Articles
ഉത്തരാഖണ്ഡിലെ അട്ടിമറിയും ഹൈക്കോടതി നിരീക്ഷണവും
365-ാം വകുപ്പ് ദുരുപയോഗം ചെയ്തു സംസ്ഥാന സര്‍ക്കാറുകളെ കേന്ദ്രം അട്ടിമറിക്കലും ഇതുമായി ബന്ധപ്പെട്ടു എക്‌സിക്യൂട്ടിവും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലും ഇന്ത്യാ ചരിത്രത്തില്‍ പുതുമയുള്ളതല്ല. കേന്ദ്രം കോണ്‍ഗ്രസ് ഭരണത്തിലായിരുന്നപ്പോള്‍ ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന പല സര്‍ക്കാറുകളെയും ഗളച്ഛേദം ചെയ്തിട്ടുണ്ട്. എന്‍ ഡി എ അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ഒരൊറ്റ സംസ്ഥാന സര്‍ക്കാറിനെയും നേരെ ചൊവ്വേ ഭരിക്കാന്‍ വിട്ടിട്ടില്ല. ജനതാപാര്‍ട്ടി ഭരിച്ചപ്പോഴും ഈ രാഷ്ട്രീയ കടന്നേറ്റങ്ങളുണ്ടായി. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഉത്തരാഖണ്ഡിലെ ഭരണ അട്ടിമറിയെങ്കിലും ജൂഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുളള ഏറ്റുമുട്ടല്‍ പ്രശ്‌നത്തില്‍ കൂടുതല്‍ തീവ്രമാണ്. ലക്‌നോവില്‍ നടന്ന ജസ്റ്റിസുമാരുടെ സമ്മേളനത്തില്‍ ജൂഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ രാഷ്ട്രപതി ശക്തമായ മുന്നറിയിപ്പ് നല്‍കാനിടയായതിന്റെ കാരണം ഉത്തരാഖണ്ഡ് സംഭവവുമായി ബന്ധപ്പെട്ട കോടതി വിധികളാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെയാണ് രാഷ്ട്രപതിക്കും മീതെയാണ് ജുഡീഷ്യറിയുടെ അധികാരമെന്ന് ഉത്തരാഖണ്ഡിലും നിരീക്ഷണം വന്നത്.
ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു റാവത്ത് സമര്‍പ്പിച്ച ഹരജിലാണ് ഹൈക്കോടതി ജുഡീഷ്യറിയുടെ അധികാരത്തിന്റെ ഔന്നിത്യം എടുത്തുകാട്ടിയത്.
രാഷ്ട്രപതിയുടെ തീരുമാനം നിയമ വ്യവസ്ഥക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം കുറ്റമറ്റതായിരിക്കണമെന്നില്ല. ചിലപ്പോള്‍ രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാം. അദ്ദേഹത്തിന്റെ വിജ്ഞാപനങ്ങള്‍ കോടതിയുടെ പരിശോധനക്ക് വിധേയമാണെന്നും ഉത്തരാഖണ്ഡില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ജുഡീഷ്യറിക്ക് അവകാശമുണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. രാഷ്ട്രപതി അദ്ദേഹത്തിന്റെ മുന്നിലുള്ള വിവരങ്ങളെ ആധാരമാക്കി രാഷ്ട്രീയ വിവേകം ഉപയോഗിച്ചാണ് തീരുമാനമെടുക്കുന്നതെന്നതിനാല്‍ അത് കൂടുതല്‍ വസ്തുതാപരമായിരിക്കുമെന്നും കോടതി അതില്‍ ഇടപെടരുതെന്നും കേന്ദ്രം വാദിച്ചപ്പോഴായിരുന്നു ഈ പരാമര്‍ശം. 1977ല്‍ അധികാരത്തിലേറിയ ജനതാപാര്‍ട്ടി സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചു വിട്ടപ്പോള്‍ സമാനമായ ഒരു പരാമര്‍ശം സുപ്രീംകോടതിയില്‍ നിന്നുണ്ടായിരുന്നു. രാഷ്ട്രപതിയുടെ വ്യക്തിനിഷ്ഠമായ ഹിതമാണ് ഭരണഘടന 356-ാം വകുപ്പ് പ്രകാരമുള്ള നടപടിക്ക് ആധാരം. സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിട്ട നടപടി ദുരുദ്ദേശ്യപരവും ബാഹ്യപരിഗണനകളാലോ അപ്രസക്ത പരിഗണനകളാലോ ഉള്ളതുമാണെങ്കില്‍ കോടതിക്ക് ഇടപെടാമെന്നായിരുന്നു അന്ന് പിരിച്ചുവിടലിന് വിധേയമായ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കേസില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ്. 1994-ല്‍ കര്‍ണാടക മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മൈയെ ഡിസ്മിസ് ചെയ്തത് സംബന്ധിച്ച കേസില്‍ കോടതി ഈ കാര്യം ഒന്നുകൂടി ഊന്നിപ്പറഞ്ഞു.
