Gulf
വയസ് 56, മക്കള്‍ 10, പേരക്കുട്ടികള്‍ അഞ്ച് ഖദീജ ഇപ്പോഴും ആറാം ക്ലാസില്‍
ഫുജൈറ: ഖദീജ റാശിദ് സുലൈമാന്‍ ഇപ്പോഴും ആറാം ക്ലാസില്‍ പഠിക്കുകയാണ്. പ്രായം 56 ആയെന്നോ കുട്ടികള്‍ പത്തായെന്നോ പേരക്കുട്ടികള്‍ അഞ്ചായെന്നോ ഗൗനിക്കാതെ. ഫുജൈറ ദിബ്ബയിലെ സ്വദേശി മാതാവും 56കാരിയുമായ ഖദീജ റാശിദ് സുലൈമാന്‍ ഈയിടെയാണ് ഏറ്റവും പ്രായമുള്ള പഠിതാവിനുള്ള അവാര്‍ഡ് അധികൃതരില്‍നിന്നും ഏറ്റുവാങ്ങിയത്. പഠിക്കാന്‍ നേരവും കാലവും പ്രായവും ഒന്നുമില്ലെന്ന് സമൂഹത്തിന് സന്ദേശം നല്‍കുകയാണ് ഈ സ്വദേശീവീട്ടമ്മ. കുട്ടിക്കാലത്ത് പ്രാരാബ്ധങ്ങളും കുടുംബ സാഹചര്യങ്ങളും പുറമെ സാമൂഹിക ചുറ്റുപാടുകളും കാരണം അക്ഷരവെളിച്ചം നുകരാന്‍ കഴിയാതെ പോയ ഖദീയെന്ന ഈ വീട്ടമ്മ പക്ഷേ, തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല.
പ്രായവും മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളും തന്റെ മുമ്പില്‍ മുടക്കം സൃഷ്ടിച്ചപ്പോഴും അക്ഷരങ്ങളെ ഒരുനാള്‍ തനിക്ക് കീഴ്‌പെടുത്താന്‍ സാധിക്കുമെന്ന ദൃഢമനസ്സിന്റെ മുമ്പില്‍ സാഹചര്യങ്ങളൊക്കെ തോല്‍ക്കുകയായിരുന്നു. തന്റെ മക്കളില്‍ ഇളയവളുടെ കൈപിടിച്ച് പ്രദേശത്തെ നഴ്‌സറിയില്‍ ഒരുനാള്‍ ഖദീജയെത്തിയത് മകളെ ചേര്‍ക്കാന്‍ മാത്രമായിരുന്നില്ല, മറിച്ച് സ്വയം ചേരാന്‍കൂടിയായിരുന്നു. ഖദീജ ഇന്ന് ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
പഠനത്തിന് എല്ലാ പ്രോത്സാഹനവും നല്‍കുന്ന ഭര്‍ത്താവും വൈകുന്നേരങ്ങളില്‍ വീട്ടില്‍വെച്ച് തന്നെ പഠിപ്പിക്കാന്‍ മത്സരിക്കുന്ന മക്കളുമാണ് വാര്‍ധക്യത്തിലും തന്റെ ലക്ഷ്യപ്രാപ്തിക്ക് പ്രചോദനമെന്ന് ഇവര്‍ ആണയിടുന്നു. ഇവരുടെ പിന്തുണ കൊണ്ടാണ് രാജ്യത്തെ ഏറ്റവും പ്രായമുള്ള പഠിതാവിനുള്ള, ഹംദാന്‍ എജ്യുക്കേഷനല്‍ അവാര്‍ഡിന് താന്‍ അര്‍ഹയായതെന്നും 10 മക്കളുടെ ഉമ്മയും അഞ്ച് പേരക്കുട്ടികളുടെ ഉമ്മൂമ്മയുമായ ഖദീജ റാശിദ് അഭിമാനത്തോടെ പറയുന്നു.
ഇന്ന് ഈ വീട്ടമ്മ അക്ഷരത്തെറ്റില്ലാതെ വായിക്കും. കുട്ടിക്കാലത്ത് സാഹചര്യങ്ങള്‍കൊണ്ട് കൈവിട്ടുപോയത് കാലങ്ങള്‍ക്കപ്പുറം ജയിച്ചടക്കിയ “ത്രില്ലി”ലാണ് ഇവര്‍. തന്റെ ഏറ്റവും പ്രിയപ്പെട്ട വായന വിശുദ്ധ ഖുര്‍ആനാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫുജൈറയിലെ വയോജന വിദ്യാഭ്യാസ കേന്ദ്രത്തിലെ ഈവനിംഗ് ബാച്ചിലെ ആറാം ക്ലാസുകാരി ഖദീജ മറ്റു പഠിതാക്കളേക്കാള്‍ “മിടുക്കിക്കുട്ടി”യാണ്. സ്ഥാപന അധികൃതര്‍ക്ക് ഏറെ പ്രിയപ്പെട്ടവളും.
ചെറുപ്പത്തില്‍ പഠിക്കുന്നത് കല്ലില്‍ കൊത്തിവെക്കുന്നതുപോലെയും വലിപ്പത്തില്‍ അത് വെള്ളത്തിലെഴുതുന്നതുപോലെയുമെന്ന പഴഞ്ചൊല്ല് തിരുത്തുകയാണ് ഖദീജ. ഏതായാലും കൊച്ചുപ്രായത്തിലുള്ള തന്റെ പേരമക്കളെ വൈകുന്നേരങ്ങളില്‍ പഠിപ്പിക്കുന്ന തിരക്കിലാണിവര്‍. മക്കള്‍ക്ക് കൊടുക്കാന്‍ കഴിയാത്തത് കൊച്ചുമക്കള്‍ക്കെങ്കിലും കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്ന നിര്‍വൃതിയില്‍ കഴിയുകയാണ് ഈ വീട്ടമ്മ.