Connect with us

Kerala

വീട്ടില്‍ ഉപയോഗിച്ച് ബാക്കി വൈദ്യുതി ജനീഷ് വില്‍ക്കുന്നു

Published

|

Last Updated

കാളികാവ്: വൈദ്യുതി വീട്ടില്‍ ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തുന്ന പദ്ധതി കാളികാവില്‍ ആരംഭിച്ചു. സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് വീട്ടിലേക്കാവശ്യമായ വൈദ്യുതി ഉപഭോഗം കഴിച്ച് ബാക്കി കെ എസ് ഇ ബി ക്ക് വില്‍പ്പന നടത്തുന്നത്. മേലേകാളികാവിലെ ഇലക്ട്രിക്കല്‍ എനര്‍ജി എന്‍ജിനീയര്‍ എന്‍ എം ജനീഷാണ് ജില്ലയില്‍ ആദ്യമായി ഗ്രിഡ് കണക്ടട് സോളാര്‍ സംവിധാനമുപയോഗിച്ച് വൈദ്യുതി ഉത്പാദനവും വില്‍പ്പനയും തുടങ്ങിയത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള മുഴുവന്‍ വൈദ്യുതിയും സ്വന്തം വിടിന്റെ മേല്‍കൂരയിലെ സോളാര്‍ പാനലില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള ചെലവ് കുറഞ്ഞ സംവിധാനമാണ് ഗ്രിഡ് കണക്ടഡ് സോളാര്‍ സിസ്റ്റം. ബാറ്ററി ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഈ സംവിധാനത്തില്‍ സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിക്കുന്ന ഡി സി കരണ്ട് സോളാര്‍ ഇന്‍വര്‍ട്ടര്‍ എ സി പവറായി രൂപാന്തരം ചെയ്ത് തൊട്ടടുത്തുള്ള കെ എസ് ഇ ബി ഗ്രിഡിലേക്ക് കടത്തി വിടുന്നു. അതേസമയം ഉപഭോക്താവിന് ആവശ്യമുള്ള വൈദ്യുതി കെ എസ് ഇ ബി ഗ്രിഡില്‍ നിന്നും ലഭിക്കുന്നു. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് മാറുകയും ചെയ്യുന്നു. ഓരോ ദിവസവും വൈദ്യുതി ഉപാദിപ്പിച്ചതിന്റേയും കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കിയതിന്റേയും വീട്ടില്‍ ഉപയോഗിച്ചതിന്റേയും കൃത്യമായ അളവ് മീറ്ററില്‍ രേഖപ്പെടുത്തുന്നു. മാസാവസാനും ഈ രണ്ട് റീഡിംഗുകള്‍ തമ്മിലുള്ള വ്യത്യാസത്തിന് അനുസരിച്ചായിരിക്കും പണമിടപാട് നടത്തുക. 16 സോളാര്‍ പാനലുകളാണ് ജനീഷിന്റെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രതിദിനം 16 മുതല്‍ ഇരുപത് യൂനിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കും. വീട്ടിലേക്ക് ആവശ്യമുള്ളത് വെറും അഞ്ചോ ആറോ യൂനിറ്റ് മാത്രമേ വരൂ. ബാക്കി കെ എസ് ഇ ബിക്ക് വില്‍ക്കാനാകും. വീട്ടില്‍ ആളില്ലാത്ത സന്ദര്‍ഭങ്ങളിലും ഉപഭോഗം നടത്താത്ത അവസരങ്ങളിലും പൂര്‍ണമായും വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് നീങ്ങും. കെ എസ് ഇ ബി പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വാര്‍ഷിക ശരാശരി അനുസരിച്ചായിരിക്കും പണമിടപാട്. എല്ലാ വര്‍ഷവും സെപ്തംബര്‍ 30 ന് ഉപഭോക്താവുമായിട്ടുള്ള ഇടപാട് പരിഹരിക്കുമെന്ന വ്യവസ്ഥയിലാണ് കെ എസ് ഇ ബിയുമായി ഉപഭോക്താവ് കരാര്‍ ഉണ്ടാക്കുന്നത്. ഇംഗ്ലണ്ട്, കുവൈത്ത്, യു എ ഇ, എന്നിവിടങ്ങളില്‍ എനര്‍ജി എന്‍ജിനീയറായി പ്രവര്‍ത്തിച്ച ജനീഷ് ഒരു വര്‍ഷം കിറ്റ്‌കോയിലും ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത പാനലുകളും ജര്‍മന്‍ നിര്‍മിത ഇന്‍വര്‍ട്ടറും മറ്റ് സംവിധാനങ്ങളുമാണ് ഇതിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയാണ് ജനീഷിന്റെ വീട്ടില്‍ സോളാര്‍ പവര്‍ഹൗസ് സംവിധാനം സ്ഥാപിച്ചത്. നിരവധി പേരാണ് ഈ സംവിധാനത്തെക്കുറിച്ച് അറിയാന്‍ ഇവിടെ എത്തുന്നത്. ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ ലോകത്തിന്റെ എവിടെയായിരുന്നാലും വീട്ടിലെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും കെ എസ് ഇ ബി ക്ക് നല്‍കിയതും എല്ലാം അറിയാനാകും എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഈ സംവിധാനം സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ട് ആറ് മാസമായിട്ടുള്ളൂ. 16 പാനലുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന നാല് കിലോവാട്ട് ഗ്രിഡ് കണക്ടഡ് സോളാര്‍ സംവിധാനത്തിന് നാലര ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്.

Latest