സംസ്ഥാന മന്ത്രിസഭക്ക് ഭൂരിപക്ഷ പിന്തുണ ഉണ്ടോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടത് നിയമസഭയിലാണ്. സഭയില്‍ അത് പരീക്ഷിക്കുന്നത് വരെ മന്ത്രിസഭയെ പിരിച്ചുവിടരുതെന്നായിരുന്നു ബൊമ്മെ കേസില്‍ കോടതിയുടെ ഉത്തരവ് (രാഷ്ട്രപതി ഭവനിലോ രാജ്ഭവനിലോ ഇരുന്ന് തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്ന് സാരം) നിയമസഭ പിരിച്ചുവിടുന്ന രാഷ്ട്രപതിയുടെ നടപടി ജുഡീഷ്യല്‍ പരിശോധനക്കു വിധേയമായിരിക്കുമെന്നും രാഷ്ട്രപതിയുടെ വിജ്ഞാപനത്തെ സാധൂകരിക്കുന്ന വസ്തുതകള്‍ ഇല്ലാതിരിക്കുകയോ നടപടി ദുരുദ്ദേശ്യപരം ആണെന്നു തെളിയുകയോ ചെയ്താല്‍ വിജ്ഞാപനം റദ്ദാക്കുകയും മന്ത്രിസഭയെ പുനഃസ്ഥാപിക്കുകയും ചെയ്യാമെന്നും അന്ന് കോടതി പറയുകയുണ്ടായി.
രാഷ്ട്രപതിഭരണത്തിന് ക്യാബിനറ്റ് ശിപാര്‍ശ ചെയ്യുന്നതും രാഷ്ടപതി അത് അംഗീകരിക്കുന്നതും പ്രസക്തമായ വസ്തുതകളുട പിന്‍ബലത്തോടെ ആയിരിക്കണം . അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഭരണപ്രതിസന്ധിയുടെ പേരിലോ ദുരുദ്ദേശ്യത്തോടെയോ ആയിരിക്കരുത്. തീരുമാനങ്ങള്‍ സദുദ്ദശ്യപരവും തൃപ്തികരവും പ്രസക്തവുമാകണം. മറിച്ചാണെങ്കില്‍ നടപടി അസാധുവാകും. ജുഡീഷ്യറിക്ക് അത് തിരുത്തുകയും ചെയ്യാമെന്നാണ് കോടതി ഇവിടെ പറഞ്ഞു വെച്ചത്.
സംസ്ഥാനത്ത് ക്രമസമാധാന നില വഷളായിരിക്കുന്നുവെന്ന് കാണിച്ചു ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. പ്രശ്‌നത്തില്‍ ഗവര്‍ണറും കേന്ദ്രവും അധികാരം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു. അസാധാരണവും അടിയന്തരവുമായ സാഹചര്യങ്ങളില്‍ മാത്രമേ സംസ്ഥാന ഭരണത്തില്‍ ഗവര്‍ണര്‍ ഇടപെടാവൂവെന്നാണ് ചട്ടങ്ങള്‍ ഉണര്‍ത്തുന്നത്. ഇവിടെ അതല്ല സംഭവിച്ചത്. 70 അംഗ നിയമസഭയില്‍ 36 കോണ്‍ഗ്രസ് അംഗങ്ങളുടെയും ആറ് പ്രോഗസീവ് ഡെമോക്രാറ്റിക് അംഗങ്ങളുടെയും പിന്തുണയോടെ റാവത്ത് ഭരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാരെ വിലക്കെടുത്ത് ബി ജെ പി ഈ നെറികെട്ട രാഷട്രീയ കരുനീക്കം നടത്തിയതും ഗവര്‍ണര്‍ ഈ കളികള്‍ക്കെല്ലാം ഒത്താശ ചെയ്തതും. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റല്ല, നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായി രാഷ്ട്രീയ കക്ഷികളെ ക്ഷണിക്കാന്‍ ചുമതലപ്പെട്ടയാളാണെന്ന് ഉത്തരാഖണ്ഡ് കോടതിക്ക് പറയേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്.
ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ് ഇത്തരം വിധികള്‍. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ഭരണകക്ഷിയില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുത്തു അവരുടെ സഹായത്തോട തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അടിത്തറക്ക് തന്നെ ഇളക്കം തട്ടിക്കും. ഈ നിലയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ വെയിലും മഴയുമേറ്റ് നീണ്ട ക്യൂവുകളില്‍ മണിക്കൂറുകളോളം കാത്തിരുന്ന് ജനങ്ങള്‍ വോട്ട് ചെയ്യുന്നതില്‍ എന്തര്‍ഥം? വളഞ്ഞ വഴികളിലൂടെയല്ല, തന്റേടത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട് ജനങ്ങളുടെ പിന്തുണ നേടി അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ജനാധിപത്യ സംവിധാനത്തില്‍ സ്ഥാനം. ഉത്തരാഖണ്ഡില്‍ ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടപ്പോള്‍ അധികാരത്തിലേറാന്‍ ബി ജെ പി പ്രയോഗിച്ച നെറികെട്ട മാര്‍ഗമാണ് ഗവര്‍ണറെ കൂട്ടുപിടിച്ച് റാവത്തിനെ പുറത്താക്കിയ നടപടി.
എക്‌സിക്യുട്ടീവിന് ഇതെല്ലാം ജൂഡീഷ്യല്‍ ആക്ടിവിസമായിരിക്കാം. തങ്ങളുടെ കക്ഷിരാഷ്ട്രീയ താത്പര്യത്തിന് ഹാനികരമായതെല്ലാം അവര്‍ക്ക് അസഹനീയമാണ്. അതേസമയം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ജുഡീഷ്യറിയുടെ ഇടപെടല്‍ തികച്ചും അനിവാര്യമാണ്. അതുകൊണ്ടാണ് ഹൈക്കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയത്. കേന്ദ്രഹരജിയില്‍ സുപ്രീംകോടതി ഉത്തരാഖണ്ഡ് കോടതി ഉത്തരവ് മരവിപ്പിച്ചെങ്കിലും 27ന് കേസ് പരിഗണിക്കുമ്പോല്‍ ജനാധിപത്യത്തിന്റെ സത്തക്ക് അനുസൃതമായ തീരുമാനം പരമോന്നത കോടതിയും കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.