ്റ് എന്ന സെര്‍ബിയന്‍ യുവാവ് നഗരവാസികളെ ഹോവര്‍ബോര്‍ഡില്‍ തന്റെ പ്രാവീണ്യം തെളിയിച്ച് അമ്പരപ്പിച്ചത്. കണ്ടവര്‍ക്കൊന്നും ആ ദൃശ്യം ഒരിക്കല്‍ കൂടി കാണാന്‍ കരുത്തുണ്ടായിരുന്നില്ല. ഈ കുട്ടിക്കെന്താ ഭ്രാന്താണോ ഇത്തരത്തില്‍ ജീവന്‍ പണയംവെച്ചൊരു പ്രകടനം നടത്താനെന്നായിരുന്നു ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
ഉരുളുന്ന ചക്രമുള്ള ഇത്തിരിപ്പോന്ന കളിപ്പാട്ടത്തില്‍ ഇത്തരം ഒന്നിന് അധികമാരും മുതിരില്ലെന്ന് തീര്‍ച്ച. നന്നേ ചെറുപ്പത്തിലേ വ്യത്യസ്തനായ ഒരാളായി അറിയപ്പെടണമെന്ന ആഗ്രഹമാണ് 16ാം വയസില്‍ സ്റ്റംണ്ടിന്റെ ലോകത്തേക്ക് ഒലിഗിനെ എത്തിച്ചത്. പിന്നീട് ജിംനാസ്റ്റിക്‌സും അക്രോബാറ്റിക്‌സും ആയോധന കലകളും അഭ്യസിച്ച ശേഷമാണ് ഹോവര്‍ബോര്‍ഡിലേക്ക് തിരിഞ്ഞത്. യുവാവ് പുതുതായി പുറത്തുവിട്ട വീഡിയോയിലാണ് ത്രസിപ്പിക്കുന്ന ഈ കാഴ്ച ഉള്‍പെടുത്തിയിരിക്കുന്നത്. ഞാന്‍ എങ്ങനെ ഇപ്പോഴും ജീവിക്കുന്നുവെന്നും ഒരു പക്ഷേ താന്‍ മരണമില്ലാത്തവനാവാമെന്നും ഒലിഗ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.